തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത് സംസ്ഥാന സർക്കാരിന് നേട്ടമായെങ്കിലും, എല്ലാവരും ഒരുകാര്യം മറന്നു. നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രമാണ് അംഗീകാരം കിട്ടിയത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ല. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. ഗവർണറുമായി പോരിന് മൂർച്ച കൂട്ടിയിരിക്കുന്ന ഇടതുസർക്കാരിന് രാഷ്ട്രപതിയുടെ തീരുമാനം തിരിച്ചടിയാണ്.

രാഷ്ട്രപതിക്കയച്ച മൂന്ന് ബില്ലുകളിൽ തീരുമാനമായില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി. ലോകായുക്ത ബില്ല് രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെയാണ് രാജ്ഭവന്റെ വിശദീകരണം. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിലും വിസിമാരുടെ നിയമനത്തിൽ ചാൻസലറുടെ അധികാരം കുറയ്ക്കുന്ന ബില്ലിലും അപ്പലേറ്റ് ട്രിബ്യൂണൽ അധ്യക്ഷനെ നിയമിക്കുന്നതിനുള്ള സർവകലാശാല ഭേദഗതി ബില്ലിലും തിരുമാനമായില്ലെന്നാണ് രാജ്ഭവൻ അറിയിക്കുന്നത്. ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ചു. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഗവർണർ സർക്കാർ പോരിനിടെയാണു സംസ്ഥാന സർക്കാരിന് നേട്ടമായി ലോകായുക്ത ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്നത്. 2022 ഓഗസ്റ്റിലാണു നിയമസഭ ലോകായുക്ത ഭേദഗതി ബിൽ പാസാക്കിയതായിരുന്നു. ഗവർണർമാർക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതിനു പിന്നാലെയാണു ഏഴ് ബില്ലുകൾ 2023 നവംബറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു വിട്ടത്.

ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലാണ് കേരള നിയമസഭ പാസ്സാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ല്. ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ബില്ലിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോയത്. തുടർന്ന് കേരള നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരേ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഗവർണറുടെ നടപടിയിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതിനു പിന്നാലെയാണ് ലോകായുക്ത ബിൽ അടക്കം ഏഴ് ബില്ലുകൾ ഗവർണർ 2023 നവംബറിൽ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടത്. സർവകലാശാലാ ട്രിബ്യൂണൽ നിയമനം സംബന്ധിച്ച രണ്ടുബില്ലുകൾ, ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന രണ്ടു ബില്ലുകൾ, വൈസ് ചാൻസലർ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതി സംബന്ധിച്ച ബിൽ, ലോകായുക്ത നിയമഭേദഗതി ബിൽ, സഹകരണ നിയമഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരുന്നത്.

സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ കേരളം നൽകിയ കേസ് പരിഗണിക്കുന്നതിന്റെ തലേ ദിവസമാണ് ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയച്ചത്.

2022 ആഗസ്തിലാണ് ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചിരുന്നത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

ബില്ലിന് അനുമതി ലഭിച്ചത് നേട്ടമാണെങ്കിലും ലോകായുക്തയുടെ അധികാരം ഇതോടെ കുറയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവർത്തകന് തൽസ്ഥാനത്ത് തുടരാനാകും. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയത് ഗവർണർക്കും പ്രതിപക്ഷത്തിനും തിരിച്ചടിയായി.

ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നൽകിയത്. ബില്ലിന് അനുമതി ലഭിച്ചതോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണർക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അഥോറിറ്റി.

മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അഥോറിറ്റി. മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമ സഭക്ക് തള്ളാനുമാകും. ലോകയുക്ത നിയമത്തിലെ 14 ആണ് ഇല്ലാതാകുന്നത്. രാഷ്ട്രപതി ഭവൻ തീരുമാനം അനുസരിച്ചു ഇനി ഗവർണർ ബില്ലിൽ ഒപ്പിടും