പാലക്കാട്: പാര്‍ട്ടിയില്‍ തരംതാഴ്ത്തല്‍ നടപടി നേരിട്ട സി.പി.എം. നേതാവ് പി.കെ. ശശി പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം തുടരും. തരംതാഴ്ത്തിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കും. അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനമൊഴിയാന്‍കൂടി പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. അതും അനുസരിക്കും.

ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയിലാണ് അപ്പീല്‍ നല്‍കുക. ചട്ടങ്ങള്‍ പാലിച്ചല്ല തനിക്കെതിരെ നടപടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീല്‍ നല്‍കുക. ഇത് കണ്‍ട്രോള്‍ കമ്മീഷന് വിടാനും സാധ്യത ഏറെയാണ്. അതിനിടെ ശശിയുടെ പരാതി പരിഗണിച്ച് ജില്ലാ കമ്മറ്റി തീരുമാനം മരവിപ്പിക്കാനുള്ള സാധ്യതയും സംസ്ഥാന സമിതിയില്‍ ഒരു വിഭാഗം തേടും. ശശിയെ രക്ഷിച്ചെടുക്കാന്‍ പിണറായി പക്ഷം എല്ലാ സാധ്യതകളും തേടും. പാലക്കാട്ടെ പിണറായി പക്ഷത്തെ കരുത്തനാണ് ശശി. ശശിയെ ഇത്തരത്തില്‍ പുറത്തേക്ക് വിടുന്നത് പിണറായി അനുകൂലികള്‍ക്ക് വലിയ ക്ഷീണമാണ്. സംസ്ഥാനത്തുടനീളം പിണറായി വിരുദ്ധ നിലപാടുകള്‍ സമ്മേളനകാലത്ത് ചര്‍ച്ചയാകാനും സാധ്യതയുണ്ട്.

പിണറായി പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് മാത്രമേ സിപിഎമ്മില്‍ രക്ഷയുള്ളൂവെന്ന സന്ദേശം അണികള്‍ക്കുണ്ടായിരുന്നു. പികെ ശശിക്കെതിരെ മുമ്പുണ്ടായ പല നടപടികളും നാമമാത്രമായിരുന്നു. എന്നാല്‍ അടുത്ത സമ്മേളന കാലത്തിന് മുമ്പ് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയെത്തി. ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. ഇത് പിണറായി പക്ഷത്തിന് വലിയ തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം വലിയ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പാലക്കാട്ടെ തിരിച്ചടിയും.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്. എന്നാല്‍ ശശിക്കെതിരെ ഇതിന്റെ പേരിലുണ്ടായത് അപ്രതീക്ഷിത നടപടികളായിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു ശശി. ഈ പദവികള്‍ നഷ്ടമാകും. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും.

വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് ശശിയെ നേരത്തേ തരംതാഴ്ത്തിയിരുന്നു. ശശിക്കെതിരെ നിരവധി പരാതികളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയത്. മണ്ണാര്‍ക്കാട് സഹകരണ എജ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളജിനു വേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്ന പരാതി പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയമിച്ച് പരിശോധിച്ചു. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാര്‍ട്ടി അറിയാതെയായിരുന്ന ഈ ധനസമാഹരണമെന്നാണ് ആരോപണം ഉയര്‍ന്നത്.

സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വിഭാഗീയതയെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടതായി സൂചനയുണ്ട്. ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ലൈംഗിക പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ആറു മാസം ശശിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും മടങ്ങിയെത്തി. ഇതെല്ലാം അതിവേഗമാണ് സംഭവിച്ചത്.