- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ട കോൺഗ്രസിലെ വിഭാഗീയത വളരുന്നു; പി.ജെ. കുര്യനെതിരെ അഴിമതി ആരോപണവുമായി സസ്പെൻഡ് ചെയ്യപ്പെട്ട ബാബു ജോർജ്; ഡിസിസി എക്സിക്യൂട്ടിവിൽ മർദനമേറ്റ വി.ആർ. സോജിക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിന് പരാതിയുമായി ലാലി ജോൺ; നേതൃത്വം മൗനത്തിൽ
പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മറ്റിയിലെ വിഭാഗീയതയും ആരോപണ-പ്രത്യാരോപണങ്ങളും തെരുവിലേക്ക്. തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച മുതിർന്ന നേതാവ് പി.ജെ. കുര്യനെതിരേ സാമ്പത്തിക ആരോപണവുമായി ഡി.സി.സി ഓഫീസിന്റെ കതക് ചവിട്ടിപ്പൊളിച്ചതിന് സസ്പെൻഷനിലായ മുൻ പ്രസിഡന്റ് ബാബു ജോർജ് രംഗത്തു വന്നു. ഇന്നലെ ചേർന്ന ഡിസിസി എക്സിക്യൂട്ടിവിൽ മർദനമേറ്റെന്ന് പൊലീസിൽ പരാതി നൽകിയ ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജിക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ലാലി ജോൺ എസ്‌പിക്ക് പരാതി നൽകി.
ഗുരുതരമായ സാമ്പത്തിക ആരോപണമാണ് ബാബു ജോർജ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. 2020-ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആകുന്നവരുടെ പേരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളാണ് പണം ശേഖരിച്ച് ഡി.സി.സി.യിൽ അടച്ചിട്ടുള്ളത്. ആയതിന് കൃത്യമായ രസീതുകളും കണക്കുകളും ഉള്ളതാണെന്ന് ബാബു ജോർജ് പറഞ്ഞു. മുൻഗാമികളും ഇതേപോലെ പണം ശേഖരിച്ചിട്ടുണ്ട്. പണപ്പിരിവ് എങ്ങനെയായിരിക്കണമെന്ന് അന്നത്തെ കെപിസിസി. പ്രസിഡന്റിന്റെ വിശദമായ സർക്കുലറും ഉണ്ട്. ഈ വസ്തുതയെല്ലാം പി.ജെ.കുര്യന് അറിയാം.
സ്ഥാനാർത്ഥി നിർണയത്തിന് കെപിസിസി. മണ്ഡലം, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ സ്‌ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിക്കുന്ന ലിസ്റ്റ് ഒപ്പിട്ട് മണ്ഡലം പ്രസിഡന്റമാരെ ഏൽപ്പിക്കുന്ന ജോലി മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ. ഒരു ഡി.സി.സി. പ്രസിഡന്റിന് തനിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിക്കുവാൻ സാധ്യമല്ല. താൻ ഡി.സി.സി പ്രസിഡന്റ് ആയതിനു ശേഷം മുതിർന്ന നേതാവിന്റെ ഒത്താശയോടു കൂടി ഒളിഞ്ഞും തെളിഞ്ഞും തന്നെ അപകീർത്തിപ്പെടുത്തുവാൻ പി.ജെ. കുര്യൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ബാബു ജോർജ് പറഞ്ഞു.
2020-ലെ പണപ്പിരിവ് സംബന്ധിച്ച് പി.ജെ. കുര്യൻ ആരോപണം ഉന്നയിക്കുകയും കെപിസിസി. പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലയിലെ പ്രധാന നേതാക്കളെ തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ വിളിപ്പിച്ച് തെളിവെടുത്ത് റെക്കോഡുകൾ പരിശോധിച്ച് യാതൊരു ക്രമക്കേടുകളും ഇല്ലായെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുല്ലപ്പള്ളി രാമചന്ദ്രൻ വരികയും പിരിച്ച സംഖ്യയിൽ 10 ലക്ഷം രൂപ വീക്ഷണം ഫണ്ടിലേക്കും 10 ലക്ഷം രൂപാ പാർട്ടി ഫണ്ടിലേക്കും കൈമാറുകയും ചെയ്തു. പി.ജെ.കുര്യൻ ഇതിന് സാക്ഷിയാണ്.
കെപിസിസി തള്ളിക്കളഞ്ഞ ആരോപണമാണ് ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കുര്യൻ ഉന്നയിച്ചിട്ടുള്ളത്. കുര്യന്റെ പ്രസ്താവന അപകീർത്തികരമായതിനാൽ നിയമനടപടികൾ സ്വീകരിക്കും. ആരോപണം തെളിയിക്കാൻ കുര്യനെ വെല്ലുവിളിക്കുന്നുവെന്നും ബാബു ജോർജ് പറഞ്ഞു. പണം വാങ്ങി സ്ഥാനാർത്ഥിത്വം നൽകിയെന്ന് ഒരാളും ഇതുവരെ ഒരു ഫോറത്തിലും പരാതി നൽകിയിട്ടില്ല. ഒന്നും പറയുവാൻ ഇല്ലാതാവുമ്പോൾ പി.ജെ.കുര്യന്റെ സ്ഥിരം നമ്പരാണിത്. കുര്യൻ നേതൃത്വം കൊടുക്കുന്ന രാജീവ്ഗാന്ധി ഗുഡ്വിൽ ട്രസ്റ്റിന്റെ പേരിൽ അദ്ദേഹം നടത്തുന്ന അനധികൃത പണപ്പിരിവ് പോലെ താൻ ആരോടും പണം പിരിച്ചിട്ടില്ല. മൂന്നു തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും ചിഹ്നം അനുവദിക്കുന്നിന് പണം അടച്ചിരുന്നു. പത്തനംതിട്ട കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം കുര്യനാണ്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്.
1980 മുതൽ പാർലമെന്റിൽ ചെറിയ ഒരു ഇടവേള ഒഴികെ അംഗത്വം ലഭിച്ചിട്ടുള്ള കുര്യൻ തനിക്ക് ശേഷം ആരെയും വളരുവാൻ അനുവദിച്ചിട്ടില്ല. കോൺഗ്രസിൽ നിന്നു കൊണ്ട് ബിജെപിയുമായും സിപിഎമ്മുമായും ചർച്ചകൾ നടത്തുന്ന ആളാണ് കുര്യൻ. രാജ്യസഭാ ഉപാധ്യക്ഷനായി താൻ മത്സരിച്ചാൽ ബിജെപി. പിന്തുണയ്ക്കുമെന്ന് പി.ജെ.കുര്യൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അരുൺ ജെയ്റ്റിലിയായിരുന്നു കുര്യന്റെ കേസുകൾ ഡൽഹിയിൽ വാദിച്ചിരുന്നത്. കുര്യൻ ഉൾപ്പെട്ട കേസ് കോൺഗ്രസിനുണ്ടാക്കിയ നാണക്കേടിനെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാണ്. പി.ജെ.കുര്യൻ അടുത്ത സമയത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. പിണറായിയി ആകട്ടെ കുര്യന്റെ പുസ്തകത്തിലെ കോൺഗ്രസ് വിരുദ്ധ പരാമർശങ്ങൾ എടുത്ത് അത് സംബന്ധിച്ചാണ് പ്രസംഗിച്ചത്. പിണറായിയുടെ പ്രസംഗം കോൺഗ്രസ് പാർട്ടിക്ക് വളരെയേറേ ക്ഷീണം ചെയ്തു.
രാഹുൽ ഗാന്ധിയെ പരസ്യമായി വിമർശിച്ച നേതാവാണ് പി.ജെ.കുര്യൻ. രാഹുൽ ഗാന്ധിക്ക് കഴിവില്ലെന്ന് പി.ജെ.കുര്യൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഡൽഹിയിൽ നിന്നും തന്റെ ആസ്ഥാനം പടുതോട്ടിലേക്ക് മാറ്റേണ്ടി വന്നതിലുള്ള വിരോധം പി.ജെ.കുര്യൻ തീർക്കുകയാണ്. ഇനി ഒരാളും പത്തനംതിട്ട ജില്ലയിൽ നിന്നും പാർലമെന്റിലേക്കോ അസംബ്ലിയിലേക്കോ ജയിക്കരുതെന്ന ഗൂഢോദ്ദേശ്യം അദ്ദേഹത്തിനുണ്ടെന്ന് ബാബു ജോർജ് ആരോപിച്ചു. 2004-ൽ രമേശ് ചെന്നിത്തലയെ മാവേലിക്കര പാർലമെന്റിലും 2016-ൽ ജോസഫ് എം. പുതുശേരിയെ തിരുവല്ല അസംബ്ലി മണ്ഡലത്തിലും പരാജയപ്പെടുത്തിയത് പി.ജെ.കുര്യനാണ്.
ജോസഫ് എം. പുതുശേരിയെ സ്ഥാനാർത്ഥിയാക്കരുതെന്ന് പി.ജെ.കുര്യൻ വാർത്താസമ്മേളനം നടത്തി പറഞ്ഞതാണ് തിരുവല്ലയിൽ പരാജയപ്പെടുവാൻ കാരണം. 2021-ൽ തിരുവല്ലയിൽ മത്സരിച്ച് മന്ത്രിയാകുവാൻ പി.ജെ.കുര്യൻ ആഗ്രഹിച്ചിരുന്നു. അവിടെ മത്സരിക്കുന്നതിനു വേണ്ടി മൂന്നു കോടി രൂപയിലധികം രാജീവ് ഗാന്ധി ഗുഡ്വിൽ ട്രസ്റ്റിന്റെ മറവിൽ പി.ജെ.കുര്യൻ തിരുവല്ലയിൽ മാത്രം ചെലവാക്കിയിരുന്നു. സീറ്റ് കിട്ടാത്തതിലുള്ള നീരസം കുര്യന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ.കുര്യൻ മത്സരിക്കാൻ ആഗ്രഹിച്ചതാണ് ജില്ലയിൽ കോൺഗ്രസ് പരാജയപ്പെടുവാൻ കാരണം. ഡി.സി.സി. പ്രസിഡന്റുമാരെ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അദ്ദേഹം അനുവദിക്കില്ല. അദ്ദേഹത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഡി.സി.സി. പ്രസിഡന്റിന് ഇരിക്കാൻ സാധിക്കില്ല. സ്വന്തം പഞ്ചായത്തായ പുറമറ്റത്തെ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ പി.ജെ.കുര്യൻ പരിശോധിക്കണം. മല്ലപ്പള്ളി ബ്ലോക്കിൽ മാത്രം കുര്യന്റെ നിർദ്ദേശപ്രകാരം നിരവധി പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട് എന്നും ബാബു ജോർജ് ആരോപിച്ചു.
ഇന്നലെ നടന്ന ഡി.സി.സി എക്സിക്യൂട്ടീവിൽ തന്നെ മർദിച്ചുവെന്ന് ആരോപിച്ച് ജനറൽ സെക്രട്ടറി വി.ആർ. സോജി പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് മറുപടിയായി മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലാലി ജോൺ സോജിക്കെതിരേ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഡി.സി.സി ഓഫീസിൽ വച്ച് ആക്രമിക്കുവാൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മുൻപ് വഞ്ചിയൂർ കോടതി വളപ്പിൽ വച്ച് മോശമായി സംസാരിച്ചുവെന്നും പരാതിയിലുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്