- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ പാര്‍ട്ടി; ഏറനാട് സീറ്റ് വിറ്റത് മുസ്ലീം ലീഗിന്; സിപിഐ സീറ്റ് കച്ചവടക്കാര്‍; തന്നെ വിമര്‍ശിച്ച ബിനോയ് വിശ്വത്തിന് മറുപടിയായി ആരോപണം ഉന്നയിച്ച് പി വി അന്‍വര്‍; വയനാട്ടിലും സിപിഐ കോടികള്‍ പിരിച്ചെന്ന് ആരോപണം
25 ലക്ഷം രൂപക്ക് ഏറനാട് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐയെന്ന് പി വി അന്‍വര്‍
നിലമ്പൂര്‍: 2011ല്‍25 ലക്ഷം രൂപക്ക് ഏറനാട് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐയെന്ന് പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ആ തിരഞ്ഞെടുപ്പില്‍ ഏറനാട് സീറ്റ് സി പി ഐക്കായിരുന്നു. സി പി ഐക്ക് ഒരു പിന്തുണയുമില്ലാത്ത മണ്ഡലമായിരുന്നു ഏറനാട്. അവിടെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണി തീരുമാനിച്ചു. പിന്നീട് സി പി ഐ ചതിച്ചു. വെളിയം ഭാര്‍ഗവനായിരുന്നു സംസ്ഥാന സെക്രട്ടറി. അവിടെ പിന്നീട് എ ഐ വൈ എഫിന്റെ ഒരു നേതാവാണ് സ്ഥാനാര്‍ഥിയായത്. തെരഞ്ഞെടുപ്പില്‍ താന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സി.പി.ഐ ചിഹ്നത്തില്‍ മത്സരിച്ചയാള്‍ക്ക് കിട്ടിയത് വെറും 2500 വോട്ടാണ്. ചരിത്രത്തിലാദ്യമായി കെട്ടിവെച്ച കാശ് പോയി, വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.
ജില്ലയിലെ മുസ്‌ലിം ലീഗ് നേതൃത്വം വെളിയം ഭാര്‍ഗവനെ സ്വാധീനിക്കുകയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. താന്‍ ഇടതു സ്ഥാനാര്‍ഥിയായാല്‍ ലീഗിന്റെ സ്ഥാനാര്‍ഥി അവിടെ പരാജയപ്പെടും. ഒരു നിലയ്ക്കും തന്നെ പിന്തുണയ്ക്കരുതെന്ന് ലീഗ് നേതൃത്വം സി പി ഐയോട് ആവശ്യപ്പെട്ടു. പാര്‍ട്ടി ഫണ്ടായി ലീഗ് 25 ലക്ഷം സി.പി.ഐക്ക് നല്‍കി -അന്‍വര്‍ പറഞ്ഞു.
ഈ ആരോപണത്തിന് അന്ന് സി പി ഐ തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. താന്‍ തെളിയിക്കാമെന്ന് മറുപടി കൊടുത്തതോടെ സി പി ഐ പിന്നീട് ഒന്നും മിണ്ടിയില്ല. തന്നെ സ്ഥാനാര്‍ഥിയാക്കിയിരുന്നെങ്കില്‍ അന്ന് ആര്യാടന്‍ അവിടെ തോല്‍ക്കുമെന്നും താന്‍ ജയിക്കുമായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിലും സി.പി.ഐ സീറ്റ് വിറ്റുവെന്നും അന്‍വര്‍ ആരോപിച്ചു.
രണ്ടാം തവണയാണ് സി.പി.ഐ മണ്ഡലം വില്‍ക്കുന്നതെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടിയുടെ നീക്കത്തില്‍ അതൃപ്തിയുള്ള ലോക്കല്‍ നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നു. അഞ്ച് വര്‍ഷം പാര്‍ട്ടി കഷ്ടപ്പെട്ടത് ഇതിന് വേണ്ടിയാണോയെന്ന് നേതാക്കള്‍ തന്നോട് ചോദിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പോട് കൂടി പാര്‍ട്ടിയുടെ പിന്‍ബലം ഇല്ലാതാകുകയാണ് ചെയ്തത്. നേതാക്കള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തിയപ്പോള്‍, ലോക്കല്‍ നേതാക്കളെ സി.പി.ഐ പറഞ്ഞു ബോധിപ്പിച്ചിരിക്കുന്നത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നാണെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കാന്തപുരത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ആനി രാജ സ്ഥാനാര്‍ഥിയായപ്പോള്‍ സിപിഐ നേതാക്കള്‍ കോടികള്‍ പണം പിരിച്ചു. ഒരു രൂപ പോലും തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൊടുത്തില്ല. ക്വാറി ഉടമകളില്‍ നിന്നും വലിയ ധനികരില്‍ നിന്നും സിപിഐ നേതാക്കള്‍ പണം വാങ്ങി. മന്ത്രി കെ. രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് പണം വാങ്ങിയത്.'- അന്‍വര്‍ ആരോപിച്ചു.