തൃശൂര്‍: ഷാഫി പറമ്പില്‍ അടുത്ത തവണ മന്ത്രിയാകാന്‍ ഒരുങ്ങിയിരിക്കുകയാണെന്നും ഷാഫി വര്‍ഗീയത കളിക്കുന്നയാളാണെന്നും പത്മജ വേണുഗോപാല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനു പകരം പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാഫി വീണ്ടും ശ്രമിക്കുമെന്നും രാഹുല്‍ ഷാഫിക്കുവേണ്ടി പാലക്കാട് മാറിക്കൊടുക്കാമെന്ന് കരുതുന്നുണ്ടോയെന്നും പത്മജ ചോദിച്ചു.

എത്ര സഹായിച്ചാലും കാലുവാരുന്നതില്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നും പത്മജ പറഞ്ഞു. വളര്‍ത്തിക്കൊണ്ടുവന്ന് നശിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യം. ഹൈക്കമാന്‍ഡിന് ഒരു രീതി സാധാരണക്കാരന് മറ്റൊരു രീതി എന്നതാണ് കോണ്‍ഗ്രസിലെ കാര്യം. ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കുന്‌പോഴും ഷാഫി ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പുമായി അടുത്ത ബന്ധം പുലര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. ഉമ്മന്‍ചാണ്ടിക്കതില്‍ വലിയ വിഷമമുണ്ടായിരുന്നു. സരിന് ഷെയ്ക്ക്ഹാന്‍ഡ് നല്‍കാത്ത രാഹുലിന്റെയും ഷാഫിയുടെയും പെരുമാറ്റം മോശമായി. എതിരാളിക്ക് കൈകൊടുത്താല്‍ എന്താണ് പ്രശ്‌നമെന്നും പത്മജ ചോദിച്ചു.

ഈ വിഷയത്തില്‍ പ്രതികരണം നടത്തിയ രമേശ് ചെന്നിത്തലയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ സതീശന്റെ പ്രതികരണം കുട്ടികളുടേതു പോലെ ബാലിശമായെന്നും പത്മജ പ്രതികരിച്ചു. പിന്നില്‍ നിന്നും കുത്തിയവര്‍ അഭിപ്രായം പറയേണ്ട എന്ന് എന്നെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ട്. എന്നെ പിന്നില്‍ നിന്നും സൈഡില്‍ നിന്നും കുത്തിയവരാണവര്‍. അങ്ങിനെ കുത്തുകൊണ്ട് ഓടിയ ആളാണ് ഞാന്‍. പക്ഷേ ഇപ്പോഴെനിക്ക് സമാധാനമുണ്ട്. ചിരിച്ചുകൊണ്ട് ഞാനിപ്പോള്‍ കോണ്‍ഗ്രസിനകത്തെ അടി കാണുന്നുവെന്നും പത്മജ പറഞ്ഞു.