കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനമന്ദിരമായ കോഴിക്കോട്ടെ ഹിറാ സെന്ററില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എത്രതവണപോയിട്ടുണ്ടെന്ന് കൃത്യമായി എനിക്കറിയാമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഐഎന്‍എല്ലിന്റെ ഭാഗമായിരുന്ന കാലത്ത് ചില സന്ദര്‍ഭങ്ങളില്‍ ഞാനും ഒപ്പം പോയിട്ടുണ്ടെന്നും അതുകൊണ്ടാണ് കൃത്യമായി പറയുന്നത്. എല്‍ഡിഎഫിന് ഏത് തിയതിമുതലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഫാഷിസ്റ്റ് പാര്‍ട്ടിയായതെന്നും സലാം ചോദിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിച്ചിട്ടുണ്ടന്നും സലാം ഒരു ചാനലിനോട് വെളിപപ്പെടുത്തി. കഴിഞ്ഞ കുറേകാലമായി ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ഭരണകൂടത്തെ എതിര്‍ക്കാന്‍ ഇന്‍ഡ്യാ മുന്നണിയോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് അവര്‍. പത്ത്- മുപ്പതു കൊല്ലക്കാലം അവര്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ കൊടുത്തിരുന്നു. ഞാനടക്കം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി ആയിരിക്കുമ്പോള്‍ അവര്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു.

യുഡിഎഫിന് ഒപ്പം നില്‍ക്കണം എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു, അവര്‍ സഹായം ചെയ്യാമെന്ന് പറഞ്ഞു. ചില മേഖലകളില്‍ അവര്‍ക്ക് സഹായം ചെയ്യാന്‍ ഞങ്ങള്‍ക്കും മടിയില്ല. പ്രാദേശികമായി നീക്കുപോക്കുകള്‍, ധാരണകള്‍ കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ഇത്തവണയും ഉണ്ടാകും.

സിപിഎം ഇപ്പോള്‍ പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. പലയിടങ്ങളിലും ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്. വ്യക്തമായ തെളിവ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. എസ്ഡിപിഐയുമായി മുസ്‌ലിം ലീഗിനോ യുഡിഎഫിനോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.