പാലക്കാട്: ഇരട്ട വോട്ട് വിവാദത്തില്‍ പ്രതികരിച്ച് പാലക്കാട്ടെ ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിനും ഭാര്യ സൗമ്യയും. 2018ല്‍ പാലക്കാട് വീട് വാങ്ങിയെന്നും ഇവിടെ കുടുംബ സുഹൃത്ത് താമസിക്കുന്നതിനാലാണ് വാടക വീട്ടിലേക്കു മാറിയതെന്നും സരിന്‍ വ്യക്തമാക്കി. വാടക വീട് തന്റെ വീടാണെന്ന് പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിച്ചു. ഒറ്റപ്പാലത്തെ വോട്ട് ഇങ്ങോട്ട് മാറ്റിയതില്‍ എന്താണ് തെറ്റ്. തന്റെ പേര് കള്ളിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് വേദനിപ്പിച്ചുവെന്ന് സൗമ്യ പറഞ്ഞു.

അതിനിടെ, ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചതിന്റെ പേരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പി. സരിന്‍ ക്ഷോഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പോലും ചിന്തിക്കാത്ത തരത്തിലാണ് മാദ്ധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നതെന്നും, മാദ്ധ്യമപ്രവര്‍ത്തനം നടത്തുമ്പോള്‍ കുറച്ച് ഉളുപ്പ് വേണമെന്നും സരിന്‍ പറഞ്ഞു. ഭാര്യ ഡോ. സൗമ്യ സരിനൊപ്പം തന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പി. സരിന്റെ അധിക്ഷേപം.

ഉളുപ്പില്ലാത്ത ചോദ്യം ചോദിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മാനനഷ്ടക്കേസ് കൊടുക്കും. ഇരട്ട വോട്ടിനെ ന്യായീകരിക്കുകയാണ് പത്രപ്രവര്‍ത്തകര്‍ ചെയ്യുന്നതെന്നും സരിന്‍ ആരോപിച്ചു. അതേസമയം, തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സൗമ്യ സരിന്‍ പ്രതികരിച്ചു. വ്യാജവോട്ട് ആരോപണം വളരെ വിഷമം ഉണ്ടാക്കി. സ്വന്തം പേരിലുള്ള വീട്ടില്‍ ആറുവര്‍ഷമായി കരം അടക്കുകയാണ്. ഇതേ സ്ഥലത്താണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളതും. വ്യാജവോട്ടര്‍ ആണെന്ന ആക്ഷേപം കേട്ട് മിണ്ടാതിരിക്കാനാകില്ല.

രാഷ്ട്രീയം എന്തുതന്നെയായാലും ഒരു മര്യാദയുമില്ലാതെ അതില്‍ ഉള്‍പ്പെടാത്ത ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സൗമ്യ പറഞ്ഞു. വീടിന്റെ ആധാരം എടുത്ത് കാണിച്ച സൗമ്യ മുഴുവന്‍ രേഖകളും ഉണ്ടെന്നും കരം അടച്ചതിന്റെ രേഖകളും ഉണ്ടെന്നും പറഞ്ഞു. വീട് തന്റെ പേരില്‍ ഉള്ളതാണ്. തന്നെ സ്ഥാനാര്‍ഥിയുടെ ഭാര്യയായി കാണേണ്ടതില്ല. സൗമ്യ സരിന്‍ എന്ന വ്യക്തിയായി മാത്രം കണ്ടാല്‍ മതി. രാഷ്ട്രീയത്തില്‍ മിനിമം നിലവാരം വേണം. ഭര്‍ത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പന്‍ നിലപാട് ആണ്. ആറ് മാസമായി താന്‍ ഇവിടെ താമസിക്കുന്നില്ല എന്നതിന് എന്താണ് പ്രതിപക്ഷ നേതാവിന് തെളിവ് ഉള്ളത്. ഈ വീടിന്റെ മുകളിലെ നിലയില്‍ തങ്ങള്‍ താമസിക്കാറുണ്ട്. ഒറ്റപ്പാലത്തും പാലക്കാടും എപ്പോള്‍ പോകണമെന്ന് ആര് തീരുമാനിക്കണം. എവിടെ വോട്ട് ചെയ്യണം എന്ന് ഞാന്‍ അല്ലേ തീരുമാനിക്കേണ്ടത്. പാലക്കാട് ഞാന്‍ വോട്ട് ചെയ്യരുതെന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്നും സൗമ്യ ചോദിച്ചു.