- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ സിപിഎം ആര്‍എസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നു; മലപ്പുറത്തെ കുറിച്ച് ദേശീയ തലത്തില്‍ പിആര്‍ ഏജന്‍സി നടത്തിയ പ്രചരണം ഗൗരവതരം: പിണറായിക്കെതിരെ കുഞ്ഞാലിക്കുട്ടി
കേരളത്തിലെ സിപിഎം ആര്‍എസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നു
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറിനുമെതിരെ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലെ സിപിഎം, ആര്‍എസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നുവെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. മലപ്പുറത്തെ കുറിച്ച് ദേശീയ തലത്തില്‍ പിആര്‍ ഏജന്‍സി നടത്തിയ പ്രചരണം ഗൗരവതരമാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കണം. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയ തലത്തില്‍ ബിജെപിയുടെ പിന്തുണയോടെ സാമുദായിക ധ്രുവീകരണത്തിനു ശ്രമിക്കുന്ന പിആര്‍ ഏജന്‍സികള്‍ക്ക് ഏറ്റവും സ്വാധീനമുള്ള ഇടമായി കേരളം മാറിയെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഇനി മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ ഏജന്‍സിക്കെതിരെ ശക്തമായ നടപടിയാണു വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ 'കാഫിര്‍' കാര്‍ഡ് ഇറക്കി വലിയ വര്‍ഗീയ ചേരിതിരിവിനാണു സിപിഎം ശ്രമിച്ചതെങ്കിലും അതു പരാജയപ്പെട്ടു. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള അവരുടെ നയവ്യതിയാനമാണോ മലപ്പുറം വിരുദ്ധ പരാമര്‍ശമെന്നറിയില്ല. ഇത്തരം വര്‍ഗീയ വിഭജനശ്രമങ്ങളിലൂടെ ന്യൂനപക്ഷത്തിന്റെ പിന്തുണ സിപിഎമ്മിനു നഷ്ടപ്പെടുന്നത് നല്ല കാര്യമല്ല.
കമ്യൂണിസമാണു വേണ്ടതു കമ്യൂണലിസമല്ലെന്ന് അവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് ഇനിയും ധ്രുവീകരണത്തിനാണു ശ്രമമെങ്കില്‍ ഒരു അന്‍വറല്ല, ഒരുപാട് അന്‍വര്‍മാര്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പി.വി.അന്‍വര്‍ എംഎല്‍എയോടുള്ള നിലപാട് യുഡിഎഫില്‍ എല്ലാവരും ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു കുഞ്ഞാലിക്കുട്ടി. അദ്ദേഹം ഒരുപാടു വിഷയങ്ങള്‍ വെളിപ്പെടുത്തുകയും ക്യാംപെയ്ന്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. ലീഗ് അടക്കമുള്ളവര്‍ നേരത്തേ ഉന്നയിച്ച വിഷയങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്‍വറിന്റെ ആരോപണങ്ങള്‍. കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം വന്നു കണ്ടിരുന്നു. ഈ വിഷയം ലീഗ് അല്‍പംകൂടി കാര്യമായെടുക്കും. താമിറിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
അതേസമയം ഹിന്ദു ദിനപത്രത്തിനും കൈസന്‍ പിആര്‍ ഏജന്‍സിക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത് . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിന്‍ വര്‍ക്കിയാണ് പരാതി നല്‍കിയത്.