- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ സി പി എം അനുകൂലവിഭാഗം സംഘടിപ്പിക്കുന്ന എം വി ആർ അനുസ്മരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ പി കെ കുഞ്ഞാലിക്കുട്ടിയും; തട്ടകത്തിൽ മുസ്ലിം ലീഗ് നേതാവിനെ ക്ഷണിച്ചു അടവുനയവുമായി സി പി എം; പ്രതികരിക്കാതെ മൗനം പാലിച്ചു കോൺഗ്രസ് നേതൃത്വം
കണ്ണൂർ: സി.പി. എം അനുകൂലവിഭാഗം സംഘടിപ്പിക്കുന്ന എം.വി രാഘവൻ ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ പി.കെ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചത് രാഷ്ട്രീയ ചർച്ചയായി മാറുന്നു. ഈ മാസം ഒൻപതിന് എം വി ആർ മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് എം വി ആർ ദിനാചരണം നടത്തുന്നത്. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയ്ക്കു ശേഷം നടക്കുന്ന സെമിനാറിലാണ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കുന്ന പരിപാടി സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവനാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരളനിർമ്മിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാർ നടത്തുന്നത്.- സി. പി. എമ്മിൽ സി. എംപി ലയനത്തിന്റെ ഭാഗമായി ചേർന്ന പാട്യം രാജൻ അധ്യക്ഷത വഹിക്കുന്ന സെമിനാർ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനും പങ്കെടുക്കുന്നുണ്ട്.
സി.പി. എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചത് യു.ഡി. എഫിൽ ഏറെ ചർച്ചയായിരുന്നു. ലീഗ് ആ ക്ഷണം നിരസിച്ചുവെങ്കിലും ലീഗിൽ ഇതിലൂടെ അഭിപ്രായഭിന്നത സൃഷ്ടിക്കാനും യു.ഡി. എഫിൽ ഏറ്റുമുട്ടലിന്റെ സാഹചര്യം സൃഷ്ടിക്കാനും സി.പി. എമ്മിന് കഴിഞ്ഞിരുന്നു. ഇതിനിടെയാണ് സി.പി. എം അനുകൂല എം വി ആർ വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത്.
മുസ്ലിം ലീഗ് എൽ. ഡി. എഫിലേക്ക് ചേക്കേറുമെന്ന ആശങ്ക കോൺഗ്രസിൽ നിലനിൽക്കവെ കുഞ്ഞാലിക്കുട്ടി സി.പി. എം അനുകൂല സംഘടനയുമായി സഹകരിക്കുന്നതിൽ കോൺഗ്രസ് നേതാക്കളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് മുതിരേണ്ടെന്ന നിലപാടിലാണ് പാർട്ടി നേതാക്കൾ.
ഇതിനിടെ ഫലസ്തീൻ റാലിയെ ചൊല്ലിയുള്ള വിഷയത്തിൽ മലപ്പുറത്തെ കോൺഗ്രസ് ഗ്രൂപ്പുതർക്കം വഷളായ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പാണക്കാട്ടെത്തിയ ചർച്ച നടത്തിയത് മഞ്ഞുരുക്കുയിട്ടുണ്ട്. കോൺഗ്രസ് ഇസ്രയേലിനെ അനുകൂലിക്കുന്ന പാർട്ടിയാണെന്ന സിപിഎം ആരോപണങ്ങൾക്കിടെയാണ് കോൺഗ്രസ് നേതാക്കൾ മുസ്ലിംലീഗ് നേതൃത്വവുമായി ആശയവിനിമയം നടത്തിയത്. ഫലസ്തീൻ ഐക്യദാർഡ്യമടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം ലീഗിനുണ്ടായ ആശങ്കകൾ പരിഹരിക്കുന്നതിനാണ് കോൺഗ്രസ് നേതാക്കൾ സമവായ ചർച്ചകളുമായി മുന്നിട്ടിറങ്ങിയത്.
കോൺഗ്രസ് നേതൃതല കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി മലപ്പുറത്ത് എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. ചൊവ്വാഴ്ച്ച രാവിലെ ഒൻപതരയോടെ പാണക്കാട് എത്തിയ വി.ഡി സതീശൻ പാണക്കാട് സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, പി. എം. എസലാം, എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിനു പിന്നാലെ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പാണക്കാട്ട് എത്തുമെന്നാണ് സൂചന. കെ.സുധാകരന്റെ വിവാദപ്രസ്താവനകൾ മുസ്ലിം ലീഗിൽ അതൃപ്തിയുണ്ടാക്കിയ സാഹചര്യത്തിലാണ് പാണക്കാട്ടെ സന്ദർശനം. ഇതുവരെ മുസ്ലിം ലീഗുമായി കോൺഗ്രസിന് യാതൊരു പ്രശ്നങ്ങളുമില്ലെന്നും തുടർന്നും അങ്ങനെ തന്നെ മുൻപോട്ടുപോകുമെന്നും സന്ദർശനത്തിന് ശേഷം വി.ഡി സതീശൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്