കോട്ടയം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മത വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.സി.ജോര്‍ജ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് പി.സി.ജോര്‍ജിന്റെ അഭിഭാഷകന്‍ വാദം ഉയര്‍ത്തിയത്. ജോര്‍ജിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദം കേട്ട കോടതി വിധി പറയാന്‍ കേസ് നാളത്തേക്ക് മാറ്റി.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിസി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രോസിക്യൂഷന്‍ ശക്തമായി ഇതിനെ എതിര്‍ത്തു.

ജാമ്യ വ്യവസ്ഥകള്‍ പിസി ജോര്‍ജ് തുടര്‍ച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കാമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസുകള്‍ ഉണ്ടാകും. ഇതും അത് പോലെയെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു. പിസി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് തെളിവ് ഉണ്ടോയെന്നും മതവിദ്വേഷ പരാമര്‍ശ കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യമാണെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

പിസി നേരത്തെ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. 30 വര്‍ഷം എംഎല്‍എ ആയിരുന്ന വ്യക്തി ആണ്. മത സൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിത്. മുന്‍കൂര്‍ ജാമ്യത്തിന് പോയപ്പോള്‍ തന്നെ ഹൈ കോടതിയില്‍ ഇത് ബോധ്യപ്പെടുത്തിയതാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

റിമാന്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടര്‍ന്ന് പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും.

ശക്തമായ വാദപ്രതിവാദം

കേസ് അന്വേഷണം പൂര്‍ത്തിയായെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയായെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പി.സി. ജോര്‍ജിന്റെ മുന്‍ കേസുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ വിവരിച്ചു. പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണ്. ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്ന പരാമര്‍ശമാണ് പ്രതി നടത്തിയത്. നാട്ടില്‍ സാഹൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് പരാമര്‍ശം. 30 വര്‍ഷം എം.എല്‍.എ. ആയിരുന്ന ആളില്‍ നിന്നാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസ് ഉണ്ടാകുമെന്ന് പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യയിലെ പല പൊതുപ്രവര്‍ത്തകര്‍ക്കും കേസുകള്‍ ഉണ്ട്. അത്തരം കേസുകളേ പി.സി ജോര്‍ജിനും ഉള്ളൂ. പി.സി. ജോര്‍ജ് കോടതി വിധി തെറ്റിച്ചു എന്നതിന് തെളിവ് ഇല്ല. കേസില്‍ അന്വേഷണം പൂര്‍ത്തിയായി എന്ന് പോലീസ് തന്നെ പറഞ്ഞു. അതിനാല്‍ ജാമ്യം നല്‍കണമെന്ന് ജോര്‍ജിന്റെ അഭിഭാകന്‍ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമാണെന്നും ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യേണ്ടതുണ്ടെന്നും മികച്ച ചികിത്സ ലഭിക്കാന്‍ ജാമ്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ വേണമെങ്കിലും ലഭിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ഇതിന് മറുപടി നല്‍കിയത്.