പത്തനംതിട്ട: വൈക്കം സത്യഗ്രഹത്തിന്റെ പേരിൽ ഡിസിസിയിൽ തമ്മിലടി. കെപിസിസി ജനറൽ സെക്രട്ടറിക്കെതിരേ പ്രസിഡന്റിന് കത്തയച്ച് ഡിസിസി ജനറൽ സെക്രട്ടറി. ഡിസിസി ജനറൽ സെക്രട്ടറിയെ തള്ളി പ്രസിഡന്റ്. പത്തനംതിട്ടയിലെ കോൺഗ്രസിൽ സമീപകാലത്തുണ്ടായ തമ്മിലടിക്ക് കെപിസിസി പ്രസിഡന്റ് ഏർപ്പെടുത്തിയ നിരോധനം മറികടന്നാണ് ഈ സംഭവ വികാസങ്ങൾ. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തു വന്നിരിക്കുന്നത് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജിയാണ്.

തെറ്റായ പ്രചാരണം നടത്തുന്ന സോജിക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. വൈക്കം സത്യഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായാചിത്ര ഘോഷയാത്രയുടെ കൺവീനർ, കെപിസിസി. ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്ന് പഴകുളം മധുവിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് സോജി കെപിസിസി. പ്രസിഡന്റിന് കത്ത് നൽകിയിര്ിക്കുന്നത്.

കഴിഞ്ഞ 12 ന് ഛായാചിത്ര ഘോഷയാത്രയുടെ സ്വാഗതസംഘ രൂപീകരണയോഗം ഡി.സി.സി. ഓഫീസിൽ നടന്നപ്പോൾ ചരിത്ര വസ്തുതകൾ തമസ്‌കരിച്ച് പഴകുളം മധു പ്രസംഗിച്ചുവെന്ന് സോജി ആരോപിക്കുന്നു. മന്നത്തു പത്മനാഭന്റെയും ചിറ്റേടത്തു ശങ്കുപ്പിള്ളയുടെയും നേതൃത്വത്തിലാണ് വൈക്കം സത്യഗ്രഹം നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. യോഗത്തിൽ ഉണ്ടായിരുന്ന മണ്ണടി മണ്ഡലം പ്രസിഡന്റ് മണ്ണടി മോഹനൻ പഴകുളം മധുവിനെ തിരുത്തുവാൻ ശ്രമിച്ചെങ്കിലും മാലേത്ത് സരളാദേവിയുടെ പിന്തുണയോടെ അദ്ദേഹം അതിന് തയാറായില്ല.

ശ്രീനാരായണ ഗുരുദേവനോ എസ്.എൻ.ഡി.പി യോഗത്തിനോ വൈക്കം സത്യഗ്രഹത്തിൽ യാതൊരു പങ്കുമില്ലെന്നും ഗുരുദേവൻ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു പഴകുളം മധുവിന്റെ അഭിപ്രായം. സരളാദേവിയും ഇതിനോട് യോജിച്ചു. ചരിത്ര വസ്തുതകൾ സംബന്ധിച്ച് പ്രാവീണ്യമുള്ള മണ്ണടി മോഹനൻ രേഖകളും തെളിവുകളും നിരത്തി മധുവിന്റെ ചരിത്രപരമായ തെറ്റുകൾ തിരുത്തുവാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തന്റെ വാദഗതിയിൽ ഉറച്ചു നിന്നു. സവർണർ കേരളത്തിലെ അവർണർക്കു വേണ്ടി നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം എന്ന പഴകുളം മധുവിന്റെ അഭിപ്രായം അബദ്ധജഡിലവും ചരിത്രനിഷേധവുമാണെന്ന് സോജി പറഞ്ഞു.

ശ്രീനാരായണ ഗുരുദേവൻ മലയാളവർഷം 1100 കന്നി 12ന് വൈക്കം സത്യാഗ്രഹ ആശ്രമം സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്തു. 1000 രൂപ സംഭാവനയും നൽകി. ശ്രീനാരായണ ഗുരുദേവന്റെ ഉടമസ്ഥതയിലുള്ള വെല്ലൂർ മഠമാണ് സത്യഗ്രഹത്തിന് വിട്ടുനൽകിയത്. ശിവഗിരിയിൽ വൈക്കം സത്യാഗ്രഹത്തിന് വേണ്ടി ഭണ്ഡാരം സ്ഥാപിക്കുകയും സന്യാസിമാർ ഭവനങ്ങളിൽ പോയി സത്യാഗ്രഹ ഫണ്ടിലേക്ക് പണം പിരിക്കുകയും ചെയ്തു. വൈക്കം സത്യഗ്രഹ നായകനായ റ്റി.കെ.മാധവന്റെ പേരു പോലും മധു യോഗത്തിൽ പരാമർശിച്ചില്ല. വൈക്കം സത്യഗ്രഹം സംബന്ധിച്ച പന്ത്രണ്ടോളം പുസ്തകങ്ങളുമായിട്ടാണ് സോജി വാർത്താസമ്മേളനത്തിന് എത്തിയത്.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ വൈക്കം സത്യഗ്രഹവും ഗുരുദേവ - ഗാന്ധിജി സമാഗമവും എന്ന ഗ്രന്ഥത്തിലെ പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ച് അദ്ദേഹം തന്റെ വാദമുഖങ്ങൾ നിരത്തി. വൈക്കത്ത് കൂടി റിക്ഷാവണ്ടിയിൽ സഞ്ചരിച്ച ഗുരുദേവനെ ഇറക്കിവിട്ടതും തുടർന്ന് സരസകവി മൂലൂർ ഇതു സംബന്ധിച്ച് രചിച്ച കവിതയും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.കുമാരൻ ജനറൽ സെക്രട്ടറി ആയതു മുതൽ എസ്.എൻ. ഡി.പി.യോഗം സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദം ഉയർത്തിയിരുന്നു. ശ്രീമൂലം പ്രജാ സഭയിൽ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുവാൻ ടി.കെ.മാധവന് അവസരം നൽകിയില്ല. ദിവാനെ നേരിട്ടു കാണുവാൻ ശ്രമിച്ചുവെങ്കിലും അനുമതി നൽകിയില്ല.

തുടർന്നാണ് തിരുനെൽവേലിയിൽ വച്ച് ടി.കെ.മാധവൻ ഗാന്ധിജിയെ കണ്ടത്. മൗലാനാ മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ കാക്കിനടയിൽ ചേരുന്ന കോൺഗ്രസ് സമ്മേളനത്തിൽ വിഷയം അവതരിപ്പി ക്കുവാൻ ഗാന്ധിജി മാധവനെ ഉപദേശിച്ചു. സർദാർ കെ.എം.പണിക്കരുടെയും ബാരിസ്റ്റർ ജോർജ് ജോസഫിന്റെയും സഹായത്തോടെയാണ് ടി.കെ.മാധവൻ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തത്. ഘോഷയാത്ര നയിക്കുന്ന കെപിസിസി.ജനറൽ സെക്രട്ടറി ഇത്തരം കാര്യങ്ങളെക്കുറിച്ച് സാമാന്യമായി എങ്കിലും പഠിക്കേണ്ടിയിരുന്നുവെന്ന് സോജി പറഞ്ഞു. 25 വർഷത്തിലധികം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ മധുവിന്റെ തെറ്റുകൾ തിരുത്തുവാൻ ശ്രമിക്കാതിരുന്നത് ഞെട്ടൽ ഉളവാക്കിയെന്ന് ചൂണ്ടിക്കാട്ടി.

കേരള നവോത്ഥാനത്തിൽ ശ്രീനാരായണ ഗുരുദേവനും എസ്.എൻ.ഡി.പി യോഗത്തിനും ഉള്ള പങ്ക് വിസ്മരിക്കുന്ന കെപിസിസി. ജനറൽ സെക്രട്ടറി പഴകുളം മധു കൺവീനറായുള്ള ജാഥ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. വൈക്കം സത്യഗ്രഹം സംബന്ധിച്ച് വായിക്കേണ്ട പുസ്തകങ്ങളും അദ്ദേഹം നിർദ്ദേശിച്ചു. നവോത്ഥാനത്തിന്റെ കോൺഗ്രസ് പൈതൃകം എന്ന തന്റെ ഗ്രന്ഥത്തിൽ വൈക്കം സത്യഗ്രഹത്തിന്റെ പൂർണ്ണവിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജിനെ സസ്പെന്റ് ചെയ്ത നടപടിക്ക് ആധാരമായി സി.സി. ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ടത് മധുവിന്റെ നിർദ്ദേശപ്രകാരമാണെന്നും സോജി ആരോപിച്ചു.

ജില്ലയിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യാതൊരു ശ്രമവും നടത്തുന്നില്ലെന്നും കെപിസിസി. പ്രഖ്യാപിച്ച അന്വേഷണകമ്മിഷൻ തെളിവെടുപ്പ് ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തെ ദളവാക്കുളം വീണ്ടെടുത്ത് സ്മാരകം നിർമ്മിക്കണ മെന്നും വൈക്കത്ത് കെപിസിസി. റ്റി.കെ.മാധവന്റെ പ്രതിമ സ്ഥാപിക്കുവാൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

ഡി.സി.സിക്കെതിരേ വ്യാജ പ്രചാരണമെന്നും കെപിസിസിക്ക് റിപ്പോർട്ട് നൽകുമെന്നും പ്രസിഡന്റ്

കഴിഞ്ഞ ദിവസം നടന്ന ഡി.സി.സി നിർവാഹക സമിതി യോഗത്തിൽ വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച് നടന്ന ചർച്ചയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രാധാന്യം കുറച്ചു കാണിച്ചതായുള്ള ഉള്ള ഒആക്ഷേപം പച്ചക്കള്ളവും തെറ്റിദ്ധാരണ പരത്തുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് അച്ചടക്ക നടപടിയെടുക്കാതിരിക്കാൻ കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയ ആളാണ് ആരോപണം ഉന്നയിക്കുന്നത്. ഇദ്ദേഹം യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി മാധ്യമങ്ങളിലുടെയും സോഷ്യൽ മീഡിയയിലൂടെയും നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയായി മനഃപൂർവം കെട്ടിച്ചമച്ച ആരോപണമാണിതെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു വൈക്കം സത്യാഗ്രഹ സമരത്തിലെ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ജീവ ചരിത്രം വിവരിക്കുക മാത്രമാണ് ഉണ്ടായത്. യോഗത്തിൽ പങ്കെടുത്ത ഒരു അംഗം വൈക്കം സത്യാഗ്രഹ സമരത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പങ്ക് കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും അത് അംഗീകരിക്കുകയുമാണ് ഉണ്ടായത്. മറിച്ചുള്ള പ്രചാരണം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്ന ആൾ പാർട്ടിയെ ആക്ഷേപിക്കുന്നതിനും തെറ്റിദ്ധാരണ പരത്തുന്നതിനുമായി കെട്ടിച്ചതാണ്.

ആ യോഗത്തിൽ അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല. വ്യക്തി വൈരാഗ്യം തീർക്കുന്നതിന് വേണ്ടി പാർട്ടിയെ ജന മധ്യത്തിൽ തുടർച്ചയായി അവഹേളിക്കുന്നത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റിന് റിപ്പോർട്ട് നൽകുമെന്നും അച്ചടക്ക വിരുദ്ധ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.