- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ചു ഉമ്മന്റെ പിന്മാറ്റം പരസ്യമാക്കിയതോടെ സ്ഥാനാർത്ഥിയിൽ വ്യക്തത വന്നു; എങ്കിലും ഔദ്യോഗിക പ്രഖ്യാപനം വിജ്ഞാപനം വന്ന ശേഷം മാത്രം; പുതുപ്പള്ളിയിൽ തുടങ്ങിവയ്‌ക്കേണ്ട സംഘടനാപരമായ തയ്യാറെടുപ്പുകൾക്ക് തുടക്കമിടും പ്രധാന നേതാക്കൾ യോഗം ചേരും; രാഷ്ട്രീയ തിരിച്ചടിയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ കോൺഗ്രസ് കരുതലെടുക്കും; പുതുപ്പള്ളിയിൽ അതിവേഗം ബഹുദൂരം കോൺഗ്രസ് മുന്നിലോ?
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ ഉടൻ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കില്ല. തിരഞഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഔദ്യോഗിക പ്രചരണം തുടങ്ങൂ. അതിനിടെ ചാണ്ടി ഉമ്മനാകും സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. പി.ടി.തോമസിന്റെ നിര്യാണത്തിനു ശേഷം ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴാണ്. അതേ മാതൃക പുതുപ്പള്ളിയുടെ കാര്യത്തിലും പിന്തുടരും.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് അവർ നിർദേശിക്കുന്ന ആളെ സ്ഥാനാർത്ഥിയാക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആദ്യം പ്രതികരിച്ചതും ചാണ്ടിയാണ് അനന്തരാവകാശി എന്നു ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചതും അനവസരത്തിലുള്ള അനാവശ്യ പ്രതികരണങ്ങളായാണു കോൺഗ്രസ് നേതൃത്വത്തിലെ ഭൂരിപക്ഷവും വിലയിരുത്തുന്നത്. കുടുംബവുമായി ചർച്ച നടത്തുകയും അവരുടെ അഭിപ്രായം പരിഗണിക്കുകയും ചെയ്യും എന്നതിൽ ആർക്കും തർക്കമില്ല. നേരത്തെ കുടുംബത്തിൽ നിന്നാണ് സ്ഥാനാർത്ഥിയെന്ന് കെപിസിസി അധ്യക്ഷൻ സുധാകരൻ വിശദീകരിച്ചിരുന്നു. ഇത് വലിയ ചർച്ചയായി. പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കളുടെ അഭ്യർത്ഥന പ്രകാരമാണു സുധാകരൻ നിലപാട് പിന്നീട് വിശദീകരിച്ചതും.
യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്ലിന്റെ ചെയർമാൻ കൂടിയായ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി ആകാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. എന്നാൽ ഈ ഘട്ടത്തിൽ ആ ചർച്ചകൾ വേണ്ടെന്നാണ് തീരുമാനം. കെപിസിസി സംഘടിപ്പിക്കുന്ന ഇന്നത്തെ അനുസ്മരണ പരിപാടിയിൽ കുടുംബത്തെ പ്രതിനിധീകരിച്ചു ചാണ്ടി ഉമ്മൻ പങ്കെടുക്കും. പുതുപ്പള്ളിയിൽ തുടങ്ങിവയ്‌ക്കേണ്ട സംഘടനാപരമായ തയ്യാറെടുപ്പുകൾക്കായാണ് പ്രധാന നേതാക്കൾ യോഗം ചേരുന്നത്. കുടുംബവുമായുള്ള ചർച്ചകൾക്കും പ്രമുഖരായ നേതാക്കളെ നിയോഗിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ വലിയ മുൻതൂക്കം കോൺഗ്രസിനുണ്ടെന്നാണ് വിലയിരുത്തൽ.
അതിനിടെ താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഇളയമകൾ അച്ചു ഉമ്മൻ പ്രഖ്യാപിക്കുകയും ചെയ്തു ഇതും കോൺഗ്രസിന് ആശ്വാസമാണ് അപ്പയല്ലാതെ തങ്ങളുടെ കുടുംബത്തിലെ ഏകരാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണെന്നും അച്ചു ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹം. താൻ വിദേശത്താണ് താമസിക്കുന്നത്. രാഷ്ട്രീയപ്രവർത്തനമോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോ തന്റെ വിദൂരസ്വപ്നങ്ങളിൽപ്പോലുമില്ല. ഇപ്പോൾ ഇത്തരം ചർച്ചകൾ തന്നെച്ചേർത്തു വന്നതിൽ വലിയ വിഷമമുണ്ട്. അപ്പയുടെ മരണം കഴിഞ്ഞ് ഒരാഴ്ച തികയുംമുമ്പുതന്നെ ഇതിനെല്ലാം മറുപടിപറയേണ്ടിവന്നത് വിവാദങ്ങൾ ഉയരുന്നതുകൊണ്ടാണ്.
ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കെപിസിസിയുടെ ഇന്നു സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വൈകിട്ട് 4ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന പരിപാടിയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാർ, വിവിധ കക്ഷി നേതാക്കൾ, മതസാമുദായിക കലാ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കടന്നുപോയ എംസി റോഡ്, ഉമ്മൻ ചാണ്ടി റോഡ് (ഒസി റോഡ്) എന്ന് പുനർനാമകരണം ചെയ്യുമെന്നും സൂചനയുണ്ട്. എംസി റോഡ് എന്നാൽ മെയിൻ സെന്റർ റോഡ് എന്നാണ് പേര്. അത് ഉമ്മൻ ചാണ്ടിയുടെ പേരിലാക്കുന്നതിനെ ആരും എതിർക്കില്ലെന്നാണ് സൂചന.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ, ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി അച്ചു ഉമ്മൻ, സഹോദരൻ ചാണ്ടി ഉമ്മൻ എന്നിവരിൽ ആര് മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് അച്ചുവിന്റെ പ്രസ്താവന വന്നത്. ഉമ്മൻ ചാണ്ടിയുടെ മരണം നടന്ന് ഇത്രയും പെട്ടെന്ന് ഇത്തരമൊരു ചർച്ചയിലേക്ക് കടക്കുന്നതിൽ വിഷമമുണ്ടെന്നും കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും അച്ചു പറഞ്ഞു. ഞാൻ എന്നും അപ്പയുടെ തണലിലാണ് ജീവിച്ചിരുന്നത്. ഇനിയും ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന് മാത്രം അറിയപ്പെട്ട് തുടരാനാണ് താൽപര്യം. വിദേശത്ത് താമസിക്കുന്ന ആളാണ് താനെന്നും പൊതുരംഗത്തേക്ക് ഇറങ്ങണമെന്നത് വിദൂര സ്വപ്നത്തിൽ പോലുമില്ലാത്ത കാര്യമാണെന്നും അവർ അറിയിച്ചു.
സ്ഥാനാർത്ഥി ആരാകണമെന്നത് പാർട്ടിയാണ് തീരുമാനിക്കുന്നത്. ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ, വീട്ടിൽ അപ്പ കഴിഞ്ഞാലുള്ള ഏക രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കി.