മലപ്പുറം: വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചു വന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത പോലെ അന്‍വറിനെയും സ്വാഗതം ചെയ്യുന്നുവെന്ന് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി പിപി ഹംസ. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ആള്‍ സ്‌നേഹത്തിന്റെ കടയിലേക്ക് മടങ്ങിയെത്തുന്നതില്‍ സന്തോഷമാണെന്നും പിപി ഹംസ വാട്‌സ്അപ്പിലൂടെ പുറത്തുവിട്ട കുറിപ്പിലൂടെ പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചു സ്‌നേഹത്തിന്റെ കടയിലേക്ക് കടന്നു വന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്തത് പോലെ തന്നെ ഇദ്ദേഹത്തെയും സ്വാഗതം ചെയ്യുന്നു. തലമുറകളായി കോണ്‍ഗ്രസ് പാരമ്പര്യം ഉള്ള കുടുംബത്തിലെ ഒരു അംഗം ഈ സ്‌നേഹത്തിന്റെ കടയിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നത് സന്തോഷകരമാണ്. പിവി അന്‍വര്‍ എംഎല്‍എക്ക് കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതമെന്നും പിപി ഹംസ പറഞ്ഞു. എന്നാല്‍ ഹംസയുടേത് വ്യക്തിപരമായ അഭിപ്രായം ആണെന്നും, വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും മലപ്പുറം ഡിസിസി അദ്ധ്യക്ഷന്‍ വിഎസ് ജോയ് പറഞ്ഞു.

അതേസമയം, പിവി അന്‍വറുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയതു സംബന്ധിച്ച് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അറിയാത്ത കാര്യത്തെ കുറിച്ച് ഞാന്‍ എങ്ങനെ അഭിപ്രായം പറയും. കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടില്ല. നിങ്ങള്‍ ചോദിച്ച ലീഡിങ് ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. നിലവില്‍ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ലമെന്റ് നടക്കുന്നതിനാല്‍ ഡല്‍ഹിയിലാണ്. അതുകൊണ്ട് തന്നെ പല കമ്മിറ്റികളും നടന്നിട്ടില്ല. കെപിസിസി അധ്യക്ഷന്‍ മടങ്ങി എത്തിയാല്‍ കമ്മിറ്റിയും കൂടിയാലോചനകളുമൊക്കെ നടക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.