പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തതില്‍ പ്രതികരണവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. വി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം, എതിര്‍ക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരില്‍ പുനര്‍ജനി പോലെ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ തന്റെ പ്രതികരണം അറിയിച്ചത്. പുനര്‍ജനിയില്‍ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി ഡി സതീശന്‍ തന്നെയാണെന്നും രാഹുല്‍ പറയുന്നു. ഒന്നാം വിജയന്‍ സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോള്‍ അതിന് പ്രതിരോധം എന്ന നിലയില്‍ പുനര്‍ജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു. ആ ആരോപണത്തിന് മറുപടിയായി വി ഡി സതീശന്‍ പറഞ്ഞത്. '

ഏത് അന്വേഷണ ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവില്‍ കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് കിട്ടും''എന്നാണ്- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പുനര്‍ജനിയില്‍ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയന്‍ സര്‍ക്കാരാണോ?

അല്ല...

ബിജെപി ആണോ?

അല്ല...

അത് ശ്രീ വി ഡി സതീശന്‍ തന്നെയാണ്.

ഒന്നാം വിജയന്‍ സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോള്‍ അതിന് പ്രതിരോധം എന്ന നിലയില്‍ പുനര്‍ജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു. ആ ആരോപണത്തിന് മറുപടിയായി ശ്രീ വി ഡി സതീശന്‍ പറഞ്ഞത് ' ഏത് അന്വേഷണ ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവില്‍ കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് കിട്ടും''എന്നാണ്.

പുനര്‍ജനി കേവലമായ ഒരു ഭവന നിര്‍മ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇല്‍ പരം പുതിയ വീടുകളും 100 ഇല്‍ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യര്‍ക്ക് പശുവും ആടും തൊട്ട് തയ്യല്‍ മെഷീനുകള്‍ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്.

ശ്രീ വി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം, എതിര്‍ക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരില്‍ പുനര്‍ജനി പോലെ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണ്.'


അതേസമയം എന്തു വന്നാലും രാഷ്ട്രീയമായി നേരിടുമെന്നായിരുന്നു പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തതിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. ഒരു വര്‍ഷം മുന്‍പത്തെ ശുപാര്‍ശയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനില്‍ക്കുന്നതല്ലെന്ന് അന്ന് വിജിലന്‍സ് തന്നെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.