ന്യൂഡൽഹി: ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾ സിപിഎം പൊളിറ്റ് ബ്യൂറോ ബുധനാഴ്ച ചർച്ച ചെയ്യും. വിശദമായ ചർച്ച നടക്കുകയാണെങ്കിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനിൽ നിന്ന് നേരിട്ട് വിശദാംശങ്ങൾ തേടിയേക്കും.

ആരോപണങ്ങൾ അന്വേഷണം വേണോയെന്ന് സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാം. കേന്ദ്ര നേതൃത്വം നേരിട്ട് തൽക്കാലം ഇടപെടില്ല. ജനുവരിയിൽ നടക്കുന്ന കേന്ദ്ര കമ്മറ്റിയിലും വിഷയം ചർച്ചയായേക്കും. പാർട്ടിയിൽ ഒതുങ്ങേണ്ടത് പൊതുസമൂഹത്തിൽ ചർച്ചയായതിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തിയുണ്ട്. അടുത്ത കേന്ദ്രകമ്മിറ്റിയിൽ ഈ വിഷയം ഉയർന്നുവന്നേക്കാമെന്നും കേന്ദ്രനേതാക്കൾ വ്യക്തമാക്കി.

അതേസമയം യോഗത്തിൽ, വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. പി.ബി. യോഗത്തിന് മുന്നോടിയായി പതിവില്ലാതെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പിണറായി കൂടിക്കാഴ്ച നടത്തി. പിണറായി തന്റെ നിലപാട് യെച്ചൂരിയെ അറിയിച്ചെന്നാണ് വിവരം.

അതിനിടെ കണ്ണൂരിലെ ആയുർവേദ റിസോർട്ട് വിവാദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ മൗനം തുടരുകയാണ്. പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഇ.പി ഒഴിഞ്ഞുമാറി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം. മുൻ കണ്ണൂർ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായ പി. ജയരാജനാണ് ആരോപണം ഉന്നയിച്ചത്.

തുടർഭരണം പാർട്ടിയിലുണ്ടാക്കിയ ജീർണതയും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തൽരേഖ കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഈ രേഖയുടെ ചർച്ചയിൽ ഇ.പിക്കെതിരേ പി. ജയരാജൻ തുറന്നടിക്കുകയായിരുന്നു.

അതേസമയം വിവാദം കത്തിപ്പടർന്നതിന് പിന്നാലെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി. ജയരാജൻ സന്നദ്ധത അറിയിച്ചിരുന്നു. ഏൽപ്പിക്കുന്ന സ്ഥാനം രാജിവെച്ചൊഴിയുന്ന സംഘടനാരീതി സിപിഎമ്മിൽ ഇല്ല. അതിനാൽ ഇ.പിയുടെ അഭിപ്രായം നേതൃത്വം ഗൗരവത്തിലെടുത്തിട്ടില്ല. മാത്രമല്ല, കൺവീനർസ്ഥാനം ഒഴിയാമെന്ന് ഇ.പി. രേഖാമൂലം നേതൃത്വത്തെ അറിയിച്ചിട്ടുമില്ല.

ഇ.പി.ജയരാജനെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കുന്നതിൽ സിപിഎം തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിഗണിച്ചേക്കും. സംസ്ഥാന സമിതിയിലുയർന്ന വിഷയം പുറത്തുപോയതിലും തുടർന്നുണ്ടായ വിവാദങ്ങളിലും പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയും അതൃപ്തിയിലാണ്. വിഷയം തണുപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് എം വിഗോവിന്ദന്റെ ദുർബലമായ നിഷേധ പ്രകടനം എന്നാണ് വിലയിരുത്തൽ.

ഇ.പി.ജയരാജനെ ഒറ്റപ്പെടുത്തി പാർട്ടി അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് സൂചന. മറ്റുചില നേതാക്കൾക്കെതിരായ സാമ്പത്തിക ആരോപണങ്ങളും പാർട്ടി നേതൃത്വത്തിന്റെ മുന്നിലുണ്ട്. തെറ്റുതിരുത്തൽ രേഖയുടെ തുടർച്ച എന്ന നിലയിൽ ഇത്തരം ആരോപണങ്ങൾ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യമാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. പി.ജയരാജനെതിരെ ഉയർന്ന ആരോപണം പരിശോധനയുടെ പരിധിയിൽ വരുമോ എന്നതിൽ വ്യക്തതയില്ല.

പാർട്ടിക്കു വിരുദ്ധമമായ ഒരു കാര്യവും വച്ചുപൊറുപ്പിക്കില്ല എന്ന കർശനനിലപാടുള്ള നേതാവാണ് എം വിഗോവിന്ദൻ. വിവാദമാകുമല്ലോ എന്നു കരുതി നിലപാട് പറയാതിരുന്നിട്ടുമില്ല. എന്നാൽ ഈ വിഷയത്തിൽ ആദ്യം മുതൽ അദ്ദേഹം പ്രതികരണങ്ങളിൽ നിന്ന് മാറിനിന്നു. ആരോപണം തെറ്റെന്നു പറയാനാണെങ്കിൽ അദ്ദേഹത്തിന് ആദ്യം തന്നെ നിലപാട് വ്യക്തമാക്കാമായിരുന്നു. ഒടുവിൽ പഴയ വിഭാഗീയതയുടെ കാലത്തെ ഓർമിപ്പിക്കുന്ന കാര്യങ്ങൾ അരങ്ങേറിത്തുടയപ്പോഴാണ് അദ്ദേഹം വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്.