- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മന്‍ ചാണ്ടിയോട് കാട്ടിയ നീതികേടിന് ലഭിച്ച കൂലി; ഗണേഷ് കുമാറിന്റെ യോഗ്യത നന്നായി അറിയുന്നത് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക്; 'ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ' ആളാണ് മന്ത്രി; എപ്പോഴാണ് അറസ്റ്റെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍
ഉമ്മന്‍ ചാണ്ടിയോട് കാട്ടിയ നീതികേടിന് ലഭിച്ച കൂലി

കൊച്ചി: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കടുത്തതോടെ, രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രംഗത്തെത്തി. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിയെ 'നിരന്തര കുറ്റവാളി' എന്ന് വിശേഷിപ്പിച്ച രാഹുല്‍, ഉമ്മന്‍ ചാണ്ടിയോട് കാട്ടിയ നീതികേടിന് ലഭിച്ച കൂലിയാണിതെന്നും അഭിപ്രായപ്പെട്ടു. അതേസമയം, തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ശാന്തനായി പ്രതികരിച്ച മന്ത്രി, തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയങ്ങളുണ്ടെന്ന് വെളിപ്പെടുത്തി.
ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കാണ് ഗണേഷിന്റെ 'യോഗ്യത' ഏറ്റവും നന്നായി അറിയുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 'ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ' ആളാണ് ഗണേഷ് കുമാറെന്നും രാഹുല്‍ പരിഹസിച്ചു. ഒരു എംഎല്‍എയെ രാത്രി ഹോട്ടല്‍ വളഞ്ഞ് അറസ്റ്റ് ചെയ്ത പൊലീസ്, ഗണേഷ് കുമാറിനെ എപ്പോഴാണ് പിടികൂടുക എന്നും അദ്ദേഹം ചോദിച്ചു. വഴിയില്‍ കാണുന്നവരെയെല്ലാം കയറ്റാന്‍ കെഎസ്ആര്‍ടിസി ബസ് അല്ലല്ലോ എന്നും രാഹുല്‍ ചോദിച്ചു.
ഗണേഷിന്റെ ഭാര്യ കണ്‍ട്രോള്‍ റൂമില്‍ നല്‍കിയ പരാതിക്ക് എന്തു പരിഹാരമുണ്ടായെന്ന് രാഹുല്‍ ആരാഞ്ഞു. മന്ത്രിയുടെ സ്റ്റാഫുകള്‍ തന്നെ ഭാര്യയെ കയ്യേറ്റം ചെയ്‌തെന്നും, മന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന പരാതി അതീവ ഗുരുതരമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഊരും പേരുമില്ലാത്ത മെയിലിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്ത പോലീസ്, ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുകയെന്നും മുഖ്യമന്ത്രിയുടെ പൊലീസ് മന്ത്രിയുടെ രാജി എപ്പോഴാണ് ചോദിച്ചു വാങ്ങുകയെന്നും രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പ്രതികരിച്ചത് ഇപ്രകാരമാണ്: 'ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. എല്ലാം സ്‌നേഹമാണ്. പ്രണയമില്ലാത്തവന്‍ പൊട്ടനാണ്, അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും.' തനിക്ക് എപ്പോഴും വീട്ടില്‍ നിന്ന് തന്നെയാണ് ശത്രുക്കളുണ്ടാവുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വിവാദങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും സജീവ ചര്‍ച്ചാ വിഷയമായി തുടരുമെന്നാണ് വിലയിരുത്തല്‍.


