- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗത്തിൽ പ്രവർത്തകരുടെ തമ്മിലടി; ഓഫീസ് അടിച്ചു തകർത്തു; ഗോബാക്ക് വിളിച്ച് പിജെ കുര്യനെ തടഞ്ഞു വച്ചു; നേതാക്കളെ പൊതിരെ തല്ലി; പത്തനംതിട്ട ഡിസിസി ഓഫീസിൽ തുടങ്ങിയ അക്രമങ്ങൾ പ്രാദേശിക തലത്തിലേക്ക് വ്യാപിക്കുന്നു: ഇടപെടാതെ കെപിസിസി
മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിലെ പ്രശ്നങ്ങൾ തെരുവിലേക്ക് നീളുന്നു. ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ അക്രമപരമ്പര പ്രാദേശിക തലത്തിലേക്കും വ്യാപിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് ചേർന്ന മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി എക്സിക്യൂട്ടീവ് യോഗം അക്രമത്തിൽ കലാശിച്ചു. ഓഫീസ് അടിച്ചു തകർത്തു. എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭ ഉപാധ്യക്ഷനുമായ പ്രഫ. പിജെ കുര്യനെ തടഞ്ഞു വച്ചു. ഒടുവിൽ പൊലീസെത്തി മോചിപ്പിച്ചാണ് അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചത്.
കൂര്യന്റെ വീട് സ്ഥിതി ചെയ്യുന്ന പടുതോട് ഉൾക്കൊള്ളുന്നതാണ് മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി. ഇവിടെ പിജെ കുര്യനെതിരേ ഒരു വിഭാഗം ശക്തമായി നിലകൊള്ളുന്നുണ്ട്. മുൻ ജില്ലാ പഞ്ചായത്തംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. സജി ചാക്കോയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ കുര്യൻ ആണെന്ന് ആരോപിച്ച് വലിയൊരു വിഭാഗം ഇവിടെ വിമത പ്രവർത്തനം നടത്തി വരികയാണ്. കുര്യനെതിരേ ശക്തമായ പ്രചാരണമാണ് ഇവർ നടത്തി വരുന്നത്. അങ്ങനെയിരിക്കേയാണ് കഴിഞ്ഞ കുറേ നാളുകളായി ഡിസിസി യോഗങ്ങളും കൈയാങ്കളിയിലേക്ക് നീങ്ങി തുടങ്ങിയത്.
മുതിർന്ന നേതാവ് കുര്യനെതിരേ മുൻ ഡിസിസി പ്രസിഡന്റുമാരായ പി. മോഹൻരാജ്, കെ. ശിവദാസൻ നായർ, ബാബു ജോർജ് എന്നിവർ രംഗത്തു വന്നു. ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിനിടെ കതക് ചവിട്ടിത്തകർത്തുവെന്ന് ആരോപിച്ച് ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് കെപിസിസി അധ്യക്ഷൻ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് നടന്ന ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ കുര്യൻ ബാബു ജോർജിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചുവെന്ന് പറയുന്നു. ഇന്നലെ ബാബു ജോർജ് കുര്യനെതിരേ രൂക്ഷമായ സാമ്പത്തിക ആരോപണം ഉന്നയിച്ചു രംഗത്ത് വരികയും ചെയ്തു.
ഇത്തരമൊരു സാഹചരത്യത്തിലാണ് രാഹുൽ ഗാന്ധിയുടെ യാത്രയെ കുറിച്ച് വിശദീകരിക്കാൻ വേണ്ടി യോഗം ചേർന്നത്. പി.ജെ. കുര്യൻ ഉദ്ഘാടന പ്രസംഗ നടത്തി ഇരുന്നതിന് പിന്നാലെ ജില്ലാ സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റും ഐഎൻടിയുസി നേതാവുമായ സുരേഷ് ബാബു പാലാഴി എണീറ്റു. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അട്ടിമറിക്കാൻ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചയാളല്ലേ പി.ജെ. കുര്യൻ എന്ന ആരോപണം അദ്ദേഹം ഉന്നയിച്ചു. ഇതോടെ കുര്യൻ അനുകൂലികൾ സുരേഷ് ബാബുവിടെ അടിച്ചു താഴെയിട്ടു. ഇതോടെ സുരേഷ് ബാബുവിനെ അനുകൂലിക്കുന്നവർ മറ്റുള്ളവർക്ക് നേരെ തിരിഞ്ഞു. തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ റെജി തോമസിനെ അടക്കം പൊതിരെ തല്ലി. ഓഫീസലെ കസേരകളും മറ്റും അടിച്ചു തകർത്തു. പിജെ കുര്യനെ ഉപരോധിച്ചു. സൂര്യനെല്ലി കുര്യൻ ഗോബാക്ക് എന്ന മുദ്രാവാക്യം വിളികളോടെ ഒരു വിഭാഗം ഉറച്ചു നിന്നപ്പോൾ പുറത്തേക്ക് പോകാൻ പി.ജെ. കുര്യന് പൊലീസ് സഹായം വേണ്ടി വന്നു.
ഇരുപക്ഷത്തു നിന്നുമുള്ളവർ മർനമേറ്റുവെന്ന് ആരാപിച്ച് താലൂക്കാശുപത്രിയിൽ ചികിൽസ തേടി. മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയിൽ കുര്യനെതിരായ നീക്കം ശക്തമാണ്. എതിർക്കുന്നവരെ പുറത്താക്കുന്ന നയമാണ് ഡിസിസി പ്രസിഡന്റ് സ്വീകരിക്കുന്നത് എന്നാണ് ആക്ഷേപം.