- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞികൃഷ്ണനെ ക്ഷണിതാവാക്കി പാർട്ടി നേതൃത്വം ഒതുക്കിയതിൽ അണികളിൽ അതൃപ്തി; കുറ്റാരോപിതർക്കും ആരോപണം ഉന്നയിച്ചയാൾക്കും ഇരട്ടനീതിയെന്ന് ആരോപണം; പ്രതികരിക്കാതെ കുഞ്ഞികൃഷ്ണൻ; പയ്യന്നൂരിലേത് സിപിഎം ഇരട്ടത്താപ്പോ?
കണ്ണൂർ: പാർലമെന്റ് തെരഞ്ഞെടുപ്പിനെ മുൻപിൽ കണ്ടു പയ്യന്നൂർ ഫണ്ട് വെട്ടിപ്പുനടത്തിയെന്ന പരാതിയയുർന്ന സംഭവത്തിൽ സി.പി. എം ഒത്തുതീർപ്പു ഫോർമുല നടപ്പിലാക്കിയെങ്കിലും മൗനം പാലിച്ചു സി.പി. എം മുൻ ഏരിയാസെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ. പാർട്ടി സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജന്റെ നേതൃത്വത്തിൽ നടത്തിയ സമവായ നീക്കത്തിനൊടുവിലാണ് കണ്ണൂർ ജില്ലാകമ്മിറ്റിയിലേക്ക് പ്രത്യേകക്ഷണിതാവായി വി.കുഞ്ഞികൃഷ്ണനെ ഉൾപ്പെടുത്തിയത്.
എന്നാൽ ഈക്കാര്യം നേരത്തെ വി.കുഞ്ഞികൃഷ്ണനുമായി സംസാരിച്ചുണ്ടാക്കിയ തീരുമാനമാണെന്നാണ് സൂചന. 2021-ലെ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമായി പിരിച്ച ഫണ്ടിലെ വെട്ടിപ്പ്, പാർട്ടി ഏരിയാകമ്മിറ്റി ഓഫീസിനായി പിരിച്ചെടുത്ത ലക്ഷങ്ങളുടെ വഴിമാറ്റി ചെലവാക്കൽ, കുന്നരു ധനരാജ്രക്തസാക്ഷിത്വഫണ്ടിലെ ക്രമക്കേട്തുടങ്ങിയ അതീവഗുരുതരമായ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് സി.പി. എം ടി. ഐ മധുസൂദനനെ വീണ്ടും ജില്ലാസെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത്.
ഇതിനെതിരെ ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ എതിർപ്പുയർന്നിരുന്നുവെങ്കിലും ഒടുവിൽ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം അംഗീകരിക്കുകയായിരുന്നു. വി.കുഞ്ഞികൃഷ്ണനെ വീണ്ടും ഏരിയാസെക്രട്ടറി സ്ഥാനത്തേക്ക ്കൊണ്ടുവരാനാണ് പാർട്ടി തീരുമാനമെടുത്തതെങ്കിലും ടി. ഐ മധുസൂദനനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും എതിർത്തതുകാരണാണ് പി.സന്തോഷിനെ ഏരിയാസെക്രട്ടറിയായി നിയോഗിച്ചത്. ഇതോടെ പതിനാറുമാസത്തോളമായി സി.പി. എമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ തുടരുന്ന സംഘടനാ പ്രതിസന്ധിക്കാണ് താൽക്കാലികമായ പരിഹാരമായത്.
വി.കുഞ്ഞികൃഷ്ണനെ പരിപൂർണമായും ഒഴിവാക്കിയാൽ പ്രവർത്തകർ പാർട്ടി നേതൃത്വത്തിനെതിരെ തിരിയുമെന്ന് മുൻകൂട്ടികണ്ടു കൊണ്ടാണ് ആലങ്കാരിക പദവി നൽകി അദ്ദേഹത്തെ ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. നിലവിൽ ജില്ലാകമ്മിറ്റിയിൽ ഒഴിവില്ലാത്തതിനാൽ ക്ഷണിതാവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം വി.കുഞ്ഞികൃഷ്ണനെഅറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞവർഷം ജൂണിൽ ടി. ഐ മധുസൂദനൻ അടക്കം ആറുപേർക്കെതിരെയാണ് സി.പി. എം നടപടിയെടുത്തത്.
സാമ്പത്തിക വിഷയം കൈക്കാര്യം ചെയ്യുന്നതിൽ ജാഗ്രത കുറവുണ്ടായതിന്റെ പേരിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ടി. ഐ മധുസൂദനനെ ജില്ലാകമ്മിറ്റിയിലേക്കും പയ്യന്നൂർ ഏരിയാകമ്മിറ്റി അംഗം ടി.വിശ്വനാഥനെ ലോക്കൽകമ്മിറ്റിയിലേക്കുമാണ് തരംതാഴ്‌ത്തിയത്. പയ്യന്നൂർ ഓഫീസ് സെക്രട്ടറിയായിരുന്ന എം.കരുണാകരന്റെ അംഗത്വം സസ്പെൻഡ്് ചെയ്യുകയും മറ്റു മൂന്നുപേരെ താക്കീത്ചെയ്യാനും തീരുമാനിച്ചു. ഫണ്ടു തിരിമറി സംബന്ധിച്ചു പാർട്ടിക്കുള്ളിൽ പരാതി നൽകിയ വി.കുഞ്ഞികൃഷ്ണനെ ഏരിയാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി സംസ്ഥാന കമ്മിറ്റി അംഗമായ ടി.വി രാജേഷിന് ചുമതല നൽകിയിരുന്നു.
കുറ്റാരോപിതർക്കെതിരെ പേരിനു നടപടി സ്വീകരിക്കുകയും പരാതി നൽകിയ തന്നെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചു വി.കുഞ്ഞികൃഷ്ണൻകഴിഞ്ഞ എട്ടുമാസത്തോളം പാർട്ടികമ്മിറ്റികളിൽ നിന്നും വിട്ടുനിന്നിരുന്നു. മധുസൂദനൊപ്പം നടപടി നേരിട്ട ടി.വിശ്വനാഥനെ പയ്യന്നൂർ ഏരിയാകമ്മിറ്റിയിൽ തിരിച്ചെടുക്കാനും ഓഫീസ്സെക്രട്ടറിയായിരുന്ന എം. കരുണാകരന്റെ പാർട്ടി അംഗത്വം പുനഃസ്ഥാപിക്കാനുമാണ് സി.പി. എം ജില്ലാ നേതൃത്വം തീരുമാനിച്ചത്.
എന്നാൽ ഏകപക്ഷീയമായ വി.കുഞ്ഞികൃഷ്ണനെ വീണ്ടും അവഗണിച്ചുവെന്നഅതൃപ്തി പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർക്കിടെയിലുണ്ട്. ഇരുവിഭാഗത്തിനും സ്വീകാര്യമല്ലാത്ത നടപടിയാണ് കുറ്റക്കാർക്കെതിരെയും കുറ്റം ആരോപിച്ചയാൾക്കെതിരെയും പാർട്ടി സ്വീകരിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നുത്. ജില്ലാകമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിനെ കുറിച്ചു വി.കുഞ്ഞികൃഷ്ണൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹം ആ പദവി സ്വീകരിക്കുമോയെന്ന ആശങ്കയും പാർട്ടി നേതൃത്വത്തിനുണ്ട്.
പയ്യന്നൂരിൽ പാർട്ടി ഫണ്ടു വെട്ടിപ്പുനടത്തിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയ സി.പി. എം അന്വേഷണകമ്മിഷൻ ധനാപഹരണമൊന്നും നടന്നിട്ടില്ലെന്നായിരുന്നു കണ്ടെത്തിയത്.