തിരുവനന്തപുരം: മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നലെ വരെ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ മോഹന്‍ദാസ് ഇന്ന് പക്കാ ആര്‍എസ്എസുകാരന്‍ എന്നാണ് അന്‍വറിന്റെ വിമര്‍ശനം. ഈ പശ്ചാത്തലത്തില്‍, അന്‍വര്‍ വിമര്‍ശനത്തിന്റെ മറവില്‍ സി.പി.എം ഇസ്‌ലാം വിരുദ്ധത ഒളിച്ചുകടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

സി.പി.എമ്മിനുള്ളിലെ ശക്തമായ ആര്‍.എസ്.എസ് നേതാക്കളുടെ പട്ടികയില്‍ ഇ.എന്‍. മോഹന്‍ദാസ് കൂടി ഉള്‍പ്പെട്ടതായി രാഹുല്‍ പേര് പറയാതെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു.


രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്:

അന്‍വറിന്റെ ഇന്നത്തെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സിപിഎമ്മിന്റെ മുഖം കുറേ കൂടി വ്യക്തമായി വികൃതമാകുന്നുണ്ട്. അയാളോട് അയാളുടെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞു കൊണ്ട് പറയുന്നത്, മലപ്പുറം ജില്ലാ സെക്രട്ടറി പക്ക ആര്‍എസ്എസ് ആണത്രെ. ക്രിസ്തു മത സ്ഥാപനങ്ങള്‍ക്ക് ഫണ്ട് കൊടുത്തതിനെ വരെ വിമര്‍ശിച്ചു കൊണ്ട് വിലക്കിയത്രെ. സിപിഎം നുള്ളിലെ ശക്തമായ ആര്‍എസ്എസ് നേതാക്കളുടെ പട്ടികയില്‍ ഒരാള്‍ കൂടി...

അന്‍വര്‍ എന്ന 'റിട്ടയര്‍ഡ് കടന്നല്‍ രാജയെ' വിമര്‍ശിക്കുന്ന 'അടിമ കടന്നലുകളുടെ' ഭാഷ ശ്രദ്ധിച്ചിട്ടുണ്ടോ? എത്ര കൃത്യമായാണ് അയാളെ മതവാദിയായി ദുസ്സൂചനകളോടെ ചിത്രീകരിക്കുന്നത്. മുന്‍പും പറഞ്ഞിട്ടുണ്ട് കേരളത്തിലെ ഏറ്റവും വലിയ മുസ്ലീം വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനം സിപിഎം ആണ്. ടിപി ചന്ദ്രശേഖരനെ വെട്ടി കൊന്നിട്ട് മാഷ അള്ളാ സ്റ്റിക്കര്‍ പതിച്ചു ആ മതത്തെ പൊതുവിചാരണക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചത് തൊട്ട് എത്ര ഉദാഹരണങ്ങള്‍ വേണം.

ഇന്നത്തെ അന്‍വറിന്റെ വിധിയാണ് നാളെ തങ്ങള്‍ക്കും എന്നുള്ള ഉത്തമമായ ബോധ്യം കെടി ജലീലിനും കാരാട്ട് റസാക്കിനും ഒക്കെ ഉള്ളത് കൊണ്ട് തന്നെയാണ് അവര്‍ അന്‍വറിനെ തള്ളി പറയാത്തത്.

അന്‍വറിനെ പോരിന് കളത്തില്‍ ഇറക്കിയ ശ്രീ എം വി ഗോവിന്ദന്‍ വരെ കൈ വിട്ടിട്ടും അവര്‍ ചേര്‍ത്ത് പിടിക്കുന്നത് ഈ ഇസ്ലാമോഫോബിയ അവര്‍ക്ക് അറിയുന്നത് കൊണ്ടാണ്....

'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' ഒക്കെ ഒരു മണ്ഡലം ജയിക്കാന്‍ മാത്രം ഒരു ശൈലജയുടെ തലയില്‍ മാത്രം ഉദിച്ച ബുദ്ധി അല്ല. അത് ആ പാര്‍ട്ടി, അവര്‍ പ്രത്യയ ശാസ്ത്രം കണക്കെ തലയില്‍ പേറുന്ന ഇസ്ലാം വിരുദ്ധതയാണ്. ആര്‍എസ്എസിന് കേരളത്തില്‍ ബിജെപിയേക്കാള്‍ പ്രയോജനകരമാകുന്നത് സിപഎം തന്നെയാണ്. വെളളം കോരുന്നവരും വിറക് വെട്ടുന്നവരും വാളെടുക്കുന്നവരുമായ അടിമകള്‍ ക്ഷമിക്കണം അണികള്‍ അത് തിരിച്ചറിയാന്‍ കാലമൊരുപാട് എടുക്കും.

നിങ്ങളെ പറ്റി സിപിഎംലെ ആര്‍എസ്എസ് നേതാക്കള്‍ മനസ്സില്‍ വിചാരിക്കുന്നത് 'ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടിയോളം പിന്നേം ചാടാന്‍ നോക്കിയാല്‍ ചാലിയാര്‍ പുഴയില്‍ '