ഷൊർണൂർ: ഷൊർണൂർ നഗരസഭയിൽ ഇടത് മുന്നണി സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച് വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി പി. നിർമല ചെയർപേഴ്സണാക്കാനുള്ള തീരുമാനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തം. സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ നിർണായക തീരുമാനമാണിത്. ഭരണസ്ഥിരത ഉറപ്പാക്കാനാണ് തീരുമാനമെന്ന് സിപിഎം വിശദീകരണം.

ഏരിയ കമ്മിറ്റിയുടെ ഈ തീരുമാനം ഇടതുമുന്നണിയുടെ ഷൊർണൂർ മുനിസിപ്പൽ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തതോടെ ചെയർപേഴ്സൺ സ്ഥാനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായി. പ്രാദേശിക സിപിഎം നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ തങ്ങളുടെ അതൃപ്തി പരസ്യമാക്കിയ സാഹചര്യത്തിലാണ് പാർട്ടിയുടെ വിശദീകരണം.

ആകെ 35 സീറ്റുകളുള്ള ഷൊർണൂർ നഗരസഭയിൽ എൽഡിഎഫിന് 17 സീറ്റും ബിജെപിക്ക് 12 സീറ്റും യുഡിഎഫിന് 5 സീറ്റുമാണുള്ളത്. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയാണ് പി. നിർമല. നേരത്തെ, കോൺഗ്രസും ബിജെപിയും ചേർന്ന് പി. നിർമലയെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇരു പാർട്ടികളുടെയും ഘടകങ്ങൾ യോഗം ചേർന്ന് അത്തരമൊരു നീക്കം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അതേസമയം, പാലക്കാട് നഗരസഭയിൽ ചെയർമാൻ സ്ഥാനാർത്ഥിയായി പി. സ്മിതേഷിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ടി. ബേബിയെയും ബിജെപി പ്രഖ്യാപിച്ചു. മുരുകണി വാർഡിൽ നിന്നാണ് പി. സ്മിതേഷ് ഇത്തവണ വിജയിച്ചത്. നിലവിൽ ബിജെപി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ് അദ്ദേഹം.

സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസിന് ചെയർമാൻ സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം സ്മിതേഷിന് നറുക്കുവീഴുകയായിരുന്നു. സി. കൃഷ്ണകുമാർ വിരുദ്ധപക്ഷക്കാരനാണ് സ്മിതേഷ്. ഇത്തവണ കൃഷ്ണകുമാർ പക്ഷം സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് സ്മിതേഷിന് സീറ്റ് നൽകിയത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് നഗരസഭയിൽ ബിജെപിയെ തടയാൻ കോൺഗ്രസും സിപിഎമ്മും സഖ്യസാധ്യതകൾ അന്വേഷിച്ച് നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, മതേതര സഖ്യസാധ്യത പ്രാവർത്തികമാക്കാൻ ഇരു പാർട്ടികൾക്കും കഴിഞ്ഞില്ല. 53 വാർഡുകളുള്ള പാലക്കാട് നഗരസഭയിൽ ബിജെപി 25 വാർഡുകളിലും യുഡിഎഫ് 18 വാർഡുകളിലും എൽഡിഎഫ് 9 വാർഡുകളിലും ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.