- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാനൂരിൽ നഗരസഭാ സെക്രട്ടറിക്കെതിരെയുള്ള പ്രതിഷേധത്തിൽ ബിജെപിയുമിറങ്ങി; നഗരസഭയെ അപമാനിക്കുന്നു എന്നാരോപിച്ചു സെക്രട്ടറിയെ ഉപരേധിച്ചു ബിജെപി കൗൺസിലർ; എൽ.ഡി. എഫ്ഇരട്ടത്താപ്പുകളിക്കുന്നുവെന്നും ആരോപണം
കണ്ണൂർ: യു.ഡി. എഫ് ഭരണസമിതിക്കൊപ്പം പാനൂർ നഗരസഭാസെക്രട്ടറിക്കെതിരെ ബിജെപിയും സമരരംഗത്തേക്കിറങ്ങി. പാനൂർ നഗരസഭാ കാര്യാലയത്തിൽ സെക്രട്ടറിയെ ബിജെപി കൗൺസിലർ തിങ്കളാഴ്‌ച്ച രാവിലെ ഉപരോധിച്ചു. നഗരസഭാ സെക്രട്ടറി എ. പ്രവീൺ കൗൺസിൽ യോഗത്തിൽപോലും ഒപ്പിടാതെ നിയമവ്യവസ്ഥയെയും നഗരസഭയെയും അപമാനിക്കുന്നുവെന്നാരോപിച്ചാണ് തിങ്കളാഴ്‌ച്ച രാവിലെ പത്തുമണയോടെ ബിജെപി കൗൺസിലർ എം. രത്നാകരൻ ഉപരോധസമരം നടത്തിയത്.
തനതുഫണ്ടിൽ നിന്നും 95,175 രൂപ സെക്രട്ടറി വകമാറ്റി ചെലവഴിച്ചുവെന്ന് രത്നാകരൻ ആരോപിച്ചു. ഇതു പുറത്തായതോടെ ചെക്ക് രജിസ്റ്ററിൽ കൃത്രിമം നടത്തി ജീവനക്കാരനെ കൊണ്ടു ഫയൽ ഉണ്ടാക്കിയെടുക്കുകയും ചെയ്ത സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ് യു.ഡി. എഫ് ഭരണസമിതിയെന്ന് അദ്ദേഹം ആരോപിച്ചു. സെക്രട്ടറിക്കെതിരെ നടപടിവരുമെന്ന മുട്ടാപോക്ക് ന്യായത്തിലാണ് യു.ഡി. എഫ് ഭരണസമിതിയെന്നും അദ്ദേഹം ആരോപിച്ചു.നിയമലംഘനം നടത്തിയ സെക്രട്ടറിക്ക് പൂർണപിൻതുണ നൽകുകയാണ് എൽ. ഡി. എഫ്.
കൗൺസിൽ യോഗത്തിൽ സെക്രട്ടറി ഒപ്പിടാത്തതിനാൽ യോഗതീരുമാനം പോലും രണ്ടുമാസമായി കൗൺസിലർമാർക്ക് ലഭിച്ചിട്ടില്ല. തന്റെ ഉപരോധസമരം മുഴുവൻ കൗൺസിലർമാർക്കു വേണ്ടിയാണെന്നും രത്നാകരൻ പറഞ്ഞു. നേരത്തെ പാനൂർനഗരസഭാസെക്രട്ടറി പ്രവീണിനെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. നഗരസഭാചെയർമാൻ വി.നാസർമാസ്റ്റർക്കും മുസ്ലിം ലീഗ് നേതാക്കൾക്കുമെതിരെ ഫോണിൽ ആരോഗ്യവകുപ്പ് ജീവനക്കാരനോട് വിദ്വേഷം നിറഞ്ഞ ഭാഷയിൽ സംഭാഷണം നടത്തിയതു പുറത്തായതോടെയാണ് ഭരണസമിതി സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.
എന്നാൽ തദ്ദേശസ്വയം ഭരണവകുപ്പ് ഇതു അവഗണിച്ചുകൊണ്ടു സെക്രട്ടറിയെ പാനൂരിൽ തന്നെ നിലനിർത്തുകയുംമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പാനൂരിൽ നടന്ന നവകേരളസദസിന്റെ ചുമതലക്കാരനായി നിയോഗിക്കുകയുമായിരുന്നു. സെക്രട്ടറി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് വകുപ്പുതല നടപടിയിൽ നിന്നും ഒഴിവായത്. 2024-സർവീസിൽ നിന്നും വിരമിക്കേണ്ട തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടു ജില്ലവിട്ടു ജോലി ചെയ്യാൻ കഴിയില്ലെന്നുമാണ് സെക്രട്ടറി വാദിച്ചത്. ഇതുപരിഗണിച്ചുകൊണ്ടാണ് കണ്ണൂർ ജില്ലയിൽ മറ്റു നഗരസഭയിൽ ഒഴിവുവരുന്ന പ്രകാരം സെക്രട്ടറിയെ സ്ഥലം മാറ്റിയാൽ മതിയെന്നു ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്.
സെക്രട്ടറിക്കെതിരെ നടപടിയെടുക്കാത്ത സി.പി. എം നിലപാട് ഇരട്ടത്താപ്പാണെന്നു ആരോപിച്ചു മുസ്ലിം ലീഗ് രംഗത്തുവന്നു. സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നവരെ നിയമപോരാട്ടം നടത്താനും മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.യു.ഡി. എഫ് ഭരിക്കുന്ന നഗരസഭയ്ക്കെതിരെ അഴിമതിയാരോപണങ്ങൾ ഉൾപ്പെടെ നേരത്തെ സെക്രട്ടറി ആരോപിച്ചിരുന്നു. ഇതേ സെക്രട്ടറിയെ തന്നെ നിലനിർത്തിക്കൊണ്ടു മുൻപോട്ടു പോവുകയെന്നത് യു.ഡി. എഫ് ഭരണസമിതിക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
പാനൂർ നഗരസഭാ ചെയർമാൻ വി.നാസർമാസ്റ്റർക്കും മുസ്ലിം ലീഗ് നേതാക്കൾക്കുമെതിരെ വിദ്വേഷം നിറഞ്ഞ രീതിയിൽ നടത്തിയ ഫോൺ സന്ദേശം പുറത്തായതോടെയാണ് സെക്രട്ടറിക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധമാരംഭിച്ചത്. യു.ഡി. എഫ് ഭരിക്കുന്ന പാനൂർ നഗരസഭയിൽ മുസ്ലിം ലീഗാണ് ഭരണത്തിന് നേതൃത്വം നൽകുന്നത്. മുഖ്യപ്രതിപക്ഷമായ സി.പി. എം സെക്രട്ടറി നടത്തിയ വിദ്വേഷപരാമർശങ്ങളോട് വിയോജിക്കുന്നുണ്ടെങ്കിലും നഗരസഭയിൽ നടന്നക്രമക്കേടുകളെ കുറിച്ചു വിജിലൻസ് അന്വേഷിക്കണമെന്നനിലപാടിലാണ്.
സെക്രട്ടറി ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപരമായി ഉപയോഗിക്കുകയും സെക്രട്ടറിയെ നിലനിർത്തിക്കൊണ്ടു ഭരണസമിതിക്ക് തലവേദനസൃഷ്ടിക്കുകയും ചെയ്യുകയാണ് സി.പി. എമ്മെന്ന ആരോപണം മുസ്ലിം ലീഗ് ഉന്നയിക്കുന്നുണ്ട്. പൊതുസമൂഹത്തിൽ ന്യൂനപക്ഷ സംരക്ഷണം പറയുന്ന സി.പി. എം വിദ്വേഷ പരാമർശം നടത്തിയ സെക്രട്ടറിയെ പിൻതുണയ്ക്കുന്നതിനു പിന്നിൽ ഇരട്ടത്താപ്പാണെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആരോപണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്