പാലക്കാട്: മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനവുമായി സി.പി.എം നേതാവ് പി.സരിന്‍. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗത്തിലേക്കുള്ള വഴിവെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ചവരാണ് ലീഗുകാരെന്ന് സരിന്‍ പറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം നടത്തിയ പ്രതിഷേധത്തിനിടെയാണ് സരിന്റെ വിവാദപരാമര്‍ശം.

'മലപ്പുറം ജില്ലയോട് അടുത്ത് നില്‍ക്കുന്ന പ്രദേശമായതിനാല്‍ സെക്യുലര്‍ രാഷ്ട്രീയത്തിന്റെ മുഖം പോലും തച്ചുടച്ച്‌കൊണ്ട് ലീഗ് ചെല്‍പ്പടിക്ക് നിര്‍ത്തുന്നു. കേരളത്തില്‍ മുസ്‌ലിം ലീഗ് യുഡിഎഫിനൊപ്പമാണ് ഡല്‍ഹിയില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗവുമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തിരുവേഗപ്പുറയിലെ ലീഗുകാര്‍ക്ക് മതഭ്രാന്താണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേര്‍ത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്.ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് നല്‍കുന്നതിന് തുല്യമാണ്. മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്ന പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി സമം ഹിന്ദു എന്ന പ്രചരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. .ബിജെപിക്കാര്‍ക്ക് വളരാന്‍ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്നും സരിന്‍ പറഞ്ഞു.

അതേസമയം ഡോ.പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കെ ഡിസ്‌ക്കിന് കീഴിലെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസറായിട്ടാണ് പ്രവര്‍ത്തിക്കുക. 80,000 രൂപയാണ് മാസശമ്പളം. പാലക്കാട് ഉപതെരഞ്ഞെടുപ്പോടെയാണ് ഡോ. പി. സരിന്‍ എത്തിയത്. എം.ബി.ബി.എസ് ബിരുദം നേടിയതിന് ശേഷമാണ് സരിന്‍ സിവില്‍ സര്‍വീസ് യോഗ്യത നേടിയത്. ജോലിയില്‍ അധികകാലം തുടരുന്നതിന് മുമ്പ് തന്നെ രാജിവച്ച് രാഷ്ടീയത്തില്‍ സജീവമായി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ മിഡിയ സെല്ലിന്റെ മേധാവിയായിരുന്നു സരിന്‍. പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക് പോയി.