ന്യൂഡല്‍ഹി: അര ലക്ഷത്തിലേറെപ്പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന വ്യവസായ സ്മാര്‍ട്ട് സിറ്റി പാലക്കാട് കഞ്ചിക്കോടിനടുത്തള്ള പുതുശ്ശേരിയില്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ഉപതിരഞ്ഞെടുപ്പ് കണ്ണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥി നിര്‍ത്തുമെന്നാണ് ഈ പ്രഖ്യാപനം നല്‍കുന്ന സൂചന. തൃശൂര്‍ ലോക്‌സഭയില്‍ സുരേഷ് ഗോപി ജയിച്ച സാഹചര്യം തിരിച്ചറിഞ്ഞാണ് പാലക്കാട്ടെ ബിജെപി ഇടപെടലുകള്‍.

1710 ഏക്കറിലായി 3,806 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് സിറ്റിയില്‍ 8,729 കോടി രൂപയുടെ നിക്ഷേപത്തിന് കളമൊരുങ്ങും. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും തുല്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. സ്വകാര്യ വ്യവസായശാലകളാവും പ്രധാനമായും ഉയരുക. സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭാഗമാവും. ചുവപ്പുനാടകളില്‍ കുടുങ്ങില്ല. ഉടനടി ഭൂമി അനുവദിക്കും. സ്ഥാപനങ്ങള്‍ക്ക് അതിവേഗം പ്രവര്‍ത്തനാനുമതി നല്‍കും 2030ന് മുമ്പ് വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഈ പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിന്റേതാക്കാനാണ് നീക്കം.

നേരത്തേ പ്രഖ്യാപിച്ച ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ പ്രകാരം പുതുശ്ശേരി സെന്‍ട്രലിലും കണ്ണമ്പ്രയിലുമായി ഭൂമി ഏറ്റെടുത്തിട്ടുണ്ട്.2019 ലെ ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതി (എന്‍.ഐ.സി.ഡി.പി) പ്രകാരം ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടാന്‍ തീരുമാനിച്ചിരുന്നു.കേരളം അടക്കം 10 സംസ്ഥാനങ്ങളിലായി 28,602 കോടി ചെലവില്‍ 12 വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ക്കാണ് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കിയത്. ഇതെല്ലാം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്നാണ് ബിജെപി പ്രതീക്ഷ.

വടകരയില്‍ ഷാഫി പറമ്പില്‍ ജയിച്ചതോടെ പാലക്കാട്ടെ രാഷ്ട്രീയ ചര്‍ച്ചകളെല്ലാം നടക്കുന്നത് അടുത്ത ഉപതെരഞ്ഞെടുപ്പിനെ കുറിച്ചാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് നേരിയ ഭൂരിപക്ഷമാണെങ്കിലും നിലവിലെ സാഹചര്യം തീര്‍ത്തും സുരക്ഷിതമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. നഗരസഭയിലെ സ്വാധീനം മുതലെടുത്ത് മുന്നിലെത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അതേസമയം വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ നില മെച്ചപ്പെടുത്താനാകും സിപിഎമ്മിന്റെ ശ്രമം. ഇതിനിടെയാണ് കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിച്ച് ബിജെപി പാലക്കാട് സജീവമാകുന്നത്.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോള്‍ ഷാഫി പറമ്പില്‍ ജയിച്ചത് 3859 വോട്ടിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് ലഭിച്ചത് 52,779 വോട്ടാണ്. രണ്ടാമതെത്തിയ ബിജെപിയേക്കാള്‍ 9707 വോട്ടിന്റെ ഭൂരിപക്ഷം. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് കണക്കുകൂട്ടല്‍.

ഷാഫി വടകരയിലേക്ക് വണ്ടി കയറിയപ്പോള്‍ തന്നെ പകരം ആര് എന്ന ചര്‍ച്ചകള്‍ സജീവമാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വി ടി ബലറാം എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. ഷാഫിയ്ക്കുള്ള വ്യക്തിഗത വോട്ടുകള്‍ മറ്റാര്‍ക്കും കിട്ടില്ലെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ട്. തുടര്‍ച്ചയായ നഗരസഭാ ഭരണവും കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയതിന്റെ ആത്മവിശ്വാസവുമാണ് ബിജെപിയുടെ കൈമുതല്‍. ഇ ശ്രീധരനെ പോലെ പൊതു സമ്മതനെ ഇറക്കാനായിരിക്കും ഇത്തവണയും നീക്കം.