തിരുവനന്തപുരം: താന്‍ പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍ എംഎല്‍എ. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്ന് പുറത്ത് പോയ വോട്ട് ആരുടേതാണെന്നറിയാം. അത് പിന്നീട് പറയാമെന്നും അന്‍വര്‍ പറഞ്ഞു.

എന്നാല്‍ ആരാണ് വോട്ടുചെയ്തതെന്ന് അറിയാമെങ്കില്‍ ഒളിപ്പിച്ചുവക്കുന്നതെന്തിനെന്ന് മാധ്യമ പ്രവര്‍ത്തകള്‍ ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ; 'ഇത് പിന്നീട് പറയും, വോട്ട് എല്‍ഡിഎഫില്‍ നിന്നല്ല പോയതെന്ന് അവര്‍ പറയട്ടെ, അപ്പോള്‍ ചെയ്ത ആളെ പറയാം, കല്യാണം പെട്ടെന്ന് ഡിവോഴ്സായയെന്ന് വെച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാന്‍ പറ്റുമോയെന്നും'' അന്‍വര്‍ പറഞ്ഞു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ടശേഷമായിരുന്നു അന്‍വറിന്റെ പ്രതികരണം. പൊലീസിനെതിരെയടക്കം താന്‍ പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്നും പി വി അന്‍വര്‍ പറഞ്ഞു. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവര്‍ണറെ കണ്ടത്. എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. ചില തെളിവുകള്‍ കൂടി ഗവര്‍ണര്‍ക്ക് കൈമാറുമെന്നും പി വി അന്‍വര്‍ പറഞ്ഞു.