ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. ഹരിപ്പാട് ചേരുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനമാണ് ആര്‍ നാസറിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. യു പ്രതിഭ എംഎല്‍എ അടക്കം നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് പുതിയതായി തിരഞ്ഞെടുത്തു. വിഭാഗീയത ശക്തമായ ആലപ്പുഴയില്‍ സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ് സമ്മേളന നടപടികള്‍ പുരോഗമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്.

യു പ്രതിഭയ്ക്ക് പുറമെ എം എസ് അരുണ്‍കുമാര്‍ എംഎല്‍എ, മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ എന്നിവരും ജില്ലാ കമ്മിറ്റിയില്‍ പുതിയതായി ഇടം നേടി. എം. സുരേന്ദ്രന്‍, ജി. വേണുഗോപാല്‍, ജലജ ചന്ദ്രന്‍, എന്‍. ശിവദാസന്‍ എന്നിവരെ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിന് ശേഷം ഇന്ന് വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തോമസ് കെ തോമസിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ അടക്കം പിണറായി വിജയന്‍ സമ്മേളനത്തില്‍ മറുപടി പറയുകയും ചെയ്തു. സഖ്യ കക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദ അല്ലെന്നും ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒന്നിച്ചു കാണണമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസിനെ തള്ളിയായിരുന്നു സമ്മേളനത്തില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. കുട്ടനാട്ടില്‍ വിയര്‍പ്പൊഴുക്കുന്നത് പാര്‍ട്ടിയാണ്. കുട്ടനാട് സീറ്റ് ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയാണ്. തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പ്രതികരിച്ചിരുന്നു.

നേരത്തെ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന് വന്നത്. തെക്കും വടക്കും അറിയാത്തവനാണ് കുട്ടനാട് എംഎല്‍എ എന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. കരാറുകാരില്‍ നിന്ന് എംഎല്‍എ പണം വാങ്ങുന്നു. കച്ചവടക്കാരനെ ഇനിയും താങ്ങരുതെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. തോമസ് കെ തോമസിനെ മന്ത്രി ആക്കാതിരുന്നതില്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് അഭിനന്ദനവും ഉയര്‍ന്നിരുന്നു.

സിപിഐക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. എന്‍സിപി മാത്രമല്ല സിപിഐയും ആളില്ലാത്ത പാര്‍ട്ടിയെന്നായിരുന്നു കുറ്റപ്പെടുത്തല്‍. സിപിഐഎമ്മിന്റെ തണലിലാണ് സിപിഐ നിലനില്‍ക്കുന്നത്. കുട്ടനാട്ടില്‍ അഭിപ്രായ ഭിന്നത ഉള്ളവരെ സിപിഐ അടര്‍ത്തിയെടുത്തുവെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.

പൊലീസ് നയത്തിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസ് സഹായം സാധാരണക്കാരന് ലഭിക്കുന്നില്ല. ഒരു വിഭാഗം പൊലീസ് ആര്‍എസ്എസുമായി ബന്ധം സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനം.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനെതിരെയും സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കയര്‍ മേഖല പൂര്‍ണ്ണമായി നശിച്ചുവെന്നും കയര്‍ മേഖലയെ സംരക്ഷിക്കാന്‍ വകുപ്പ് മന്ത്രി എന്താണ് ചെയ്തതെന്നും ചേര്‍ത്തല ഏരിയാ കമ്മിറ്റിയില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ കയര്‍ മേഖലയില്‍ നിന്നായിരുന്നു. കയര്‍ തൊഴിലാളികളോട് പാര്‍ട്ടി എന്ത് വിശദീകരണം നല്‍കണമെന്നും ചോദ്യം ഉയര്‍ന്നു. മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.