തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശി പറഞ്ഞിട്ടാണെന്ന് അന്‍വറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. പി ശശിക്കെതിരെ ആരോപണം ഉന്നയിച്ചത് സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണെന്നാണ് അന്‍വര്‍ ആരോപിച്ചത്.

പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് പി. ശശി പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും പി. ശശി പറഞ്ഞു.

'പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്. നിലനില്‍പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അന്‍വര്‍ ശ്രമിക്കുന്നത്.

നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പരമദയനീയമായ അവസ്ഥയിലാണ് അന്‍വര്‍ എത്തിയിരിക്കുന്നത് എന്നാണ് ഇത് കാണിക്കുന്നത്. ഇതിനുമുമ്പും തികച്ചും അവാസ്തവവും സത്യവിരുദ്ധവുമായ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എനിക്കെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു. വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പ്രസ്തുത കേസില്‍ അന്‍വറിനോട് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് പോലും തെളിയിക്കാന്‍ കഴിയാത്തതിന്റെ ജാള്യതയിലും വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് പി.വി അന്‍വര്‍. കേരളത്തിലെ സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് അന്‍വര്‍ നടത്തുന്ന ഹീനമായ നീക്കങ്ങള്‍ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. അന്‍വറിന്റെ ഈ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്'- പി. ശശി പറഞ്ഞു

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണം സഭയില്‍ ഉന്നയിച്ചത് പി.ശശി നിര്‍ബന്ധം പിടിച്ചതുകൊണ്ടാണെന്നാണ് പി വി അന്‍വര്‍ ആരോപിച്ചത്.പിതാവിന് തുല്യം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അന്ന് താന്‍ ആ വിഷയം സഭയില്‍ അവതരിപ്പിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടി ഏല്‍പിച്ച കാര്യം മാത്രമാണ് താന്‍ ചെയ്തത്. പക്ഷേ, വിജിലന്‍സ് അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ശത്രുവായി അവതരിപ്പിക്കാനാണോ അന്നങ്ങനെ ഒരു പ്ലാനിങ് നടന്നതെന്ന് അറിയില്ല. അന്ന് നടന്ന സംഭവത്തില്‍ വി.ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. എംഎല്‍എ സ്ഥാനം രാജിവെച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ പി വി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നേരിട്ടെത്തി അദ്ദേഹത്തിന് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നുന്നു. രാജി സ്വീകരിക്കേണ്ടത് സ്പീക്കറാണ്.

സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട് രാജി സമര്‍പ്പിക്കണമെന്ന് ആക്ട്് പറയുന്നുണ്ട്. നേരിട്ട് അയക്കാന്‍ സാഹചര്യം ഇല്ലായിരുന്നു. ഇന്ന് നേരിട്ട് സമര്‍പ്പിച്ചു. രാജി സ്വീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കര്‍ക്കാണ്. രാജി സ്വീകരിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്', അന്‍വര്‍ പറഞ്ഞു. പിണറായിസത്തിനെതിരെ അഞ്ച് മാസമായി പോരാടുന്ന തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് രാജി. കാറിലെ എംഎല്‍എ ബോര്‍ഡ് മറച്ചാണ് പി.വി.അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. ബോര്‍ഡിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എംഎല്‍എ ബോര്‍ഡ് ഉപയോഗിക്കാറില്ലെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.