കണ്ണൂർ: സ്വന്തം പാർട്ടി ഭരിക്കുന്ന സർക്കാരിന്റെ പൊലിസിനെതിരെയുള്ള തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് പി.കെ ശ്രീമതി.പൊലിസിനെതിരെ താൻ മാത്രമല്ല മുഖ്യമന്ത്രിയും വിമർശിച്ചിട്ടുണ്ടെന്ന് സി.പി. എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിവ്യക്തമാക്കി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീമതി.

കേരളാ പൊലീസിന്റെ അന്വേഷണമികവിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. എന്നാൽ മികവിനിടെയിലും ചില പൊലിസ് ഉദ്യോഗസ്ഥന്മാർ ക്രിമിനൽ സ്വഭാവംകാട്ടി. ഇതിനെയാണ് താൻ ഫേസ്‌ബുക്കിലൂടെ വിമർശിച്ചതെന്നും പി.കെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പീഡനക്കേസിൽ പ്രതി! തൃക്കാക്കര സിഐ സുനു സ്ഥിരം കുറ്റവാളി; വേലി തന്നെ വിളവ് തിന്നുന്നോ എന്ന പ്രയോഗവുമായി പി.കെ ശ്രീമതി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പൊലിസിനെ വിമർശിച്ചത്.

ഇതിനെ പിൻതുണച്ചുകൊണ്ടു എൽ. ഡി. എഫ് കൺവീനറും സഹോദരി ഭർത്താവുമായ ഇ.പി ജയരാജൻ പിന്നീട് രംഗത്തുവരികയും ചെയ്തു. എൽ. ഡി. എഫ് ഭരണത്തിനെതിരെ സി.പി. എം കേന്ദ്രകമ്മിറ്റിയംഗങ്ങൾ വിമർശനവുമായി രംഗത്തെത്തിയത് അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് കേരളത്തിലെ പൊലിസ് സ്‌ക്വാട്ട്ലാൻഡ് യാർഡിനെക്കാൾ മികച്ചതാണെന്നു പറഞ്ഞ് പുകഴ്‌ത്താനും പി.കെ ശ്രീമതി പറയാൻ മറന്നില്ല.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ സ്വന്തം പാർട്ടിയിലെ കേന്ദ്രകമ്മിറ്റിയംഗം തന്നെ രംഗത്തുവന്നത് സി.പി. എമ്മിനുള്ളിലും ചർച്ചയായിരുന്നു. നേരത്തെ സംസ്ഥാന പൊലിസിനെ സിപിഐ നേതാവ് ആനിരാജ വിമർശിച്ചത് സി.പി. എം നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതിനു കടുത്ത ഭാഷയിലെ മറുപടിയാണ് എം. എം മണിയടക്കമുള്ള നേതാക്കൾ പറഞ്ഞത്. ഡൽഹിയിൽ പോയി അവർ എന്തോ ഉണ്ടാക്കുന്നുവെന്നായിരുന്നു എം. എം മണിയുടെ പരിഹാസം.