പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കെ മുരളീധരനെ നിര്‍ദേശിച്ച് ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കെ മുരളീധരന്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാന്‍ യോഗ്യനായ വ്യക്തി തന്നെയാണ്. യുഡിഎഫിനകത്ത് ഇത്തരത്തില്‍ പല പേരുകളും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാമെന്നും കത്തില്‍ താന്‍ മോശം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു.

'കെ. മുരളീധരന്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാന്‍ യോഗ്യനായ വ്യക്തി തന്നെയാണ്. യുഡിഎഫിനകത്ത് ഇത്തരത്തില്‍ പല പേരുകളും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. അത് നേതൃത്വത്തിന് അറിയുന്ന കാര്യമാണ്. ആ കത്ത് ഞാന്‍ കണ്ടിട്ടില്ല, അതിലെ വിശദാംശങ്ങളും അറിയില്ല. മുരളീധരന്റെ പേര് വന്നിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുരളീധരനെ പോയി കണ്ടതാണ്. ഇതിലൊക്കെ എന്താണ് വാര്‍ത്താ പ്രധാന്യമെന്ന് മനസിലാകുന്നില്ല' - രാഹുല്‍ പറഞ്ഞു. ആ കത്തില്‍ താന്‍ മോശം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ, അങ്ങനെയുണ്ടെങ്കില്‍ അത് ഗൗരവമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ മുരളീധരന്റെ പേര് നിര്‍ദേശിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് പുറത്തായത്. പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ കെ മുരളീധരനാണ് യോഗ്യനെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യുമെന്നും കത്തി പറയുന്നു. ഡിസിസി ഭാരവാഹികള്‍ ഐകകണ്ഠ്യേനയെടുത്ത തീരുമാനമാണ് ഇതെന്നും കത്തില്‍ പറയുന്നുണ്ട്.