- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ടയിൽ കോൺഗ്രസ് ഭരണം മൂന്നംഗ സംഘത്തിന്റെ കൈയിൽ: രാജ്യസഭാ എംപി സ്ഥാനം കിട്ടാത്തതിന്റെ പേരിൽ കോൺഗ്രസിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു: നേതാക്കൾക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് ജില്ലയിൽ കോൺഗ്രസിൽ നിന്ന് മാറ്റി നിർത്തപ്പെട്ട നേതാക്കളുടെ യോഗം
പത്തനംതിട്ട: മുതിർന്ന നേതാക്കൾക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് കോൺഗ്രസിൽ നിന്ന് മാറ്റി നിർത്തപ്പെട്ട നേതാക്കളുടെ യോഗം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസിൽ നിന്നും മാറ്റി നിർത്തപ്പെട്ടവരും സസ്പെൻഡ് ചെയ്യപ്പെട്ടവരും പുറത്താക്കപ്പെട്ടവരുമായവർ പങ്കെടുത്തു. ഒന്നിച്ച് നിന്ന ജില്ലയിലെ പാർട്ടിയിൽ ശുദ്ധികലശം നടത്താനാണ് തീരുമാനിച്ചത്.
മുതിർന്ന നേതാവ് പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ എന്നിവർ ചേർന്ന് ജില്ലയിൽ പാർട്ടിയെ ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പത്തനംതിട്ടയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. പി.ജെ. കുര്യന് രാജ്യസഭാ സീറ്റ് നൽകാത്തതിന്റെ പേരിൽ പാർട്ടിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. എംപി എന്ന നിലയിൽ ആന്റോ ആന്റണി പരാജയമായത് പാർട്ടിക്ക് തിരിച്ചടിയാണ്. ഡിസിസി പ്രസിഡന്റ് പിജെ കുര്യന്റെ ഇച്ഛയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്നു. എതിർക്കുന്ന നേതാക്കളെ പുറത്താക്കുന്നു. ഇത് ഈ രീതിയിൽ മുന്നോട്ട് പോകാൻ അനുവദിക്കാൻ കഴിയില്ലെന്നും യോഗം വിലയിരുത്തി.
നേതാക്കളുടെ ഏകാധിപത്യ പ്രവണത എതിർത്ത് പാർട്ടിയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗമെന്ന് നേതാക്കൾ പറഞ്ഞു. പാർട്ടിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരെ മുഴുവൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് നിവേദനം നൽകും. ഇതിനായി യോഗം ബാബു ജോർജിനെ ചുമതലപ്പെടുത്തി. മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും ഡോ. സജി ചാക്കോയെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ ശ്രമിക്കുന്നതിനെ യോഗം അപലപിച്ചു. കെപിസിസി ഇതിൽ ഇടപെടണമെന്നും ആവശ്യം ഉയർന്നു.
ഉടൻ തന്നെ ജില്ലയിലെ സമാന അഭിപ്രായമുള്ളവരുടെ കൺവൻഷൻ വിളിക്കും. എല്ലാ ബ്ലോക്ക് കമ്മറ്റികളിൽ നിന്നും അസംതൃപ്തരെ പങ്കെടുപ്പിക്കും. അതിന് ശേഷം വിശാലമായ പൊതുയോഗം വിളിച്ചു ചേർക്കും. കെപിസിസി നേതൃത്വം വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നടപടി എടുക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നേതാക്കൾ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്