- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുപ്പള്ളിയിൽ മത്സരിക്കേണ്ടത് ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗമെന്ന കെപിസിസി നിർദ്ദേശം അംഗീകരിച്ച് ഹൈക്കമാണ്ട്; ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ ഉമ്മൻ ചാണ്ടിയുടെ കുടുംബം നിശ്ചയിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് കെ സുധാകരൻ; കുടുംബത്തിന് പുറത്ത് നിന്ന് ആരേയും പരിഗണിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ; ഉമ്മൻ ചാണ്ടി വികാരം ആളിക്കത്തിക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ ഉമ്മൻ ചാണ്ടിയുടെ കുടുംബം തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉമ്മൻ ചാണ്ടിയുടെ പിൻഗാമി കുടുംബത്തിൽ നിന്നായിരിക്കും. കുടുംബം നിശ്ചയിക്കുന്ന ആളിനെ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാക്കും-സുധാകരൻ വിശദീകരിച്ചു. തിരുവനന്തപുരത്തെ അനുശോചന യോഗത്തിന് ശേഷം ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി ബന്ധപ്പെടും. അതിന് ശേഷം അവരുടെ മനസ്സ് അറിഞ്ഞ് തീരുമാനം എടുക്കും. കുടുംബത്തിൽ നിന്നു തന്നെയാണ് സ്ഥാനാർത്ഥിയെന്ന് എല്ലാ അർത്ഥത്തിലും സ്ഥിരീകരിക്കുകയാണ് സുധാകരൻ. ഇക്കാര്യം ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിക്കാവുന്ന സാഹചര്യം ഉണ്ടാവുകയാണ്. കുടുംബത്തിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനാണ് ഭൂരിപക്ഷ തീരുമാനം.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് മതി സ്ഥാനാർത്ഥിയെന്ന വികാരം കോൺഗ്രസ് ഹൈക്കമാണ്ടിനെ കഴിഞ്ഞ ദിവസം കെപിസിസി അറിയിച്ചിരുന്നു. ഇത് ഹൈക്കമാണ്ടും അംഗീകരിച്ചു. ഇതോടെയാണ് കെപിസിസി അധ്യക്ഷൻ കാര്യങ്ങൾ പരസ്യമായി അറിയിച്ചത്. ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ അനൗദ്യോഗിക ധാരണ ഉണ്ടായിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ചേർന്നാണ് ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തേയും ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. കുടുംബത്തിൽ ഭൂരിപക്ഷം പേരും ഇതിനെ അനുകൂലിക്കുന്നു. ഇതോടെ പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയിൽ വ്യക്തത വരികയാണ്.
ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ചാണ്ടി ഉമ്മൻ പ്രചരണത്തിൽ സജീവമാകും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ചാണ്ടി ഉമ്മന് അനുകൂലമാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെ മനസ്സറിയാൻ വേണ്ടി കൂടിയാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെത്തിയത്. അതും ചാണ്ടി ഉമ്മന് അനുകൂലമാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ നിലനിർത്താനാണ് കോൺഗ്രസ് തീരുമാനം. പുതുപ്പള്ളിയിൽ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചിട്ടുണ്ട്. പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും അത് നിർവഹിക്കുമെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു.
എ.കെ. ആന്റണി സജീവരാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയും ഉമ്മൻ ചാണ്ടി വേർപെടുകയും ചെയ്തത് സംസ്ഥാന കോൺഗ്രസിലെ 'അവസാനവാക്ക്' ഇല്ലാതാക്കുന്നത്. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നീ അച്ചുതണ്ട് ഇല്ലാതായി. കെ. സുധാകരൻ-വി.ഡി. സതീശൻ ടീമിനൊപ്പം രമേശ് ചെന്നിത്തലയും മുൻ കെപിസിസി. പ്രസിഡന്റുമാരും ഉൾപ്പെടുന്നതാണ് നിലവിലെ നേതൃനിര. പാർട്ടി അതിരുകൾക്കപ്പുറം സമൂഹവുമായി പതിറ്റാണ്ടുകളിലൂടെ ഉമ്മൻ ചാണ്ടി നെയ്തെടുത്ത ആ ബന്ധം ഇഴമുറിയാതെ പാർട്ടിയുടേതാക്കാനാണ് ഈ നേതൃത്വത്തിന്റെ തീരുമാനം. ഇതാണ് ചാണ്ടി ഉമ്മനെന്ന പേരിലേക്ക് അതിവേഗം ചർച്ചകളെത്തുന്നത്. കോൺഗ്രസ് ഹൈക്കമാണ്ടും ഉമ്മൻ ചാണ്ടി പ്രഭാവത്തെ അംഗീകരിക്കുന്നുണ്ട്.
1970 ൽ കോൺഗ്രസിന്റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടിയും ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേ ഒരു എംഎൽഎയേ ഉണ്ടായിട്ടുള്ളൂ. വിലാപയാത്രയിലുടനീളം ഉമ്മൻ ചാണ്ടിക്ക് കിട്ടിയ ജനസ്വീകാര്യത പുതുപ്പള്ളിക്ക് പുറത്തും പാർട്ടിക്കരുത്താക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, അതു കൂടി ഉദ്ദേശിച്ചാണ് ചാണ്ടി ഉമ്മനിലേക്ക് ചർച്ച എത്തിക്കുന്നത്. തെരഞ്ഞെടുപ്പ് വൈകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം. അടുത്ത മാസം ആദ്യം നടക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കാനാണ് പാർട്ടി ധാരണ. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങുന്നത് ജെയ്ക്ക് സി തോമസിലാണ്. റജി സഖറിയയേയും പരിഗണിക്കുന്നുണ്ട്.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവു വന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഈ വർഷം 5 സംസ്ഥാനങ്ങളിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താൻ സാധ്യതയുണ്ട്. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന, രാജസ്ഥാൻ, മിസോറം എന്നീ സംസ്ഥാനങ്ങളാണ് ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവുമായി 5 വർഷത്തെ ഭരണ കാലയളവു പൂർത്തിയാക്കുന്നത്. മിസോറം ഡിസംബർ 17നും ഛത്തീസ്‌ഗഡ് ജനുവരി 3നും മധ്യപ്രദേശ് ജനുവരി 6നും രാജസ്ഥാൻ ജനുവരി 14നും തെലങ്കാന ജനുവരി 16നുമാണ് 5 വർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കുന്നത്. ഈ 5 സംസ്ഥാനങ്ങളിലും സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്താനാണു സാധ്യത.
നിയമസഭാംഗം അന്തരിച്ചാൽ 6 മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം. ഇതനുസരിച്ച് ജനുവരി 17നു മുൻപു പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടത്തണം. പുതുപ്പള്ളിയിലെ ഒഴിവു സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും അക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിയുന്നെങ്കിൽ, പൊതു തിരഞ്ഞെടുപ്പുകൾക്കൊപ്പമാണു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പുകൾ നടത്താറ്.
മറുനാടന് മലയാളി ബ്യൂറോ