പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ സ്വന്തം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ബിജെപി ജില്ലാ ട്രഷറര്‍ പുലിവാല് പിടിച്ചു. അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ചുവെങ്കിലും സംഘപരിവാര്‍-ബിജെപി ഗ്രൂപ്പുകളില്‍ വിവാദം കത്തുന്നു. ബിജെപി ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍ കര്‍ത്തയുടെ ഫേസ്ബുക്കിലാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്‍. പ്രസാദിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്.

ഗോപാലകൃഷ്ണന്‍ ഓലിക്കല്‍ എന്ന പേരിലാണ് കര്‍ത്ത ഫേസ്ബുക്കില്‍ ഉള്ളത്. പി.ആര്‍. പ്രസാദ് സ്വന്തം പേജില്‍ നാളെ വകയാറില്‍ ആരംഭിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ ഇട്ടിരുന്നു. ഇതാണ് ഗോപാലകൃഷ്ണന്‍ കര്‍ത്ത ഷെയര്‍ ചെയ്തത്. ബിജെപി-സിപിഎം കൂട്ടുകെട്ട് ശക്തമായ സ്ഥലമാണ് റാന്നി എന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണം വരെ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. മുന്‍ എംഎല്‍എ രാജു ഏബ്രഹാമുമായി സജീവമായ അന്തര്‍ധാര റാന്നിയില്‍ നിലനില്‍ക്കുന്നുവെന്നത് ബിജെപിയില്‍ പലപ്പോഴും ഉയര്‍ന്നിട്ടുള്ള ആരോപണമാണ്. അതിനിടെയാണ് ഗോപാലകൃഷ്ണന്‍ കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.

ബിജെപിയിലെ ഔദ്യോഗിക പക്ഷത്തിന്റെയാളാണ് ഗോപാലകൃഷ്ണന്‍ കര്‍ത്ത. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ബിജെപിയില്‍ നിന്ന് നിരവധി പേരെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നുണ്ട്. ഇന്നും പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജില്‍ യുവമോര്‍ച്ചയില്‍ നിന്നുള്ള ക്രിമിനല്‍ കേസ് പ്രതികള്‍ അടക്കമുളളവരെ ജില്ലാ നേതാക്കള്‍ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ത്തയും സിപിഎമ്മിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജെപിയില്‍ എതിര്‍പക്ഷത്തിന്റെ ആരോപണം.

അബദ്ധം പറ്റിയതാണെന്നുള്ള ഗോപാലകൃഷ്ണന്‍ കര്‍ത്തയുടെ വിശദീകരണമൊന്നും ഇവര്‍ മുഖവിലയ്ക്ക് എടുക്കുന്നുമില്ല. കഴിഞ്ഞയാഴ്ച ബിജെപിയുടെ മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ച് കൈയാങ്കളി നടന്നിരുന്നു. വിഭാഗീയത രൂക്ഷമായ ബിജെപിയില്‍ ഗോപാലകൃഷ്ണന്‍ കര്‍ത്തയുടെ കൈയബദ്ധം എരിതീയില്‍ എണ്ണയൊഴിച്ചിരിക്കുകയാണ്.