മലപ്പുറം: മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉയര്‍ത്തിയ കെ.ടി.ജലീല്‍ എം.എല്‍.എക്ക് വീണ്ടും മറുപടിയുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.അബ്ദുറബ്ബ്.

രണ്ടാഴ്ചക്കകം മലയാളം സര്‍വകലാശാലക്ക് സ്ഥലമേറ്റെടുക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ജലീല്‍ പറയുന്ന 2019 ഫെബ്രുവരി 21ന് പുറത്തിറങ്ങിയ പത്ര റിപ്പോര്‍ട്ട് അബ്ദുറബ്ബ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു കൊണ്ടാണ് ജലീലിന് മറുപടി നല്‍കിയിരിക്കുന്നത്. 2016ല്‍ താന്‍ മന്ത്രിയായ കാലത്ത് സ്ഥലം ഏറ്റെടുത്തുവെന്ന ജലീലിന്റെ ആരോപണങ്ങള്‍ക്ക് ജലീല്‍ തന്നെ മറുപടി പറയുന്നതാണ് ഈ പത്ര റിപ്പോര്‍ട്ടെന്നും അബ്ദുറബ്ബ് പറയുന്നു.

'2016 ഫെബ്രുവരിയില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭൂവുടമകള്‍ വില കൂട്ടി ചോദിച്ചുവെന്നും, ഏറെ സമയത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഭൂവുടമകളുടെ കൂടെ സമ്മതത്തോടെ കലക്ടര്‍ അന്തിമ തീരുമാനത്തിലെത്തിയെന്നും ജലീല്‍ ഷെയര്‍ ചെയ്ത മിനുട്ട്‌സില്‍ കാണുന്നു. എന്നാല്‍ ആ മിനുട്ട്‌സില്‍ ഭൂവുടമകളായി ആരൊക്കെ പങ്കെടുത്തുവെന്ന് ജലീല്‍ പറയുന്നുമില്ല. 2016 മാര്‍ച്ചോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ആ യോഗത്തിന്റെ റിപ്പോര്‍ട്ട് അന്നത്തെ കലക്ടര്‍ സംസ്ഥാന സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നത്

2016 ജൂണിലുമാണ്. അപ്പോഴേക്കും കേരളത്തില്‍ ഭരണം മാറി എല്‍.ഡി.എഫ് അധികാരത്തില്‍ വരികയും ചെയ്തു. ഞാന്‍ പോലും കാണാത്ത കലക്ടറുടെ ആ റിപ്പോര്‍ട്ട് കാണിച്ചാണ് ജലീല്‍ ഇന്ന് തുള്ളിച്ചാടുന്നത്.'-എന്ന് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

പി.കെ.അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

'ഒരു നുണ തെളിയിക്കാന്‍ ആയിരം നുണ പറയുന്ന വളാഞ്ചേരിയിലെ ഗീബല്‍സ് ഒരു കാര്യമോര്‍ക്കണം, എന്തെങ്കിലും പറഞ്ഞു പോയാല്‍ അതു സത്യമാണോ, കളവാണോ എന്നറിയാന്‍ ഏറെ സമയമൊന്നും വേണ്ടി വരാത്ത എ.ഐ കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്.

2016ല്‍ ഞാന്‍ മന്ത്രിയായ കാലത്ത് സ്ഥലം ഏറ്റെടുത്തു എന്ന് ജലീല്‍ പറഞ്ഞ മലയാളം സര്‍വ്വകലാശാലക്ക്, 2019 ഫെബ്രുവരി 21ന് രണ്ടാഴ്ചക്കകം സ്ഥലമേറ്റെടുക്കുമെന്ന് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീല്‍ തന്നെ പറയുന്ന ഒരു പത്രവാര്‍ത്ത; ജലീല്‍ തന്നെ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തതും ഇവിടെ കാണാം. അതായത് ജലീല്‍ ഇന്നുയര്‍ത്തുന്ന പല ആരോപണങ്ങള്‍ക്കും മറുപടി പറയുന്നത് പഴയ ജലീലും, പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റുകളുമാണ്. ജലീലിന് മറുപടി ജലീല്‍ തന്നെ!

2016 ഫെബ്രുവരിയില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭൂവുടമകള്‍ വില കൂട്ടി ചോദിച്ചുവെന്നും, ഏറെ സമയത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഭൂവുടമകളുടെ കൂടെ സമ്മതത്തോടെ കലക്ടര്‍ അന്തിമ തീരുമാനത്തിലെത്തി, എന്നും ജലീല്‍ ഷെയര്‍ ചെയ്ത മിനുട്ട്‌സില്‍ കാണുന്നു. എന്നാല്‍ ആ മിനുട്ട്‌സില്‍ ഭൂവുടമകളായി ആരൊക്കെ പങ്കെടുത്തുവെന്ന് ജലീല്‍ പറയുന്നുമില്ല.

2016 മാര്‍ച്ചോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ആ യോഗത്തിന്റെ റിപ്പോര്‍ട്ട് അന്നത്തെ കലക്ടര്‍ സംസ്ഥാന സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നത് 2016 ജൂണിലുമാണ്. അപ്പോഴേക്കും കേരളത്തില്‍ ഭരണം മാറി ഘഉഎ അധികാരത്തില്‍ വരികയും ചെയ്തു.

ഞാന്‍ പോലും കാണാത്ത കലക്ടറുടെ ആ റിപ്പോര്‍ട്ട് കാണിച്ചാണ് ജലീല്‍ ഇന്ന് തുള്ളിച്ചാടുന്നത്. എന്നാല്‍ ജലീല്‍ ഊറ്റം കൊള്ളുന്ന 2016 ഫെബ്രുവരിയിലെ കലക്ടറുടെ വില നിര്‍ണ്ണയ യോഗത്തിന്റെ മാസങ്ങള്‍ക്കു ശേഷം; ഡിസംബറില്‍, മലയാളം സര്‍വ്വകലാശാലയുടെ നിര്‍ദ്ദിഷ്ട ഭൂമി ആരുടെ കൈവശമായിരുന്നു എന്നതിന് സര്‍ക്കാര്‍ തന്നെ നല്‍കിയ വിവരാവകാശ രേഖകളാണ് ഇവിടെ കൊടുത്തിട്ടുള്ളത്..

ഈ രേഖയില്‍ പറഞ്ഞ ഭൂവുടമകളല്ല 2017 ജൂണിലും കലക്ടര്‍ വിളിച്ച് ചേര്‍ത്ത വില നിര്‍ണ്ണയ യോഗത്തില്‍ പങ്കെടുത്തിട്ടുള്ളത് എന്ന് ഇതിന്റെ കൂടെയുള്ള മിനുട്ട്‌സ് നോക്കിയാല്‍ മനസ്സിലാവും. 2016 ഡിസംബറിലെ ഭൂവുടമകളില്‍ നിന്നല്ല, 2019 ല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജലീല്‍ മലയാളം സര്‍വ്വകലാശാലക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത് എന്നു വ്യക്തം. ഇതിനിടയില്‍ നടന്ന എല്ലാ അവിഹിത ഇടപെടലുകളും, തിരൂര്‍ കേന്ദ്രീകരിച്ച് ഭൂമാഫിയ നടത്തിയ രഹസ്യവും പരസ്യവുമായ എല്ലാ നീക്കങ്ങളും ജലീല്‍ അറിയാതെയാണോ? കാരണം കലക്ടര്‍ വിളിക്കുന്ന വില നിര്‍ണ്ണയ യോഗങ്ങളില്‍ സ്ഥിരം പങ്കെടുത്തിരുന്നവര്‍ ചില്ലറക്കാരല്ല, അവര്‍ക്ക് ജലീലിനെയറിയാം, ജലീലിന് അവരെയുമറിയാം..!

ഇതൊന്നും മായമല്ല, മന്ത്രമല്ല, മായാജാലമല്ല.. ഈ അവിഹിത ഇടപെടലുകളൊന്നും പെട്ടന്നുണ്ടായതുമല്ല...! ഇതിനെ ന്യായീകരിക്കാനാണ് ജലീല്‍ ഇങ്ങനെ നിരന്തരം പത്ര സമ്മേളനങ്ങള്‍ നടത്തി വെപ്രാളപ്പെടുന്നത്. മായാവിയുടെയും,കുട്ടൂസന്റെയും, ശിക്കാരി ശംഭുവിന്റെയും കഥ പോലെയല്ല, ചതുപ്പു നിറഞ്ഞ, കണ്ടല്‍കാടുകള്‍ നിറഞ്ഞ ഭൂമിയുടെ വില... മുവ്വായിരത്തില്‍ നിന്നും... മുപ്പത്തയ്യായിരത്തില്‍ നിന്നും... ലുട്ടാപ്പി കുന്തത്തില്‍ പോവുന്ന പോലെ കുത്തനെ മേല്‍പ്പോട്ട്... 160000 ത്തിലെത്തിച്ച ആ ശക്തിമരുന്ന് എന്താണ്?

2016 ഡിസംബറിലെ ഭൂവുടമകളുടെ പേരും, തലയുമൊക്കെ 2019 ആയപ്പോഴേക്കും മാറ്റിയെടുത്ത ആ അത്ഭുതബസിദ്ധി എന്താണ്? പറഞ്ഞിട്ട് പോയാല്‍ മതി ജലീലേ...!'