- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാർ മോർച്ചറിയിലാകുമെന്ന വിവാദ പരാമർശം; പള്ളൂരിലും പുന്നാടും കൊലവിളി പ്രകടനങ്ങൾ; പി ജയരാജന് എതിരെ ആക്രമണ സാധ്യത എന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; സിപിഎം നേതാവിന് സുരക്ഷ വർദ്ധിപ്പിച്ചു
കണ്ണൂർ: തലശേരി പുതിയ ബസ് സ്റ്റാൻഡിൽ എൽ.ഡി. എഫ് നടത്തിയ ജനകീയ കൂട്ടായ്മയിൽ വിവാദ പ്രസംഗം നടത്തിയതിന് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് പൊലിസ് സുരക്ഷ ശക്തമാക്കി. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് ജയരാജന് സുരക്ഷ വർധിപ്പിച്ചത്.
ജയരാജന്റെ കൂത്തുപറമ്പ് പാട്യത്തുള്ള വീട്ടിലും പൊലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പി.ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും വധഭീഷണിയും ഉയർത്തിക്കൊണ്ടു ഇരിട്ടി പുന്നോടും ന്യൂമാഹിയിലെ പള്ളൂരും കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ കൊലവിളി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്പീക്കർ എ. എൻ ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാർ മോർച്ചറിയിലാകുമെന്നായിരുന്നു തലശേരിപുതിയ ബസ് സ്റ്റാൻഡിൽ സേവ് മണിപ്പൂർ സന്ദേശവുമായി എൽ. ഡി. എഫ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ടു പി.ജയരാജൻ പ്രസംഗിച്ചത്.
ജയരാജനെതിരെ ആക്രമണ സാധ്യതയുണ്ടെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു നൽകിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരം കനത്ത സുരക്ഷയേർപ്പെടുത്താൻ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ ഉത്തരവിട്ടത്. നേരത്തെ ഒരു അംഗരക്ഷകൻ മാത്രമാണ് പി.ജയരാജനുണ്ടായിരുന്നത്. ഇതു വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പി.ജയരാജൻ പങ്കെടുക്കുന്ന പാർട്ടി പരിപാടികളിലും ഖാദി ബോർഡിന്റെ ഔദ്യോഗിക പരിപാടികളിലുംസുരക്ഷ വർധിപ്പിക്കുന്നതിനായി മഫ്ടി പൊലിസിനെയും നിയോഗിക്കുന്നുണ്ട്.
കണ്ണൂരിൽ തുടരുന്ന വിവാദങ്ങൾക്കും പോർവിളികൾക്കുമിടെയിൽ സ്പീക്കർ എ. എൻ ഷസീറിനും സി.പി. എം നേതാവ് പി.ജയരാജനുമെതിരെ അതിരൂക്ഷമായ വിമർശനവുമായി യുവുമോർച്ച നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. പി.ജയരാജൻ വിഷയം വഴിതിരിച്ച് വിടാനുള്ള ബോധപൂർവവമായ നീക്കമാണ് നടത്തുന്നത്. പി. ജയരാജൻ ഇത് ബിജെപി സിപിഎം സംഘർഷമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന ജയരാജന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുകയാണ്. സംഘർഷം ആഗ്രഹിക്കുന്നവരാണ് ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത്. ജയരാജന് വേണ്ടത് അക്രമമാണ്. സിപിഎമ്മിൽ ജയരാജന് ഓട്ടക്കാലണയുടെ വിലപോലുമില്ലെന്ന് എല്ലാവർക്കുമറിയാം. വിവാദ പ്രസ്താവന നടത്തി പാർട്ടിയിൽ ആളാകാനാണ് ജയരാജൻ ശ്രമിക്കുന്നതെന്നും യുവമോർച്ച നേതാക്കൾ പറഞ്ഞു.
ഹൈന്ദവ വിശ്വാസങ്ങളെ പരസ്യമായി അധിക്ഷേപിച്ചതിലൂടെ പുറത്ത് വന്നിരിക്കുന്നത് എ.എൻ. ഷംസീറിന്റെ താലിബാൻ സ്വരമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽകൃഷ്ണ കണ്ണൂർ മാരർജി ഭവനിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഷംസീറിന്റെ ഉള്ളിലുള്ള എസ്ഡിപിഐക്കാരനും പോപ്പുലർ ഫ്രണ്ടുകാരനുമാണ് പുറത്ത് ചാടിയത്. കേരളത്തിലെ മത സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഷംസീറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ട ഒരു മാന്യതയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഒരു സമുദായത്തിന്റെ വിശ്വാസ പ്രമാണങ്ങളെ പാടെ അവഹേളിച്ച് കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് ഷംസീർ നടത്തിയത്. ഷംസീർ നിരീശ്വരവാദിയൊന്നുമല്ല. ഇസ്ലാം മതവിശ്വാസത്തെ കുറിച്ച് ഏറ്റവും അഭിമാനപുരസ്സരം ഓർത്തെടുക്കുന്നയാളാണ്. മലക്കുകളെ കുറിച്ചും സ്വർഗ, നരകത്തെകുറിച്ചും ഷംസീറിന് കൃത്യമായ ബോധ്യമുണ്ട്. ഷംസീർ വിശ്വസിക്കുന്ന മതം ഉദാത്തമാണെന്ന് അദ്ദേഹം വിശ്വസിക്കട്ടെ. പക്ഷെ എന്റെ വിശ്വാസം മാത്രമാണ് ശരി മറ്റെല്ലാം ബ്ലണ്ടറാമെന്ന നിലപാട് ശരിയല്ല.
ഇത്തരം വിവാദ പരാമർശമുണ്ടായിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടാവാത്തത്. ഷംസീറിന്റേത് വ്യക്തിപരമായ അഭിപ്രായമാണോയെന്ന് സിപിഎം നേതൃത്വം മറുപടി പറയണം. ഷംസീറിന്റെ അഭിപ്രായത്തോട് സിപിഎമ്മിന്റെ സമീപനമെന്താണെന്ന് വ്യക്തമാക്കണം. വിവാദ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയാൻ ഷംസീർ തയ്യാറാകണമെന്നും സിപിഎം നേതൃത്വം ഷംസീറിനെ പരസ്യമായി താക്കീത് ചെയ്യണമെന്നും പ്രഫുൽ കൃഷ്ണ ആവശ്യപ്പെട്ടു.
ഷംസീറിന്റെ വിവാദ പരാമർശത്തിനെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസ് ആരെയാണ് പേടിക്കുന്നത്. ഷംസീറിനെതിരെ നടപടിയില്ലാത്തതാണ് യൂത്ത് ലീഗുകാരന് ആവേശമായത്. അമ്പല നടയിൽ പച്ചയ്ക്ക് കത്തിക്കുമെന്ന് യൂത്ത് ലീഗുകാരും പോപ്പുലർ ഫ്രണ്ടുകാരനും പരസ്യമായി ഭീഷണി മുഴക്കുന്നു. ഷംസീറിനെ പോലുള്ളവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് വിമുഖത കാണിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ തെരുവോരങ്ങളൽ എന്തും വിളിച്ച് പറയാനുള്ള ധൈര്യം നൽകുന്നത്. യുവമോർച്ച ജില്ലാ അധ്യക്ഷൻ അരുൺ ഭരത്, സംസ്ഥാന ട്രഷറർ അരുൺ മാസ്റ്റർ, മീഡിയ സെൽ കോ-കൺവീനർ നിധിൻ മോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്