പത്തനംതിട്ട: കോൺഗ്രസിന്റെ ഹാഥ് സെ ഹാഥ് യാത്ര നയിച്ചെത്തിയ എ.ഐസിസി സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി എന്നിവരുടെ വാഹനങ്ങൾക്ക് നേരെ ഡിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുട്ടയും കല്ലുമെറിഞ്ഞു. വലഞ്ചുഴിയിൽ ശനിയാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം. വലഞ്ചുഴിയിലൂടെ യാത്ര കടന്നു പോയപ്പോഴാണ് പത്തനംതിട്ട നഗരസഭ കൗൺസിലർ കൂടിയായ ഡി.സി.സി ജനറൽ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തിൽ മുട്ട എറിഞ്ഞത്.

എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ തുടങ്ങിയവർ പങ്കെടുത്ത ജാഥയ്ക്ക് നേരെയായിരുന്നു ആക്രമണം. എം എം നസീറിന്റെ കാറിനു നേരെയും കല്ല് എറിഞ്ഞു. എം സി ഷരീഫ് മദ്യലഹരിയിൽ ആയിരുന്നെന്ന് എം എം നസീർ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പൊലീസിൽ പരാതി നൽകും. അക്രമം കാണിച്ചവർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ജില്ലാ നേതൃത്വവും അറിയിച്ചു.

ഏറെ നാളായി പത്തനംതിട്ട കോൺഗ്രസിൽ വിഭാഗീയത രൂക്ഷമാണ്. മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അടക്കമുള്ളവർ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്പെൻഷനിലാണ്. ഒരു മാസം മുൻപ് മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗത്തിൽ പി.ജെ. കുര്യൻ അനുയായികളെ ഒരു പക്ഷം കൈയേറ്റം ചെയ്തിരുന്നു. ഡിസിസിയിൽ കുര്യന്റെ പിൻസീറ്റ് ഡ്രൈവിങ്ങാണ് നടക്കുന്നതെന്നും പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പാവയാണെന്നും ആക്ഷേപം ശക്തമാണ്. മിക്ക പരിപാടികളും നേതാക്കളുടെ ബഹിഷ്‌കരണത്തിലോ തമ്മിൽ അടിയിലോ ആണ് കലാശിക്കുന്നത്.

നസീർ അടക്കമുള്ളവർ ഒരു പക്ഷത്തിന്റെ ജിഹ്വയായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ബാബു ജോർജ്, കല്ലേറ് നടത്തിയ എം.സി ഷെരീഫ് എന്നിവർ അടക്കമുള്ളവർ അധികം വൈകാതെ സിപിഎമ്മിൽ ചേരുമെന്ന പ്രചാരണം ശക്തമാണ്. ഇതിനായി സിപിഎം ജില്ലാ സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും പറഞ്ഞിരുന്നു. എം വി ഗോവിന്ദൻ ജില്ലയിൽ വരുമ്പോൾ ഇവർ സിപിഎമ്മിൽ ചേരുമെന്നാണ് പ്രചരിച്ചിരുന്നത്. എന്നാൽ, അതുണ്ടായില്ല. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നിന്ന് വലിയൊരു വിഭാഗം സിപിഎമ്മിലേക്ക് പോകുമെന്നാണ് അറിയുന്നത്.