- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മദനിയുടെ ഇടപെടല്‍ പൂന്തുറ കലാപം വഷളാക്കി'; വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് പി ജയരാജന്; ഇഎംഎസ് മദനിയെ ഗാന്ധിജിയോടാണ് ഉപമിച്ചതെന്ന് പിഡിപി; പ്രകാശന വേദിക്ക് സമീപം പുസ്തകം കത്തിച്ച് പ്രതിഷേധം; ജയരാജന്റെ തുറന്നുപറച്ചില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ?
'ആനയെ കാണാത്തവര്‍ കണ്ണടച്ചു ആനയെ തൊട്ടു കാണിക്കുന്നു'
കോഴിക്കോട്: പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ മദനിയുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. മദനിയുടെ പ്രസംഗത്തില്‍ വിമര്‍ശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പില്‍ക്കാലത്തു മദനി നിലപാടില്‍ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തില്‍ ഉള്ളത്. മദനിയെക്കുറിച്ച് പറയാന്‍ വേണ്ടിയാണ് പുസ്തകമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. അവരോട് പ്രകോപനം കൂടാതെ സംവാദം ആണ് സ്വീകരിക്കുന്നതെന്നും അര്‍ഥവത്തായ സംവാദം നടക്കട്ടെയെന്നും പി ജയരാജന്‍ പറഞ്ഞു. 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന തന്റെ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ജയരാജന്‍.
1998 ജൂലായിലാണ് പൂന്തുറയില്‍ വര്‍ഗീയ കലാപം ഉണ്ടായത്. കലാപത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മദനി അവിടെ നടത്തിയ പ്രസംഗവും ഐഎസ് എസിന്റെ തുടര്‍ന്നുള്ള വിഷലിപ്തമായ പ്രവര്‍ത്തനങ്ങളും പൂന്തുറ കലാപം വളര്‍ത്തുന്നതിന് ബലമേകി. ഇത് 2008ല്‍ പറഞ്ഞതാണ്. മദനി നടത്തിയ പ്രസംഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങള്‍ സ്വാധീനിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ടതിന് ശേഷം മദനിയുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. അതാണ് വസ്തതുതയെന്നും ചരിത്രമെന്നും പി ജയരാജന്‍ പറഞ്ഞു.
ആര്‍എസ്എസിന്റെ നുഴഞ്ഞു കയറ്റത്തെക്കുറിച്ച് എഴുതാമെങ്കില്‍ ന്യൂനപക്ഷ വര്‍ഗീയയെക്കുറിച്ചും എഴുതാന്‍ അവകാശം ഉണ്ട്. ചിലര്‍ പുസ്തകത്തിലെ ചില വാചകങ്ങള്‍ ഉപയോഗിച്ച് ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിക്കുന്നുണ്ട്. 2008 ല്‍ ആര്‍എസ്എസ് വര്‍ഗീയയെക്കുറിച്ച് എഴുതി. 2024 ല്‍ മറ്റൊരു വര്‍ഗീയതയെക്കുറിച്ച് എഴുതി. വായിക്കാതെ ചിലര്‍ പ്രതിഷേധം നടത്തുകയാണ്. ആനയെ കാണാത്തവര്‍ കണ്ണടച്ചു ആനയെ തൊട്ടു കാണിക്കുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു.
അതേ സമയം പുസ്തക പ്രകാശന വേദിക്ക് സമീപം പി. ജയരാജന്റെ 'കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പുസ്തക പ്രകാശനം നടന്ന വേദിക്ക് സമീപമാണ് പ്രതിഷേധം നടന്നത്. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്.
പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള പരാമര്‍ങ്ങളിലാണ് പ്രതിഷേധം. പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പുറത്താണ് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുള്‍നാസര്‍ മദനി പ്രധാന പങ്കുവഹിച്ചെന്ന് ജയരാജന്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. മദനി രൂപവത്കരിച്ച ഐ.എസ്.എസിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കി. പൂന്തുറ കലാപത്തില്‍ ഐ.എസ്.എസിനും ആര്‍.എസ്.എസിനും പങ്കുണ്ട്. മദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്നും പുസ്തകത്തില്‍ ജയരാജന്‍ വിശദീകരിക്കുന്നുണ്ട്.
മദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ലഷ്‌കര്‍ ഇ-ത്വയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി മാറിയ തടിയന്റവിട നസീര്‍ തീവ്രവാദത്തിലേക്ക് എത്തിയത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ തടവിലാക്കപ്പെട്ടതോടെ മദനിക്ക് ചില മാറ്റങ്ങള്‍ വന്നെന്നും ജയരാജന്‍ പുസ്തകത്തില്‍ പറയുന്നു. രാജ്യത്ത് മാവോവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ഫ്രണ്ടും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് പിഡിപി ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രതികരിച്ചു. മഅ്ദനിക്ക് പി ജയരാജന്റെ നല്ല സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മഅ്ദനി മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'മഅ്ദനിക്കെതിരെ കേരളത്തില്‍ ഒരു കേസ് പോലും നിലനില്‍ക്കുന്നില്ല. 100 രൂപ പോലും പിഴയടക്കേണ്ടി വന്നിട്ടില്ല. അന്ധന്‍ ആനയെ കണ്ട പോലെയാണ് പി ജയരാജന്റെ പരാമര്‍ശം. പ്രസംഗത്തിന്റെ പേരില്‍ കേരളത്തില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മഅ്ദനിയുടെ കാല്‍ ആര്‍എസ്എസുകാര്‍ തകര്‍ത്തിട്ടും കേരളത്തില്‍ ഒരു അക്രമ സംഭവവും ഉണ്ടായിട്ടില്ല', അലിയാര്‍ പറഞ്ഞു.
31 വര്‍ഷത്തിനിടെ ഇടതുപക്ഷത്തോടൊപ്പമാണ് കൂടുതല്‍ കാലവും പിഡിപി നിലനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പാലം ഉപതിരെഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണം നടത്തി. സിപിഐയ്ക്ക് വേണ്ടിയും പിഡിപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'വി എസ് സുനില്‍കുമാറിന് വേണ്ടി പിഡിപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് വരെ സിപിഐയ്ക്ക് പിഡിപിയോട് തൊട്ടുകൂടായ്മ ഇല്ലായിരുന്നു. 1990ല്‍ മഅ്ദനി പറഞ്ഞ കാര്യങ്ങളാണ് ഇന്ന് ഇടതുപക്ഷവും ലീഗും പറയുന്നത്. ഇഎംഎസ് മഅ്ദനിയെ ഗാന്ധിജിയോടാണ് ഉപമിച്ചത്. പി ജയരാജന് ചരിത്രമെഴുതാന്‍ എന്ത് യോഗ്യതയുണ്ട്. പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പിലെ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്നും അലിയാര്‍ വ്യക്തമാക്കി.