കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എംഎല്‍എ കൂടിയായ നടന്‍ മുകേഷിനെ പിന്തുണച്ച് പി കെ ശ്രീമതി ടീച്ചര്‍.മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പി കെ ശ്രീമതി വ്യക്തമാക്കി. മുകേഷ് രാജിവെക്കേണ്ടതില്ല..ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ല.ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി പ്രതികരിച്ചു.

ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നത് സര്‍ക്കാരിന്റെ ഉറപ്പാണ്.കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്.ടീമിനെ അഭിനന്ദിക്കുന്നു.മുഖം നോക്കാതെ കാര്യങ്ങള്‍ ചെയ്യുന്നു.ആരോപണം ഗുരുതരമായി കാണണം.ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കും എന്നും മുന്‍ മന്ത്രി പറഞ്ഞു.

നടിയുടെ പരാതിയില്‍ മരട് പൊലീസാണ് എം മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 26-ാം തീയതിയാണ് എം മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, നോബിള്‍, വിച്ചു, ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ നടി രംഗത്തെത്തിയത്.നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.

അതേസമയം നടന്‍ മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി പരാതിക്കാരിയായ നടി. പീഡിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷമുണ്ട്. ഇവര്‍ക്കെതിരെ ഫോണ്‍ ചാറ്റുകള്‍, റെക്കോര്‍ഡിങ്ങുകള്‍ അടക്കം തെളിവുകള്‍ കൈവശമുണ്ട്. മുകേഷ് എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. മനസ്സ് വിങ്ങിയാണ് ജീവിച്ചത്. സര്‍ക്കാറിന്റെയും പൊലീസിന്റെയും പിന്തുണ ആത്മവിശ്വാസം നല്‍കുന്നുവെന്നും നടി പറഞ്ഞു.

മുന്‍പ് പരാതികൊടുക്കാന്‍ സാഹചര്യമില്ലായിരുന്നു. ഇന്ന് ജനം മാറി, സര്‍ക്കാര്‍ മാറി, നിയമം മാറി. അതുകൊണ്ടാണ് പരാതി കൊടുത്തത്. ഭര്‍ത്താവ് മറ്റുള്ള പെണ്ണുങ്ങളെ തേടി പുറത്തുപോകുന്നത് ഭാര്യമാരുടെ കുറവ് കൊണ്ടായിരിക്കും. വൃത്തികെട്ട രീതിയില്‍ സംസാരിച്ച മുകേഷ് വഴങ്ങിത്തരണമെന്നും ആവശ്യപ്പെട്ടു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണമെന്നും നടി പറഞ്ഞു. സിനിമാരംഗത്ത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പീഡനത്തിന് ഇരയാകുന്നുണ്ട്.

പാര്‍ട്ടിയും മുകേഷിന്റെ കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ല. താന്‍ മാത്രമല്ലല്ലോ എത്ര പേരാണ് മുകേഷിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ഒരു കള്ള മുഖം മൂടി വച്ചാണ് അയാള്‍ കസേരയില്‍ ഇരിക്കുന്നത്. എംഎല്‍എ ആയിരിക്കാന്‍ മുകേഷിന് അര്‍ഹതയില്ലെന്നും നടി പറഞ്ഞു. താന്‍ ബ്ലാക്ക്മെയില്‍ ചെയ്തെന്ന മുകേഷിന്റെ ആരോപണവും നടി തള്ളി. ബ്ലാക്ക് മെയില്‍ ചെയ്തെങ്കില്‍ എന്തുകൊണ്ട് മുകേഷ് പൊലീസില്‍ പരാതി നല്‍കിയില്ലെന്നും നടി ചോദിച്ചു.

നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗക്കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.