പയ്യന്നൂര്‍: പയ്യന്നൂരില്‍ സി.പിഎം വിഭാഗീയത തെരുവിലെത്തി. ടി ഐ മധുസൂദനന്‍ എംഎല്‍എ ധനരാജ് രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്ന് മാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു പയ്യന്നൂര്‍ നഗരസഭാ പരിധിയിലെ തായിനേരിയിലാണ് കുഞ്ഞികൃഷ്ണന് പിന്തുണയര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. വി എസിന്റെയും കുഞ്ഞി കൃഷ്ണന്റെയും ഫോട്ടോ ഉള്ള ബോര്‍ഡില്‍'നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ട് ഇനിയും മുന്നോട്ട് ' എന്ന വാചകവും എഴുതിയിട്ടുണ്ട്.

ഡി.വൈ.എഫ്.ഐനേതാവായിരുന്ന പയ്യന്നൂര്‍ കുന്നരുവിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നുവെന്നായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായ വി. കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ ആരോപിച്ചത്. ഇതു വന്‍ വിവാദമാവുകയും പയ്യന്നൂരില്‍ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എം.എല്‍.എ ഓഫീസിലേക്ക് രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതിഷേധ മാര്‍ച്ചിനെ കായികമായി നേരിട്ട സി.പി.എം പ്രവര്‍ത്തകര്‍ക്കും ഗതാഗതം തടസപ്പെടുത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും ഉള്‍പ്പെടെ ഇരുന്നുറോളം പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ ജില്ലാ കമ്മിറ്റിയംഗമായ വി. കുഞ്ഞികൃഷ്ണനെ ഒറ്റുകാരനായി ചിത്രീകരിച്ചു കൊണ്ട് നിരവധി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു.

ഇതിന് മറുപടിയായാണ് തായിനേരിയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ബോര്‍ഡുയര്‍ത്തിയത്. ഇതോടെ പയ്യന്നുരില്‍ സി.പി.എം വിഭാഗീയത തെരുവ് യുദ്ധത്തിലേക്ക് എത്തിയിരിക്കുകയാണ്. തനിക്കെതിരെ അക്രമ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ആരെങ്കിലും അപായപ്പെടുത്തുന്നതില്‍ ഭയമില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ വന്നാല്‍ തടി കേടാവുമെന്നായിരുന്നു കഴിഞ്ഞ ദിവസം സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കെ. സന്തോഷ് പ്രസംഗിച്ചത്.

പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഭീഷണി മുഴക്കിയതെങ്കിലും എം.എല്‍.എയ്‌ക്കെതിരെ ആരോപണമുന്നയിച്ച വി. കുഞ്ഞികൃഷ്ണനെ തിരെയാണെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. പയ്യന്നൂരിലെ സി.പി.എം വിഭാഗീയത പാര്‍ട്ടിക്കുള്ളില്‍ പ്രാദേശികമായി രണ്ടു ഗ്രൂപ്പുകളെ സൃഷ്ടിച്ചിരിക്കുകയാണ്. ഒരു വിഭാഗം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്‍തുണ വി കുഞ്ഞികൃഷ്ണനുണ്ട്.

സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കുന്നതിനായി കോണ്‍ഗ്രസും ബി.ജെ.പിയും വികുഞ്ഞികൃഷ്ണനെയും അനുകൂലികളെയും തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. 'പയ്യന്നൂരില്‍ സ്വാധീനമുള്ള ആര്‍എം.പിയെ ഉപയോഗിച്ചാണ് കെ.പി.സി.സി നേതൃത്വം വി. കുഞ്ഞികൃഷ്ണനെയു ഡി എഫിലെത്തിക്കാന്‍ നീക്കം നടത്തുന്നത്.