തിരുവനന്തപുരം: നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ ഭാഗമാകാന്‍ പിവി അന്‍വര്‍ നീക്കം തുടങ്ങി. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് കൈവിടുമെന്ന ആശങ്കയാണ് ഇതിന് കാരണം. യുഡിഎഫിനോട് സഹകരിക്കാനുള്ള താല്‍പര്യം വീണ്ടും അറിയിക്കുകയാണ് പി.വി.അന്‍വര്‍. പ്രതിപക്ഷനേതാവിനും ഘടകകക്ഷി നേതാക്കള്‍ക്കും കത്ത് നല്‍കിയത് ഔദ്യോഗികമായി താല്‍പ്പര്യം അറിയിക്കലാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാക്കണമന്ന് ആവശ്യപ്പെട്ടാണ് കത്ത്. ബാംഗാളിലെ രാഷ്ട്രീയ പാര്‍ട്ടിയാണ് തൃണമൂല്‍. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമാകും നിര്‍ണ്ണായകം.

രണ്ടുദിവസം മുമ്പാണ് പി.വി. അന്‍വര്‍ യു.ഡി.എഫ് നേതൃത്വത്തിന് 10 പേജുള്ള കത്ത് കൈമാറിയത്. പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍, കെ. സുധാകരന്‍, കെ.സി.വേണുഗോപാല്‍,പി.കെ. കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. കത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് അന്‍വര്‍ കരുതുന്നത്. യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് അന്‍വര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കട്ടെ എന്ന നിലപാടായിരുന്നു രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ക്ക്. ഇപ്പോള്‍ പി.വി. അന്‍വര്‍ തന്നെ നേരിട്ട് കത്ത് നല്‍കിയതോടെ, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് യു.ഡി.എഫ് നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്ന സാഹചര്യത്തില്‍ കൂടിയാണ് നീക്കം. എന്തുകൊണ്ട് എം.എല്‍.എ സ്ഥാനം രാജിവെച്ചു എന്നത് മുതല്‍ തൃണമൂലില്‍ ചേര്‍ന്ന രാഷ്ട്രീയ സാഹചര്യം വരെ അന്‍വര്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാനിടയായ സാഹചര്യം , എല്‍ഡിഎഫുമായി വിട പറയേണ്ടി വന്ന സാഹചര്യം എന്നിവയും വിശദീകരിക്കുന്ന ദീര്‍ഘമായ കത്താണ് അന്‍വര്‍ നേതൃത്വത്തിന് കൈമാറിയത്.

എംഎല്‍എ പദവിയൊഴിഞ്ഞ പി വി അന്‍വര്‍ നിലമ്പൂരിനെ പ്രതിനിധീകരിച്ച് ഇനി മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. മറിച്ച് യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നിരുപാധികമായ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്‍വറിനെ അവഗണിക്കുന്നത് ഗുണകരമല്ലെന്നും പിന്തുണ അനിവാര്യമാണെന്നും കോണ്‍ഗ്രസിനുള്ളില്‍ പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്.

വി ഡി സതീശനെതിരായ ആരോപണങ്ങളില്‍ അന്‍വര്‍ മാപ്പ് പറഞ്ഞതോടെ ഇക്കാര്യത്തില്‍ വി ഡി സതീശന്റെ നിലപാട് എന്താകുമെന്നും നിര്‍ണായകമാണ്. നിലവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും അന്‍വറിന് അനുകൂലമാണ്. മുസ്ലീം ലീഗിലെ ഒരു വിഭാഗവും അന്‍വറിനെ അനുകൂലിക്കുന്നുണ്ട്.