- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി; സെമിനാറിൽ പങ്കെടുത്തില്ലെങ്കിലും വീഡിയോ സന്ദേശം അയച്ചുകൊടുത്ത് ലീഗ് നേതാവ്; കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് കോൺഗ്രസെന്ന് എം വി ജയരാജൻ
കണ്ണൂർ: കണ്ണൂരിൽ നടന്ന എം വി ആർ അനുസ്മരണപരിപാടിയിൽ നിന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പിന്മാറി. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന പരിപാടിയിൽ നിന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി പിന്മാറിയത്. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും തന്റെ വീഡിയോ സന്ദേശം സംഘാടകർക്ക് കുഞ്ഞാലിക്കുട്ടി അയച്ചു കൊടുത്തിരുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും സഹകരണ മേഖലയെ തകർക്കുന്ന നയപരിപാടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയുടെത് ജനകീയ ഇടപെടലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേ സമയം കോൺഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള സി.പി. എം അനുകൂല എം വി ആർ ട്രസ്റ്റ് നടത്തിയ പരിപാടിയിൽ പങ്കെടുത്തു. ഡി.സി.സി അനുമതിയോടെയാണ് പരിപാടിയിൽ പങ്കെടുത്തതെന്നു കരകുളം കൃഷ്ണപിള്ള പറഞ്ഞു. തനിക്ക് ഒരുവിലക്കും പാർട്ടിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് അസൗകര്യം കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിലക്കുന്നവർക്കുള്ള വിലക്കാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.വി ആർ ട്രസ്റ്റിന് അയച്ച വീഡിയോ സംഭാഷണമെന്നു സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. സെമിനാറിൽ പി.കെ കുഞ്ഞാലിക്കുട്ടി വരണമെന്നു ആഗ്രഹിച്ചവരും വരണ്ടെന്നു ആഗ്രഹിച്ചവരുമുണ്ട്. സഹകരണ മേഖലയിൽ രാഷ്ട്രീയത്തിനതീതമായ സഹകരണം അനിവാര്യമാണെന്നും എം.വി ജയരാജൻ പറഞ്ഞു.
സി. എം. പി ഔദ്യോഗിക വിഭാഗം നേതാവ് സി. പി ജോണിന്റെ ഇടപെടൽ കാരണമാണ് പി.കെ കുഞ്ഞാലിക്കുട്ടി അവസാന നിമിഷം പരിപാടിയിൽ നിന്നും പിന്മാറിയതെന്നാണ് സൂചന. സി.പി. എം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ തങ്ങളുടെ അതൃപ്തി നേരത്തെ ലീഗ് നേതൃത്വത്തെ സി.പി. ജോൺ അറിയിച്ചിരുന്നു. എം വി ആറിന്റെ മകൻ എം.വി നികേഷ് കുമാറാണ് പി.കെ കുഞ്ഞാലിക്കുട്ടിയെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത്. എം വി ആറുമായുള്ള അടുപ്പത്തെ തുടർന്നാണ് പരിപാടിയിൽ പങ്കെടുക്കാമെന്നു സമ്മതിച്ചത്. ഇതിനെ സി.പി. എം വേദിയിൽ പങ്കെടുക്കുന്നുവെന്ന വ്യാഖ്യാനമുണ്ടായതാണ് കുഞ്ഞാലിക്കുട്ടിയെ പിൻതിരിപ്പിച്ചത്.
തനിക്കേറെ പ്രിയപ്പെട്ട എം.വി ആറിന്റെ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും പരിപാടിയിൽ പങ്കെടുക്കാനാവാത്തതിൽ ദുഃഖമുണ്ടെന്നും കുഞ്ഞാലിക്കുട്ടി തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയത്തിൽ കോൺഗ്രസിലെ ചില നേതാക്കൾ മുസ്ലിം ലീഗിനെ ഭയക്കുകയാണെന്നും ലീഗില്ലെങ്കിൽ യു.ഡി. എഫുണ്ടാവില്ലെന്നു അറിയാവുന്ന കെ.സുധാകരനും വി.ഡി സതീശനുമാണ് ഇതിന് പിന്നിലെന്നും മന്ത്രി വി. എൻ വാസവൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
കേരള നിർമ്മിതിയിൽ സഹകരണ മേഖലയുടെ പങ്കെന്ന വിഷയത്തിലാണ് എം വി ആർ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ നടത്തിയത്. സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവനാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. എം.വി നികേഷ് കുമാർ, എം.വി ജയരാജൻ, കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.