പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി. തോമസിനായി രണ്ടാംഘട്ട പ്രചാരണത്തിനിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പുതുപ്പള്ളി മണ്ഡലത്തിലെ മൂന്നിടത്താണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രചാരണ പരിപാടി നടന്നത്. കേന്ദ്രത്തേയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമർശിച്ചായിരുന്നു പിണറായിയുടെ കൂരോപ്പടയിലെ പ്രസംഗം. ഓണത്തെ കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.

ഓണത്തെക്കുറിച്ച് അങ്കലാപ്പ് സൃഷ്ടിക്കാൻ ശ്രമം നടന്നു. വറുതിയുടേയും ഇല്ലായ്മയുടേയും ഓണമായി മാറും എന്നായിരുന്നു ബോധപൂർവ്വമായ പ്രചാരണം. ആ പ്രചാരണങ്ങൾ ജനങ്ങൾ സ്വീകരിച്ചില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ ലഭിക്കേണ്ട സഹായങ്ങൾ പോലും വേണ്ടരീതിയിൽ കേന്ദ്രം നൽകിയില്ല. കേരളത്തെ സ്നേഹിക്കുന്നവരും നെഞ്ചേറ്റിയവരും സഹായിക്കാൻ മുന്നോട്ടുവന്നപ്പോൾ കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിച്ചു. തകരട്ടെ, കുറേയങ്ങ് നശിക്കട്ടെ എന്ന വികാരമായിരുന്നു അതിന് പിന്നിൽ. പക്ഷേ നമ്മൾ തകർന്നില്ല, അത് ഒരു അവസരമായെടുത്ത് എങ്ങനെ അതിജീവിക്കാം എന്ന് രാജ്യത്തിനും ലോകത്തിനും മുന്നിൽ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തികമായി കേരളത്തെ ഞെരുക്കാൻ അർഹതപ്പെട്ട വിഹിതം നിഷേധിച്ചു. ഇതിന് ന്യായീകരണമില്ല. കേന്ദ്രത്തിന് കടം ഇഷ്ടംപോലെ എടുക്കാം പക്ഷേ, സംസ്ഥാനങ്ങൾക്ക് പാടില്ലെന്ന നിലപാടെടുത്തു. കേരളത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. എടുക്കാവുന്ന കടത്തിന്റെ പരിധി വലിയതോതിൽ വെട്ടിച്ചുരുക്കി.

കേരളത്തിന്റെ ആവശ്യങ്ങൾ വലുതായതുകൊണ്ട് അവ നിറവേറ്റാൻ ബജറ്റിലൂടെ മാത്രം കഴിയില്ല. കിഫ്ബി വഴി പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയുന്നനിലയിലേക്ക് ഉയർന്നു. 50,000 കോടിയുടേത് ലക്ഷ്യമിട്ടെങ്കിലും 62,000 കോടി രൂപയുടെ പദ്ധതികൾ ഒന്നാം എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഏറ്റെടുത്തു. അതിനുശേഷവും പദ്ധതികൾ ഏറ്റെടുക്കുകയാണ്. സംസ്ഥാന സർക്കാർ വായ്പയെടുക്കുന്നത് എങ്ങനെയൊക്കെ ചുരുക്കാൻ കഴിയുമെന്നാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനർഥം വികസനം തടയുക എന്നതാണ്. ഇവിടെ വികസനം ഉണ്ടാകരുത് എന്നാണ് അവർ ഉദ്ദേശിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടുന്ന അവസ്ഥയിൽ എത്തുകയാണ്. അതിൽ പ്രതിപക്ഷം സന്തോഷിക്കുകയാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണിയാണ് ഭരണത്തിന് നേതൃത്വം കൊടുക്കുന്നത്. ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടെങ്കിലും ജനങ്ങളെ കൈയൊഴിയാൻ എൽ.ഡി.എഫ്. സർക്കാർ തയ്യാറല്ല. അതുകൊണ്ടാണ് ഒരു വറുതിയുമില്ലാതെ, സമൃദ്ധമായി നാടാകെ ഓണം ആഘോഷിച്ചതെന്നും പിണറായി അവകാശപ്പെട്ടു.

കേരളത്തിന് വേണ്ടി ഏതെങ്കിലും ഘട്ടത്തിൽ യു.ഡി.എഫിന്റെ എംപിമാർ സംസാരിക്കുന്നത് നാം കേട്ടിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു. പാർലമെന്റിൽ സംസാരിക്കാനുള്ള ഘട്ടത്തിൽ കേരളത്തിനെതിരെ സംസാരിക്കുന്ന കാര്യത്തിൽ അവർക്ക് യാതൊരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഓണക്കിറ്റിന് പുതുപ്പള്ളിയിൽ വിലക്കുണ്ടായി. അത് നീക്കിയപ്പോൾ വന്ന ഉത്തരവിൽ ആരുടേയും പടവും അടയാളവും വെക്കരുത് എന്നുണ്ടായിരുന്നു. ഏതോ പുറത്തുനിന്നെങ്ങാനും ആരെങ്കിലും വന്നിട്ടുണ്ടാകും. അവരുടെ നാട്ടിൽ അവിടുത്തെ ആളുടെ പടം വെച്ചിട്ടായിരിക്കും അങ്ങനെയെന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ ഉണ്ടാവുക. ഇവിടെ നമ്മൾ ആ തരത്തിലുള്ള പ്രചാരണത്തിലൊന്നും വിശ്വസിക്കുന്നില്ലല്ലോ?', അദ്ദേഹം പറഞ്ഞു.

ഓണക്കിറ്റ് സാമ്പത്തിക വിഷമംകൊണ്ട് അർഹതപ്പെട്ട എല്ലാവർക്കും കൊടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. അതുകൊണ്ടാണ് പാവപ്പെട്ടവർക്ക് മാത്രമായി ചുരുക്കിയത്. അതുകൊണ്ട് ഒരു പ്രചാരണവും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്. കിറ്റെന്ന് കേൾക്കുമ്പോൾ ഭയമാണ്. അവരുടെ എന്തെല്ലാം കളികൾ ഇതിന്റെ പിന്നിൽ നടന്നിട്ടുണ്ട് എന്നത് കാലം തെളിയിക്കും. സർക്കാരും ജെയ്ക്കിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയും ഫലപ്രദമായി ഇടപെട്ടതുകൊണ്ടാണ് ഓണക്കിറ്റ് വിതരണത്തിനുള്ള വിലക്ക് നീക്കിയത്', അദ്ദേഹം പറഞ്ഞു.

170 കോടി രൂപയുടെ കച്ചവടം സപ്ലൈകോ വഴി നടന്നു. പത്തുദിവസം കൊണ്ട് 32 ലക്ഷം കാർഡുടമകൾ സബ്സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങി. ഇത് സപ്ലൈകോക്കെതിരായി വ്യാജപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ആസിയാൻ കരാർ നാണ്യവിളകളുടെ ഘാതകരാകാൻ പോകുകയാണെന്ന് എൽ.ഡി.എഫ്. അന്ന് ചൂണ്ടിക്കാണിച്ചു. നാടിന്റെ ജീവിതം തകിടം മറിക്കാനാണ് ആസിയാൻ കരാർ ഉപകരിച്ചത്. അഭിവൃദ്ധിയിൽനിന്ന് അഭിവൃദ്ധിയിലേക്ക് പോയ റബ്ബർമേഖല അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലായി. അന്ന് അതിന്റെ മേന്മ പറഞ്ഞ കോൺഗ്രസിന് എന്തുപറയാനുണ്ട്? അത് തെറ്റായിപ്പോയി എന്ന് ആരെങ്കിലും പറഞ്ഞോ? തെറ്റുതിരുത്തി കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ തയ്യാറുണ്ടോ? ഇതൊരു ഗൗരവമായ പ്രശ്നമാണ്, നാടിന്റെ തകർച്ചയ്ക്ക് ഇടയാക്കിയ പ്രശ്നമാണ്. ടയർ കുത്തകകളുടെ താത്പര്യമാണ് കരാറിലൂടെ സംരക്ഷിക്കപ്പെട്ടത്', മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.