- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വി.എസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവനേതാവ് എന്നേ പറഞ്ഞുള്ളൂ; സ്വരാജിന്റെ പേര് ഞാന്‍ പറഞ്ഞില്ല; ഗോവിന്ദന്‍ മാഷാണ് പേര് പറഞ്ഞത്; 'പറഞ്ഞില്ലെങ്കില്‍ പിന്നെയെന്തിന് വിഎസ് മറുപടി നല്കി? വെളിപ്പെടുത്തലില്‍ ഉറച്ച് പിരപ്പന്‍കോട് മുരളി; എന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നത് ഹൃദയവേദന ഉണ്ടാക്കുന്നുവെന്നും സിപിഎം നേതാവ്
'വി.എസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവനേതാവ് എന്നേ പറഞ്ഞുള്ളൂ
തിരുവനന്തപുരം; തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് ഒരു യുവനേതാവ് പറഞ്ഞെന്ന വാദത്തില്‍ ഉറച്ച് പിരപ്പന്‍കോട് മുരളി. യുവനേതാവ് എന്നേ ഞാന്‍ പറഞ്ഞുള്ളൂ, സ്വരാജിന്റെ പേര് പറഞ്ഞത് ഗോവിന്ദന്‍ മാഷാണെന്നും പിരപ്പന്‍കോട് മുരളി ഒരു ചാനലിനോട് പറഞ്ഞു. 74 വയസായ എന്നെ ഒഴിവാക്കി 93 വയസായ ആളെ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തി, അത് തോന്നിവാസമല്ലേ? എന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നത് ഹൃദയവേദന ഉണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പണ സമാഹരണത്തിന് വേണ്ടി ഇല്ലാത്ത കാര്യം പയുന്ന ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.
വിഎസ് അച്യുതാനന്ദനെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കണമെന്ന ആവശ്യം പാര്‍ട്ടി സമ്മേളനത്തില്‍ ഉയര്‍ന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് പൊതുയോഗത്തില്‍ വിഎസ് അതിനു മറുപടി പറഞ്ഞതെന്നും പിരപ്പന്‍കോട് മുരളി ചോദിച്ചു. 2012 ല്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ അത്തരത്തില്‍ അധിക്ഷേപിച്ചെന്ന പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പുസ്തകം എഴുതി പണം ഉണ്ടാക്കാനാണ് തന്റെ ശ്രമമെന്ന് ആരോപിക്കുന്ന എം.വി.ഗോവിന്ദന്‍ ആരാണ് തോന്ന്യാസവും അസംബന്ധവും പറയുന്നതെന്നു സ്വയം പരിശോധിക്കണമെന്നും പിരപ്പന്‍കോട് ആവശ്യപ്പെട്ടു.
വിഎസിനെ അനുസ്മരിച്ച് മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് അന്നു ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന എം.സ്വരാജ് ഇങ്ങനെ പ്രസംഗിച്ച കാര്യം പിരപ്പന്‍കോട് തുറന്നെഴുതിയത്. ആ ആവശ്യം സമ്മേളനത്തില്‍ ഉയരുക മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നേതാക്കളില്‍നിന്നുണ്ടാകുകയും ചെയ്‌തെന്ന് പിരപ്പന്‍കോട് പറഞ്ഞു. അതുകൊണ്ടാണ് പൊതുയോഗത്തില്‍ വിഎസ് അതിനു മറുപടി നല്‍കിയത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് പ്രസ്താവന നടത്തുമ്പോള്‍ അതുകൂടി ഓര്‍മിക്കണം. ഇതെല്ലാം താന്‍ നേരിട്ടു കേട്ടതാണ്.
അന്‍പതിലേറെ പുസ്തകം എഴുതിയിട്ടുണ്ട്. നാളെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്റെ നാടകങ്ങള്‍കൂടി വായിക്കേണ്ടിവരും. ഇഎംഎസിനെയും എകെജിയെയും നായനാരെയും കുറിച്ചെല്ലാം എഴുതിയിട്ടുണ്ട്. അന്നൊന്നും പണം സമ്പാദിക്കാനാണ് ഇതു ചെയ്തതെന്നു പാര്‍ട്ടിക്ക് തോന്നിയിട്ടില്ലല്ലോ? 10 കൊല്ലം എംഎല്‍എ ആയിരുന്നു. 5 വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പൊതുജീവിതത്തിലൂടെ നയാപൈസ സമ്പാദിച്ചിട്ടില്ല. പാര്‍ട്ടിക്ക് വേണമെങ്കില്‍ പരിശോധിക്കാം.
2016ല്‍ ആദ്യത്തെ 6 മാസം വിഎസിനെ മുഖ്യമന്ത്രിയാക്കണമെന്നു സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ അടുത്ത സംസ്ഥാന സമ്മേളനമായപ്പോള്‍ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയ തനിക്കെതിരെ സിപിഎം നടപടിയെടുക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകള്‍ ആരില്‍നിന്നുണ്ടായാലും അംഗീകരിക്കാനാവില്ലെന്ന് പിരപ്പന്‍കോട് പറഞ്ഞു.
അതേസമയം വി.എസ്.അച്യുതാനന്ദന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് എം.സ്വരാജ് പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞെന്ന പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തള്ളിയിരുന്നു. മുരളിയുടെ വെളിപ്പെടുത്തല്‍ ശുദ്ധ അസംബന്ധവും തോന്ന്യാസവുമാണ്. മുരളി മാത്രമാണോ സമ്മേളനത്തില്‍ പങ്കെടുത്തത്? ഞങ്ങളെല്ലാം പങ്കെടുത്തതാണ്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പുസ്തകത്തിനു പ്രചാരം കിട്ടാന്‍വേണ്ടി വാര്‍ത്തയുണ്ടാക്കുകയാണ്. തികച്ചും തെറ്റായ പ്രചാരവേലയാണിത്. മുരളിക്കു നിലവില്‍ പാര്‍ട്ടി അംഗത്വം പോലുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു