- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ജയരാജന്മാരും ദിവ്യക്ക് എതിര്; കണ്‍ട്രോള്‍ കമ്മീഷനെ സമീപിച്ചാലും എംവിയുടെ നാട്ടുകാരനും കര്‍ഷക നേതാവുമായ എന്‍ ചന്ദ്രന്‍ കുലങ്ങില്ല; സംസ്ഥാനം തള്ളിയാല്‍ അപ്പീല്‍ നല്‍കേണ്ടത് വിജയകുമാര്‍ ഉള്‍പ്പെട്ട കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനും; ദിവ്യയ്ക്ക് അപ്പീല്‍ ഭാഗ്യം കിട്ടില്ല; പാര്‍ട്ടി കനിയും വരെ വെറും സഖാവായി തുടരാം
കണ്ണൂര്‍: സിപിഎം നടപടിക്കെതിരെ പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷനില്‍ പരാതി നല്‍കിയാലും പി.പി ദിവ്യയ്ക്ക് അനുകൂല നടപടിയുണ്ടാവില്ലെന്ന് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും കര്‍ഷക തൊഴിലാളി യൂനിയന്‍ നേതാവ് കൂടിയായ എന്‍. ചന്ദ്രനാണ് കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍.സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നാട്ടുകാരനും അതീവ വിശ്വസ്തനുമാണ് എന്‍. ചന്ദ്രന്‍. പാര്‍ട്ടി ജില്ലാ നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അതുകൊണ്ടുതന്നെ കണ്‍ട്രോള്‍ കമ്മിഷന്‍ തിരുത്താന്‍ സാധ്യതയില്ല. കണ്ണൂരിലെ മൂന്ന് ജയരാജന്മാരും ദിവ്യയ്ക്ക് എതിരാണ്. ഇപി ജയരാജനും എംവി ജയരാജനും പി ജയരാജനും നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ ഗൗരവതരം എന്നാണ് വിശേഷിപ്പിച്ചത്. ജയരാജന്മാരോ അവരെ അനുകൂലിക്കുന്നവരോ ദിവ്യയെ നേരിട്ട് കാണാനും ശ്രമിച്ചിട്ടില്ല.
സി.പി.എം നേതൃത്വം സ്വീകരിക്കുന്ന അച്ചടക്കനടപടി വളരെ അപൂര്‍വ്വമായി മാത്രമേ തിരുത്തിയിട്ടുള്ളു. സംസ്ഥാന സമ്മേളനത്തില്‍ തെരത്തെടുക്കപ്പെടുന്ന കണ്‍ട്രോള്‍ കമ്മിഷനും രണ്ട് അംഗങ്ങളും സംസ്ഥാന നേതൃത്വത്തോടും ഔദ്യോഗിക വിഭാഗത്തോടും കൂറു പുലര്‍ത്തുന്നവരായിരിക്കും. ഈ കമ്മീഷന്‍ തള്ളിയാല്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന് പരാതി നല്‍കാം. കേന്ദ്രത്തില്‍ കേരളത്തില്‍ നിന്നുള്ള കണ്‍്‌ട്രോള്‍ കമ്മീഷന്‍ അംഗം മുന്‍ സ്പീക്കറായ എം വിജയകുമാറാണ്. മുന്‍ മന്ത്രി കൂടിയായ വിജയകുമാറും ഇത്തരം കാര്യത്തില്‍ വഴിവിട്ടൊന്നും ചെയ്യാറില്ല. എംഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ദിവ്യയ്ക്ക് പിഴവ് പറ്റിയെന്ന വിലയിരുത്തല്‍ വസ്തുതാപരമാണ്. അതുകൊണ്ട് കൂടിയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ദിവ്യയ്ക്ക് അനുകൂലമാകാന്‍ സാധ്യത കുറയുന്നത്. സിപിഎം സംസ്ഥാന നേതൃത്വം കനിയും വരെ സാധാരണ പാര്‍ട്ടി സഖാവായി ദിവ്യ തുടരേണ്ടി വരുമെന്ന് സാരം.
പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്ന് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കണ്‍ട്രോള്‍ കമ്മീഷണനെ സമീപിക്കാനൊരുങ്ങുമ്പോള്‍ ഇക്കാര്യത്തില്‍ മറിച്ചൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. തനിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന അതൃപ്തി ദിവ്യയ്ക്കുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്നോട് വിശദീകരണം തേടാമായിരുന്നുവെന്ന തരത്തില്‍ ചില നേതാക്കളോട് ദിവ്യ സംസാരിച്ചിരുന്നു. എന്നാല്‍ ഇതു നിഷേധിച്ചു കൊണ്ട് എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി തരംതാഴ്ത്തല്‍ നടപടിയെ അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യ ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. പാര്‍ട്ടിയെ അതൃപ്തിയറിയിച്ചുവെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണ്. താന്‍ പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ച് എടുക്കുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും ദിവ്യ അറിയിച്ചിട്ടുണ്ട്.
'എന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാന്‍ നടത്തിയിട്ടുമില്ല .മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.' എന്നാണ് ദിവ്യ കുറിച്ചത്. പി പി ദിവ്യക്കെതിരായ നടപടി നേതൃത്വം ആലോചിച്ചെടുത്തതാണെന്ന് പി.ബി അംഗം എ വിജയരാഘവന്‍ പറഞ്ഞിരുന്നു. നടപടി പാര്‍ട്ടിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം മാനിച്ചാണ്. പാര്‍ട്ടി ആരോടും നീതികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തലശ്ശേരി സെഷന്‍സ് കോടതി പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ നേതാക്കള്‍ ദിവ്യയെ കണ്ട് പാര്‍ട്ടി നടപടിയെ കുറിച്ച് വ്യക്തമാക്കിയിരുന്നു. തരംതാഴ്ത്തല്‍ നടപടിക്ക് മുമ്പായി തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ല എന്നത് ചൂണ്ടിക്കാട്ടി ദിവ്യ അതൃപ്തി പ്രകടിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്