- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോഗ്യവകുപ്പിന്റേത് മികച്ച പ്രവർത്തനം; മന്ത്രി വീണ ജോർജ്ജിനെതിരെ ഗൂഢാലോചന നടത്തിയവരെ കൈയോടെ പിടികൂടി; പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി; 'നിയമന ക്കോഴയിൽ അറസ്റ്റിലായവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദനും
കണ്ണൂർ: നിയമന കോഴ വിവാദത്തിൽ അഖിൽ സജീവൻ അറസ്റ്റിലായതിന് പിന്നാലെ ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിരോധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പിനും മന്ത്രി വീണാ ജോർജിനുമെതിരെ ഗൂഢാലോചന നടത്തിയവരെ കൈയോടെ പിടികൂടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച പ്രവർത്തനമാണ് ആരോഗ്യ വകുപ്പും മന്ത്രിയും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിനെതിരായി കൊണ്ടുവന്ന ഗൂഢാലോചനയ്ക്ക് പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും പ്രവർത്തിച്ചതായി മുഖ്യമന്ത്രി ആരോപിച്ചു.
'നല്ലനിലയിൽ പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ ആരോഗ്യവകുപ്പിന് കഴിയുന്നുവെന്നതിന്റെ തെളിവാണ് നിപ. അതിന്റെ ഭാഗമായി നല്ല യശസ്സ് ആരോഗ്യമേഖലയ്ക്കാകെ നേടാനായി. ആരോഗ്യമന്ത്രി വഹിച്ച പങ്ക് നാട് അഭിനന്ദനാർഹമായി കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമടത്ത് എൽഡിഎഫിന്റെ കുടുംബ സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
അത്തരമൊരു വകുപ്പിനും മന്ത്രിക്കുമെതിരെ ഇല്ലാത്ത ഒരു കഥവെച്ച് തെളിവുണ്ടെന്ന മട്ടിൽ ആരോപണം ഉന്നയിക്കുക. ഒരാൾ പ്രത്യക്ഷപ്പെട്ട് പറയുകയാണ്, ഞാനാണ് ഇവിടെ പോയി നേരിട്ട് കൈയിൽ പണം കൊടുത്തതെന്ന്. യഥാർത്ഥത്തിൽ ഈ ആരോപണം ഉന്നയിച്ച ആൾ മറ്റ് ചില ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് മുന്നോട്ടുവന്നതെന്ന് ഇപ്പോൾ വ്യക്തമായി. ഇതുപോലുള്ള എത്രയെത്ര കെട്ടിചമയ്ക്കലുകൾ ഇനിയും വരാനിരിക്കുന്നതെയുള്ളൂ. ഇത് ആദ്യത്തേതോ ഒടുവിലുത്തേതോ അല്ല. സൂത്രധാരനെ കൈയോടെതന്നെ പിടികൂടുന്ന അവസ്ഥവന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.
'1996-ൽ തിരഞ്ഞെടുപ്പിൽ ഞാൻ പയ്യന്നൂരിൽ മത്സരിച്ചു. അന്ന് ഇതുപോലൊരു ആൾ പ്രത്യക്ഷപ്പെട്ടു. ഞാൻ മന്ത്രിയാകും വൈദ്യുതി വകുപ്പാകും കൈകാര്യം ചെയ്യുക. അതിന്റെ ഭാഗമായി എന്റെ കൈയിൽ കോടികൾ തന്നുവെന്നും ആരോപിച്ചു. അന്വേഷണ ഏജൻസിയുടെ കൈയിലാണ് അന്ന് ആ പരാതി നൽകിയിത്. അന്ന് അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കിൽ ഇന്നത് വ്യാപകമായി വരികയാണ്', മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചന ആവർത്തിച്ച് എം വി ഗോവിന്ദനും രംഗത്തുവന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. തട്ടിപ്പിന് അറസ്റ്റിലായവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഭൂതകാല ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കരുത്. അഖിൽ സജീവൻ ഉൾപ്പടെ ഉള്ളവരെ നേരത്തെ പുറത്താക്കിയതാണ്. ജി സുധാകരന്റെ കരുവന്നൂർ ഇഡി പരാമർശത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
നിയമനക്കോഴ കേസിൽ മുഖ്യ ആസൂത്രികർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് പൊലീസിന് നൽകിയ മൊഴി. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ പറഞ്ഞു. എന്നാൽ പരാതിക്കാരനായ ഹരിദാസനെ അറിയില്ല എന്നതടക്കം മൊഴികൾ പൊലീസ് വിശ്വസിക്കുന്നില്ല. പരാതിക്കാരനായ ഹരിദാസൻ ഒളിവിൽ പോയെന്നും കന്റോൺമെന്റ് പൊലീസ് പറയുന്നു. അതേസമയം, അഖിൽ സജീവ് ഉൾപ്പെട്ട സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ യുവമോർച്ച നേതാവിനെയും പത്തനംതിട്ട പൊലീസ് പ്രതിചേർത്തു.
മറുനാടന് മലയാളി ബ്യൂറോ