കണ്ണൂര്‍: സംസ്ഥാന രാഷ്ട്രീയത്തില്‍ പൊലിസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തി. പി.വി. അന്‍വര്‍ എംഎല്‍എ പൊട്ടിച്ച ബോംബിനെക്കാള്‍ പതിന്‍മടങ്ങ് പ്രഹര ശേഷിയുള്ള ബോംബ് എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ കയ്യിലുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

നടപടിയെടുത്താല്‍ മന്ത്രിസഭ തന്നെ തകരുമെന്ന് മുഖ്യന്‍ ഭയക്കുകയാണ്. സ്വന്തം കസേര ഉറപ്പിക്കാനാണ് മുഖ്യമന്ത്രി കുറ്റാരോപിതനായ എഡിജിപിയെ സംരക്ഷിക്കുന്നത്. പുറത്ത് നിര്‍ത്താനല്ല അടുത്തും അകത്തും നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. പി.വി. അന്‍വറിനും കൂടെയുള്ള നേതാക്കളായ കാരാട്ട് റസാഖ് ഉള്‍പ്പടെയുള്ളവര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസുമായി നല്ല ബന്ധമുണ്ട്. ഇതേ ബന്ധം തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി എഡിജിപിക്കും. ഇവര്‍ തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു തലവന്റെ കീഴിലുള്ള രണ്ട് സംഘങ്ങളുടെ പരസ്യമായ ഏറ്റുമുട്ടലാണ്. നടക്കുന്നത്. അതോടൊപ്പം ഇവരെ ഒന്നിച്ച് കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നു. സിപിഎം സംസ്ഥാന നേതൃത്വം ഇതിന് മൗനാനുവാദം നല്‍കുകയാണ്.

പുറത്തുള്ള അധോലോകത്തിനെക്കാള്‍ വലിയെ അധോലോകമാണ് പോലീസിനകത്ത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മാഫിയാ താവളമായി മാറി. ഒരു സാധാരണ അധോലോക സംഘം പോലും ചെയ്യാന്‍ അറയ്ക്കുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. പോലീസിനകത്ത് വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നു. പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞത് ശരിയാണോ തെറ്റാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അന്‍വര്‍ പറഞ്ഞത് ശരിയാണെങ്കില്‍ എഡിജിപിക്കെതിരെ നടപടിയെടുക്കണം. തെറ്റാണെങ്കില്‍ അന്‍വറിനെതിരെ നടപടിയെടുക്കണം. ഇതിന് രണ്ടിനും മുഖ്യമന്ത്രിക്ക് സാധിക്കില്ല എന്നതാണ് വസ്തുത.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് എം.ആര്‍. അജിത് കുമാര്‍. രാജ്യദ്രോഹം, കൊലപാതകം, മോഷണം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന് വന്നിരിക്കുന്നത്. തെളിവുകള്‍ അന്‍വര്‍ തന്നെ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. അജിത് കുമാറിനെതിരായ അന്വേഷണം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നടത്തുന്നത്. ഇതിലും നല്ലത് അജിത്കുമാറിനെകൊണ്ട് തന്നെ അന്വേഷിപ്പിക്കുന്നതാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം തികച്ചും പ്രഹസനമാണ്. നിഷ്പക്ഷ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. അതുകൊണ്ട് അന്‍വറിന്റെ പരസ്യ പ്രസ്ഥാവനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണം.

എഡിജിപി മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഫോണ്‍ ചോര്‍ത്തിയെന്നാണ് അന്‍വര്‍ പറഞ്ഞത്. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നുറപ്പാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാണ് ഇതില്‍ ഒന്നാം പ്രതി. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള പ്രതിപക്ഷ നേതാവിന്റെ ബോധപൂര്‍വ്വമായ ശ്രമവും നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവിന് ഒരു രഹസ്യ ബന്ധമുണ്ടെന്നും കേരളത്തില്‍ അതി ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വ നല്‍കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജില്ലാ ഉപാധ്യക്ഷന്‍മാരായ ടി.സി. മനോജ്, രാജന്‍ പുതുക്കുടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.