- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നണിയില്‍ എടുക്കുന്നതില്‍ യുഡിഎഫിന് താല്‍പ്പര്യക്കുറവ്; തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; അയോഗ്യതാ ഭീഷണി മറികടക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ? നാളെ വാര്‍ത്താസമ്മേളനം വിളിച്ചു സസ്പെന്‍സ് നിലനിര്‍ത്തി നിലമ്പൂര്‍ എംഎല്‍എയുടെ തന്ത്രം!
അയോഗ്യതാ ഭീഷണിയും മറികടക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ?
മലപ്പുറം: യുഡിഎഫിലും എല്‍ഡിഎഫിലും ഇല്ലാതെ സര്‍വത്ര സ്വതന്ത്രനായി നില്‍ക്കുന്ന പി വി അന്‍വര്‍ വീണ്ടും സസ്‌പെന്‍സിട്ട് രംഗത്ത്. നാളെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് വലിയ വിവരം പുറത്തുവിടാനുണ്ടെന്ന സൂചനയാണ് അന്‍വറിന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നത്. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട് അന്‍വര്‍. ഇതോടെയാണ് എന്താണ് അന്‍വറിന്റെ നീക്കം എന്താണെന്ന അഭ്യൂഹങ്ങള്‍ രാഷ്ട്രീയകേന്ദ്രങ്ങളില്‍ പ്രചരിച്ചത്.
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചനകളുണ്ടെന്നാണ് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. നാളത്തെ വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍ അന്‍വര്‍ കൊല്‍ക്കത്തയിലാണ്. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്. അതേസമയം വാര്‍ത്താ സമ്മേളനത്തിന് പതിവുഹൈപ്പ് ഉണ്ടാക്കാനുള്ള നീക്കമാണ് അന്‍വര്‍ നടത്തുന്നത് എന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. മറിച്ച് സംസ്ഥാന കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചത്. അന്‍വര്‍ തൃണമൂല്‍ അംഗത്വം എടുത്തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് കൈകൊടുത്തത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ കോര്‍ഡിനേറ്റര്‍ സ്ഥാനമാണ് പി വി അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നത്. അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അത് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. അവിടെ ചില നേതാക്കള്‍ ഷാള്‍ അണിയിക്കുന്നതിന്റെ ഫോട്ടോകളും അന്‍വറിന്റെ ടീം പുറത്തുവിട്ടു. ഇതോടെ അന്‍വര്‍ കൂറുമാറ്റ പരിധിയില്‍ വരാനുള്ള സാധ്യതകളുണ്ട്.
ഇടത് പിന്തുണയോടെ സ്വതന്ത്രനായാണ് താന്‍ മത്സരിച്ചതെന്ന് അന്‍വര്‍ വാദിച്ചാല്‍, ആ സ്വതന്ത്ര പദവിയും കൈവിട്ട് കളഞ്ഞു എന്നതും കുരുക്കാണ്. സ്വതന്ത്ര പ്രതിനിധി എന്ന നിലയില്‍ നിന്നും മാറി, ഒരു പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ തീരുമാനിച്ച് കഴിഞ്ഞുവെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പകല്‍പോലെ വ്യക്തമാണ്. ഇതും കൂറുമാറ്റത്തിന്റെ പരിധിയില്‍ വരും. സ്വതന്ത്രന്‍ എന്ന പേരില്‍ വോട്ടുതേടി ജയിച്ച ശേഷം ഏതെങ്കിലും രാഷ്ട്രീയത്തിനൊപ്പം ചേരാന്‍ പറ്റില്ലെന്ന് ചുരുക്കം. അതേസമയം നിയമസഭകളിലേക്കും രാജ്യസഭയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ക്ക് പാര്‍ട്ടികളില്‍ ചേരാം. അതും നോമിനേഷന്‍ നടന്ന് ആറു മാസത്തിനുള്ളില്‍ ആകണം.
സര്‍ക്കാരിനോടും, പ്രത്യേകിച്ച് മുഖ്യമന്ത്രിയോടും കലഹിച്ച് ഇടത് ബന്ധം വിഛേദിച്ചതിന് പിന്നാലെയാണ് പി വി അന്‍വര്‍ ശക്തി തെളിയിക്കാന്‍ ചേലക്കരയില്‍ മത്സരത്തിന് ഇറങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ എതിരാളികള്‍ക്ക് വടിയെടുത്തത് കൊടുത്തത് പോലെയായി. ദയനീയ തോല്‍വിയോടെ യുഡിഎഫുമായി വിലപേശലിന് ഉണ്ടായിരുന്ന എല്ലാ സാദ്ധ്യതയും അടഞ്ഞിരിക്കെ ആണ് അന്‍വര്‍ വീണ്ടും ഫേസ്ബുക്കിലൂടെ വാര്‍ത്താ സമ്മേളന പ്രഖ്യാപനവുമായി രംഗത്തുവന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.