- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് പിഷാരടിയെ ഇറക്കുന്നത് കോണ്‍ഗ്രസിന്റെ തന്ത്രപരമായ നീക്കം; മമ്മൂട്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ആശങ്കയില്‍ സി.പി.എം; കേരള രാഷ്ട്രീയത്തില്‍ 'മമ്മൂക്ക' ഫാക്ടര്‍ പ്രചരണത്തില്‍ നിറയുമോ?

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി നടന്‍ രമേശ് പിഷാരടിയെ കോണ്‍ഗ്രസ് ഉറപ്പിച്ചതോടെ ഇടത് ക്യാമ്പ് കടുത്ത ആശങ്കയില്‍. സൂപ്പര്‍ താരം മമ്മൂട്ടിയുമായി പിഷാരടിക്ക് അടുത്ത ബന്ധമുണ്ട്. ഇതാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ മോഹന്‍ലാല്‍ അഭിമുഖം ചെയ്തതിലൂടെ സി.പി.എം നേടിയെടുത്ത താരപ്രഭയെ തകര്‍ക്കാന്‍ 'മമ്മൂട്ടി' എന്ന വന്‍മരത്തെ തന്നെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് നീക്കം. മമ്മൂട്ടിയുടെ അതിവിശ്വസ്തനായ പിഷാരടിക്ക് വേണ്ടി മെഗാസ്റ്റാര്‍ സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും വോട്ട് ചോദിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. നേരിട്ട് തന്നെ മമ്മൂട്ടി നോട്ട് അഭ്യര്‍ത്ഥിക്കുമെന്നും സൂചനകളുണ്ട്.
മമ്മൂട്ടിയുടെ ഏത് പ്രതിസന്ധി ഘട്ടത്തിലും താങ്ങും തണലുമായി കൂടെയുള്ള പിഷാരടി, വെറുമൊരു സഹപ്രവര്‍ത്തകനല്ല, മമ്മൂട്ടിയുടെ കുടുംബാംഗത്തെപ്പോലെയാണ്. ഈ ആത്മബന്ധം വോട്ടായി മാറുമോ എന്നാണ് സി.പി.എം ഭയക്കുന്നത്. കൈരളി ടി.വി ചെയര്‍മാന്‍ സ്ഥാനവും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും നിലനില്‍ക്കുമ്പോഴും, തന്റെ വിശ്വസ്തന്റെ വിജയം മമ്മൂട്ടിക്ക് വ്യക്തിപരമായ അഭിമാനപ്രശ്‌നമാണ്. മുമ്പ് ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ മമ്മൂട്ടി, ഇത്തവണ പിഷാരടിക്ക് വേണ്ടി പാലക്കാട്ടെത്തിയാല്‍ അത് കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ ചര്‍ച്ചയായി മാറും.
രാഹുല്‍ മാങ്കൂട്ടത്തില്‍ പട്ടികയില്‍ നിന്ന് പുറത്തായതോടെ തകര്‍ന്ന പാലക്കാട്ടെ കോണ്‍ഗ്രസ് കോട്ട കാക്കാന്‍ പിഷാരടിയേക്കാള്‍ മികച്ചൊരു ആയുധമില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു കഴിഞ്ഞു. മുതിര്‍ന്ന നേതാവ് കെ. മുരളീധരനെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റി പിഷാരടിയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ കൃത്യമായ പ്ലാനിങ് ഉണ്ട്.
രമേശ് ചെന്നിത്തലയുടെ പുസ്തക പ്രകാശനത്തിന് മമ്മൂട്ടി എത്തിയത് ഇതിന്റെ സൂചനയായി കോണ്‍ഗ്രസ് കാണുന്നു. മമ്മൂട്ടിയെപ്പോലൊരു ബിംബം കോണ്‍ഗ്രസ് വേദികളില്‍ നിഴലിച്ചാല്‍ പോലും അത് സി.പി.എമ്മിന് നികത്താനാവാത്ത പ്രഹരമാകുമെന്നാണ് വിലയിരുത്തല്‍.


