- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇ പി ജയരാജനെതിരെ പി ജെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമായല്ല; അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയത് 2019ൽ കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ; യോഗത്തിൽ സംബന്ധിച്ച കോടിയേരി രേഖാമൂലം പരാതി നൽകാനും നിർദേശിച്ചു; മൂന്ന് വർഷത്തിന് ശേഷം എം വി ഗോവിന്ദന് മുന്നിൽ പി ജയരാജൻ പരാതി ഉയർത്തിയതോടെ കൂടുതൽ തെളിവുകൾ ശേഖരിച്ച്
കണ്ണൂർ: സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജനെതിരെ പി ജയരാജൻ ആരോപണം ഉന്നയിക്കുന്നത് പുതിയതായില്ല. കുറച്ചു കാലമായി തന്നെ പാർട്ടിയിൽ നിശബ്ദരാക്കിയവർക്കെതിരെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിലാണ് പി ജയരാജൻ. ഇതാദ്യമായാല്ല ഇ പി ജയരാജനെതിരെ പി ജെ പരാതി ഉന്നയിക്കുന്നത്. 2019ൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഈ വിഷയം പി ജെ ഉയർത്തിരുന്നു.
സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ പി ജയരാജൻ ഉന്നയിച്ചിരുന്നു. അന്ന് കാര്യമായ പിന്തുണ പി ജയരാജന് ലഭിച്ചില്ല. സംസ്ഥാന കമ്മിറ്റിയിലും കേന്ദ്രകമ്മിറ്റിയിലും അംഗമായ മുതിർന്ന നേതാവിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ രേഖാമൂലം സംസ്ഥാന കമ്മറ്റിക്ക് മുമ്പാകെ സമർപ്പിക്കണമെന്ന ആവശ്യമാണ് അന്ന് യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ച കാര്യം.
അന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംബന്ധിച്ചിരുന്നു. തുടർന്ന് പി ജയരാജനോട് ആരോപണം രേഖാമൂലം സമർപ്പിക്കാൻ കോടിയേരി ആവശ്യപ്പെട്ടതായി പാർട്ടി നേതൃത്വത്തിലുള്ളവർ തന്നെ പറയുന്നു. മൂന്ന് വർഷത്തിന് ശേഷം, പുതിയ എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിൽ വീണ്ടും ആരോപണവുമായി പി ജയരാജൻ രംഗത്തെത്തിയിരിക്കുകയാണ്.
പാർട്ടിക്കുള്ളിൽ അഴിമതി വിരുദ്ധ സമരനായകന്റെ മുഖമാണ് കുറച്ചുനാളായി പി ജയരാജൻ സ്വന്തമാക്കിയിട്ടുള്ളത്. പുതിയ നീക്കത്തോടെ പാർട്ടി പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതി വർധിച്ചതായാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. സാമ്പത്തിക കാര്യങ്ങളിൽ കറപുരളാതെയും, സ്വജനപക്ഷപാത ആരോപണങ്ങളില്ലാതെയും പ്രവർത്തിക്കാൻ കഴിഞ്ഞത് പി ജയരാജന്റെ നേട്ടമായി പറയുന്നു. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിലുള്ള ആക്ഷേപങ്ങളാണ് കരിനിഴൽ വീഴ്ത്തിയ ഏക ആരോപണം.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകരയിലുണ്ടായ തോൽവിക്കുശേഷം പി ജയരാജനെ മാറ്റി നിർത്തുകയാണെന്നായിരുന്നു വിമർശനം. എന്നാൽ, താരതമ്യേന താഴ്ന്ന സ്ഥാപനമായ കേരള ഖാദി ബോർഡിന്റെ വൈസ് ചെയർമാനായി പാർട്ടി അദ്ദേഹത്തെ നിയോഗിച്ചത് മാത്രമാണ് എടുത്തുപറയാനുള്ളത്. പുതിയ വിമർശനത്തിലൂടെ പി ജയരാജൻ ലക്ഷ്യമിടുന്നതെന്താണെന്നതിനെ കുറിച്ച് നേതൃതലത്തിലുള്ളവർക്ക് പോലും വ്യക്തമായ മറുപടിയില്ലാത്ത അവസ്ഥയാണ്.
എം വി ഗോവിന്ദനാണെങ്കിൽ പാർട്ടിയിലെ കള്ളനാണയങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവർത്തിക്കുന്നതിനിടെയാണ് ഇപി ജയരാജനെതിരെയുള്ള ആരോപണം മുൻപിലെത്തുന്നത്. ഇക്കാര്യത്തിലെന്ത് നടപടി സ്വീകരിക്കുമെന്നാണ് അനുയായികൾ ഉറ്റുനോക്കുന്നത്. പാർട്ടിയിൽ മൂന്ന് വർഷത്തിനിടെ സിപിഎമ്മിന്റെ ഉൾപാർട്ടി സമവാക്യങ്ങളിൽ വലിയ മാറ്റമാണുണ്ടായത്. നിലവിൽ പി ജയരാജനെപ്പോലെ ഇപി ജയരാജനും പാർട്ടിയിൽ നിന്നും വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന വിമർശനമുണ്ട്. എൽ.ഡി.എഫ് കൺവീനറാണെങ്കിലും കോടിയേരിയുടെ വിയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയാകാനാണ് ഇ.പി.ജയരാജന്റെ ആഗ്രഹമെന്ന് പ്രചാരണമുണ്ടായിരുന്നു.
അതേസമയം ആരോപണ വിധേയനായ ഇ.പി ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപിയെ അനുകൂലിക്കുന്ന നേതാക്കൾ കണ്ണൂരിൽ വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രമേയുള്ളുവെന്നത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭാര്യാ സഹോദരിയും കേന്ദ്ര കമ്മിറ്റിയംഗവുമായപി.കെ ശ്രീമതിയടക്കമുള്ള ചില നേതാക്കളാണ് ഇ.പിയെ അനുകൂലിക്കുന്ന വർ.
ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ഒഴിവാക്കാൻ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപെടെയുള്ളവർ അണിയറയിൽ കരു നീക്കങ്ങൾ നടത്തുന്നുവെന്ന ആരോപണം കണ്ണൂരിലെ പാർട്ടിയിൽ ശക്തിയാണ് 'പാർട്ടിയിലെ സർവ ശക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ മൗനം പാലിക്കുന്നതും ഇതു തിരിച്ചറിഞ്ഞതു കൊണ്ടാണെന്നാണ് സൂചന. എന്നാൽ തനിക്കെതിരെയുള്ള സാമ്പത്തിക വിവാദ ആരോപണം പി.ജയരാജൻ ഉന്നയിക്കുകയും പിന്നീട് രേഖാമൂലം പരാതി നൽകുകയും ചെയ്തത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പിൻതുണയോടെയാണെന്നാണ് ഇ.പി ജയരാജൻ കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ