പാലക്കാട്: നിയമസഭാ സമ്മേളനത്തില്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം എത്തിയതോടെ വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് അത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. പ്രതിപക്ഷ നേതാവ് മാത്രം ഒരു വശത്തായതോടെ പാര്‍ട്ടിക്കുള്ളിലെ തന്റെ പിന്തുണയുടെ ആഴം അളക്കാനും രാഹുലിന് സാധിച്ചു. ഇതിന് പിന്നാലെ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍. തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ കേസിന് പോകാന്‍ തയ്യാറല്ലെന്ന് പറഞ്ഞതാണ് രാഹുലിന് ആത്മവിശ്വാസം നല്‍കുന്നത്. ഇതോടെ സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു.

പാലക്കാട് മണ്ഡലത്തിലേക്കുള്ള റീഎന്‍ട്രിക്കുള്ള മുന്നൊരുക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ജില്ലാ റവന്യൂ അസംബ്ലിയില്‍ പാലക്കാട് നിയോജകമണ്ഡലത്തിലെ അടിയന്തരപ്രാധാന്യമുള്ള ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി റവന്യൂ മന്ത്രിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കത്തു നല്‍കി കൊണ്ട് രാഹുല്‍ രംഗത്തുവന്നത്, വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും എന്നതിന്റെ തെളിവാണ്.

പാലക്കാട് നഗരസഭയിലെ സുന്ദരം കോളനിയില്‍ കൈവശരേഖയുള്ള 86 കുടുംബങ്ങള്‍ക്ക് അടിയന്തരമായി പട്ടയം വിതരണം ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. വിഭജനത്തില്‍ 23-ാം വാര്‍ഡായ പിരായിരി പഞ്ചായത്തില്‍ ഏക വില്ലേജ് ഓഫീസാണുള്ളത്. ഈ ഓഫീസില്‍ അധികതസ്തികകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പാലക്കാട് നഗരത്തിലെ പാലക്കാട്-3 (കൊപ്പം) വില്ലേജ് ഓഫീസിലെ സ്ഥലപരിമിതിക്ക് പരിഹാരമായി സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ പാലക്കാട്-3, യാക്കര വില്ലേജ് ഓഫീസുകളെ കൂടി പരിഗണിക്കുക, വീട് നിര്‍മാണത്തിനായി ഭൂമി തരംമാറ്റാന്‍ നല്‍കിയാല്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുക, പാലക്കാട് നഗരത്തില്‍ റവന്യൂ ടവര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

എംഎല്‍എയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പും ആക്ടീവായിട്ടുണ്ട്. മാത്രമല്ല ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പും ഇട്ടിട്ടുണ്ട്. നേരത്തേ ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ വന്ന പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പഴയത് പോലെ ഇടപെട്ടിരുന്നില്ല രാഹുല്‍ മാങ്കൂട്ടത്തില്‍. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിനിരയായ സുജിത്ത് 11 കേസുകളിലെ പ്രതിയാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയത്.

മുഖ്യമന്ത്രിയും ഒപ്പംമുള്ള മന്ത്രിമാരും നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ടല്ലോ എന്നും അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ എന്നും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊതുപ്രവര്‍ത്തകനും, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളില്‍ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍. ഈ സര്‍ക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരല്‍ 100 ഇല്‍ അധികം കേസുകളില്‍ പ്രതികളായ സഹപ്രവര്‍ത്തകര്‍ വരെയുണ്ട് യൂത്ത് കോണ്‍ഗ്രസ്സില്‍.

അത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കില്‍ അങ്ങ് കേസുകളില്‍ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ എംഎല്‍എമാര്‍ പ്രതികള്‍ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ? രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റിന് വലിയ സ്വീകാര്യതയും ലഭിച്ചു.

സിപിഎമ്മും ബിജെപിയും എതിര്‍ക്കുന്നുണ്ടെങ്കിലും ഈ ആഴ്ച തന്നെ മണ്ഡലത്തില്‍ എത്താനാണ് രാഹുല്‍ ആലോചിക്കുന്നത്. എന്നാല്‍ എതിര്‍പ്പുമയാി സിപിഎം അടക്കം രംഗത്തുണ്ട്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ജില്ലയിലെത്തുന്നതു സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നു കെപിസിസി സസ്‌പെന്‍ഡ് ചെയ്തതിനാല്‍ രാഹുല്‍ ഇപ്പോള്‍ സ്വതന്ത്ര എംഎല്‍എയാണ്. മണ്ഡലം എംഎല്‍എ എന്ന നിലയില്‍ രാഹുല്‍ എത്തുന്നതില്‍ ഡിസിസി പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല.

അദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹകരിച്ചാല്‍ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് കെപിസിസിയാണ് അത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ എത്തിയാല്‍ ഒപ്പമുണ്ടാകുമെന്ന് നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ മണ്‍സൂര്‍ മണലാഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. അതേ ചിന്താഗതിയിലാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച നിയമസഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുന്നതായാണ് ലഭിക്കുന്ന വിശദീകരണം. സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു. ഇങ്ങനെ രാഹുല്‍ എത്തിയത് തന്നെ പൂര്‍ണമായും തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒരു സന്ദേശം നല്‍കാന്‍ വേണ്ടിയാണ്. പാര്‍ട്ടിയില്‍ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞാതും മറ്റു നേതാക്കള്‍ തനിക്കൊപ്പമുണ്ട് എന്ന സന്ദേശം നല്‍കാനാണ് രാഹുല്‍ ഉദ്ദേശിച്ചത്. അത് കൃത്യമായി നല്‍കുകയും രാഹുലിന്റെ എന്‍ട്രി സതീശന് ക്ഷീണമാകുകയും ചെയ്തു. എന്നാല്‍, താന്‍ സഭയില്‍ വരുന്നത് കൊണ്ട് പാര്‍ട്ടി പ്രതിരോധത്തില്‍ ആകരുതെന്നാണ് രാഹുലിന്റെ നിലപാട്.

സഭയില്‍ എത്തേണ്ടതില്ലെന്ന് പാര്‍ട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം. പ്രതിപക്ഷം സര്‍ക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളില്‍ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടെടുത്തത്. നിയമസഭയില്‍ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം.

തിങ്കളാഴ്ച സഭയിലെത്തിയിരുന്നെങ്കിലും തുടര്‍ദിവസങ്ങളില്‍ സഭയില്‍ എത്തുമോയെന്ന ചോദ്യത്തിന് ഇന്നലെ രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. നിയമസഭയില്‍ വരുന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരു നേതാവുമായും ബന്ധപ്പെട്ടില്ലെന്നും സസ്‌പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് അണികളെ ഒപ്പം നിര്‍ത്താനുള്ള നീക്കമായി വ്യാഖ്യാപിക്കപ്പെടുന്നു.

അതേസമയം കടുത്ത എതിര്‍പ്പ് തള്ളി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തിയതോടെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് ഒറ്റപ്പെട്ടു. കെപിസിസി അധ്യക്ഷനടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയായിരുന്നു രാഹുലിന്റെ വരവെന്നാണ് സൂചന. ഇതോടെ രാഹുല്‍ വിവാദത്തില്‍ പാര്‍ട്ടിയിലെ സതീശന്‍ വിരുദ്ധ ചേരി കൂടുതല്‍ ശക്തമായെന്നും നിഗമനങ്ങളുണ്ട്. ഇതോടെയാണ് കെപിസിസി യോഗത്തിലും സതീശന്‍ വിഷയം ഉന്നയിക്കാതിരുന്നത്.