പത്തനംതിട്ട: ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജി വച്ചു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ്, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി എന്നിവരാണ് രാജി വച്ചത്. രണ്ടു പേരും സ്വതന്ത്രരായി വിജയിച്ചവരാണ്. റാന്നിയിൽ ഉപതെരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ചതോടെ ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിലാണ് രാജി. മല്ലപ്പുഴശേരിയിൽ ഇടതു മുന്നണിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ഉഷാകുമാരിയുടെ രാജി. പ്രസിഡന്റിന്റെ രാജിക്ക് പിന്നാലെ മല്ലപ്പുഴശേരിയിൽ വൈസ് പ്രസിഡന്റ് പ്രദീപ്കുമാറും അപ്രതീക്ഷിതമായി രാജി വച്ചു.

പുതുശേരിമല വാർഡിലെ വിജയത്തോടെ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതോടെ യു.ഡി.എഫ്, ബിജെപി പിന്തുണയോടെ പ്രസിഡന്റായ റാന്നിയിലെ കെ.ആർ പ്രകാശ് രാജി വെച്ചത്. അവിശ്വാസം വരുന്നതിനു മുമ്പേ രാജി സമർപ്പിക്കുകയായിരുന്നു. 13 അംഗ കമ്മിറ്റിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. യുഡിഎഫ് 5 , എൽഡിഎഫ് 5, ബിജെപി 2, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. കേരള കോൺഗ്രസ് (എം)ലെ ശോഭ ചാർളിയാണ് തുടക്കത്തിൽ പ്രസിഡന്റായത്. സ്വതന്ത്രന്റെ പിന്തുണയോടെ കോൺഗ്രസിലെ സിന്ധു സഞ്ജയനും വൈസ് പ്രസിഡന്റായി. പിന്നാലെ കേരള കോൺഗ്രസ് അംഗം യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം കൂടിയത് വൻ ചർച്ചയായിരുന്നു.

ഇതോടെ എൽഡിഎഫിന് 6 അംഗങ്ങളുടെ പിന്തുണയായിരുന്നു. തുടർന്ന് കോൺഗ്രസിലെ 4 അംഗങ്ങളും സ്വതന്ത്രനും ചേർന്ന് ശോഭ ചാർളിക്കെതിരെ അവിശ്വാസത്തിനു നോട്ടിസ് നൽകി. ബിജെപി പിന്തുണയിൽ ഭരിക്കുന്നതിനെതിരെ എൽ.ഡി.എഫിൽ പ്രതിഷേധം ഉയർന്നതോടെ സ്ഥാനം രാജിവക്കുകയായിരുന്നു.

പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായ കെ. ആർ.പ്രകാശ് പ്രസിഡന്റായത്. ബി.ജെപി അംഗങ്ങൾ വിപ്പു ലംഘിച്ചതായി ആരോപിച്ച് നേതൃത്വം തെരഞ്ഞെടുപ്പു കമ്മിഷനിൽ കേസ് നൽകിയിരുന്നു ഇതോടെ ബി ജെപി അംഗം എ.എസ്.വിനോദ് രാജിവച്ചു. നിലവിലെ ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ അജിമോനാണ് വിജയിച്ചത്. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഭൂരിപക്ഷത്തിനു 7 പേരുടെ പിന്തുണ വേണം.

ഇടതു മുന്നണിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് മൂന്ന് വർഷത്തോളം മല്ലപ്പുഴശേരിയിൽ പ്രസിഡന്റായിരുന്ന സ്വതന്ത്രാംഗം എസ്. ഉഷാകുമാരി രാജി വച്ചത്. വൈസ് പ്രസിഡന്റ് പ്രദീപ് കുമാറിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്നു പാർട്ടി ഏരിയാ കമ്മറ്റി അംഗം കൂടിയായ പ്രദീപ് പറയുന്നു. മല്ലപ്പുഴശേരിയിൽ ഇടത് മുന്നണിയിൽ ഉണ്ടായിരുന്ന ധാരണ പ്രകാരമാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.എൽ.ഡി.എഫിൽ സിപിഐക്കാണ് ഇനിയുള്ള രണ്ട് വർഷം പ്രസിഡന്റ് പദവി ലഭിക്കുക.

ഇടത് മുന്നണിയിൽ സിപിഎം-നാല്, സിപിഐ-രണ്ട്, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. പ്രതിപക്ഷത്ത് കോൺഗ്രസിനും ബിജെപിക്കും മൂന്ന് അംഗങ്ങൾ വീതമാണുള്ളത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥി വിജയിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന് തന്നെ ആയിരിക്കും. സജീവ് ഭാസ്‌കർ, അമൽ സത്യൻ, വത്സല വാസു എന്നിവരാണ് സിപിഎം അംഗങ്ങൾ. പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായതിനാൽ പാർട്ടി തീരുമാനം നിർണായകമാണ്.