കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കെ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലുകള്‍. പതിറ്റാണ്ടുകളോളം ആലപ്പുഴയിലെ സി.പി.എമ്മിന്റെ കരുത്തുറ്റ മുഖമായിരുന്ന ജി. സുധാകരനെതിരെ 'വഞ്ചകന്‍' എന്ന കടുപ്പമേറിയ പ്രയോഗവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്റെ പാര്‍ട്ടി വിട്ടുള്ള നീക്കത്തെ പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചത്.

ജി. സുധാകരന്‍ സ്വീകരിച്ചത് സാധാരണ മനുഷ്യന് നിരക്കാത്ത നിലപാടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 'ഞാന്‍ അദ്ദേഹത്തെ മൂന്ന് തവണ ഫോണില്‍ വിളിച്ചു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രി വിളിച്ചുവെന്ന് ജില്ലാ സെക്രട്ടറി വഴി അറിയിച്ചിട്ടും, തനിക്ക് കോള്‍ വന്നില്ലെന്ന് സുധാകരന്‍ കള്ളം പറഞ്ഞു. ഇതെല്ലാം മുന്‍കൂട്ടി തീരുമാനിച്ച നീക്കങ്ങളാണ്,' മുഖ്യമന്ത്രി തുറന്നടിച്ചു. സ്ഥാനാര്‍ത്ഥിയാകണമെന്ന അതിമോഹമാണ് ഇത്തരം പുറത്തുപോക്കുകള്‍ക്ക് പിന്നിലെന്നും, ഇത് പ്രസ്ഥാനത്തോടുള്ള വര്‍ഗ്ഗവഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുധാകരനെ കൂടാതെ പാര്‍ട്ടി വിട്ട സി.സി. മുകുന്ദന്‍, ഐഷാ പോറ്റി, ടി.കെ. ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. പാര്‍ട്ടിയുടെ ഏറ്റവും വലിയ പോരാട്ടസമയത്ത് ശത്രുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇവര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗവഞ്ചകരാണെന്ന് പിണറായി വിശേഷിപ്പിച്ചു. എന്നാല്‍ ആലപ്പുഴയിലെ പ്രസ്ഥാനത്തിന്റെ വീര്യം തകര്‍ക്കാന്‍ ഇത്തരം നീക്കങ്ങള്‍ക്കാവില്ലെന്നും അവിടെ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിയുടെ കടന്നാക്രമണത്തോട് ജി. സുധാകരന്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. പിണറായിയുടെ മൂന്നാം ഊഴം വിഫലമാകുമെന്ന് ഫേസ്ബുക്കിലൂടെ സുധാകരന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച സുധാകരന് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താന്‍ പാര്‍ട്ടിയെ ചതിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളിലെ അവഗണനയാണ് തന്നെ പുറത്തെത്തിച്ചതെന്നുമാണ് സുധാകരന്റെ നിലപാട്.

ഇന്ന് രാവിലെ 11 മണിക്ക് സുധാകരന്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാണ് സുധാകരന്റെ നീക്കം. ആലപ്പുഴയുടെ സിങ്കം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുധാകരന്‍ മൗനം വെടിയുന്നതോടെ സി.പി.എം വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണോ നീങ്ങുന്നത് എന്ന് കണ്ടറിയണം.